തത്കാൽ എടുക്കണോ? ഇനി മുതൽ ആധാർ വേണം; നാളെ മുതൽ ട്രെയിൻ യാത്രക്ക് പുതുക്കിയ നിരക്ക്
text_fieldsന്യൂഡൽഹി: ചൊവ്വാഴ്ച പുലർച്ചെ മുതൽ ട്രെയിൻ യാത്രനിരക്ക് കൂടും. തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ഇനിമുതൽ ആധാർ വെരിഫിക്കേഷനും നിർബന്ധമാണ്.
ട്രെയിൻ യാത്രാനിരക്ക് വർധന ഇങ്ങനെ:
ദീർഘദൂര ട്രെയിനുകളിലെ സെക്കൻഡ് ക്ലാസിലാണ് വർധന. 2020ലാണ് ഒടുവിൽ ട്രെയിൻ യാത്രനിരക്ക് വർധിപ്പിച്ചത്. കിലോമീറ്ററിന് രണ്ടു പൈസ നിരക്കിലാണ് പരമാവധി വർധന. നോൺ എ.സി കോച്ചിൽ കിലോമീറ്ററൊന്നിന് ഒരു പൈസയും എ.സി ക്ലാസിൽ കിലോമീറ്ററൊന്നിന് രണ്ടു പൈസ വീതവും കൂടും. 500 കിലോ മീറ്റർവരെ സാധാരണ സെക്കൻഡ് ക്ലാസിൽ നിരക്ക് മാറില്ല. സബർബൻ ട്രെയിനുകളിലും നിരക്ക് വർധനയില്ല.
500 കിലോമീറ്ററിലധികമുള്ള സെക്കൻഡ് ക്ലാസ് യാത്രക്ക് കിലോമീറ്ററൊന്നിന് 0.5 പൈസ വീതം കൂടും. സീസൺ ടിക്കറ്റിൽ ചാർജ് വർധനയില്ല. റിസർവേഷൻ ചാർജിലും സൂപ്പർഫാസ്റ്റ് സർചാർജിലും മാറ്റങ്ങളില്ല.
ആധാർ വെരിഫിക്കേഷൻ വേണം
ഐ.ആർ.സി.ടി.സി വെബ്സൈറ്റോ ആപ്പോ വഴിയുള്ള തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ഇനിമുതൽ ആധാർ വെരിഫിക്കേഷൻ വേണം. ജൂലൈ 15 മുതൽ തത്കാലിന് ആധാറുമായി ബന്ധിപ്പിച്ച് മൊബൈലിൽ വരുന്ന ഒ.ടി.പി നിർബന്ധമാണ്.
ട്രെയിൻ പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് പുറത്തുവിടാനും റെയിൽവേ ആലോചിക്കുന്നു. ഇപ്പോഴിത് നാലു മണിക്കൂറാണ്. ഈ പദ്ധതിയുടെ പരീക്ഷണം നടക്കുകയാണ്. റിസർവേഷൻ കിട്ടിയില്ലെങ്കിൽ യാത്രക്കാർക്ക് മറ്റ് സാധ്യതകൾ ഉപയോഗപ്പെടുത്താൻ സമയം നേരത്തേയാക്കുന്നത് ഉപകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.