'എന്ത് മനോഹരമാണ് കേരളം, ഇവിടം വിട്ട് പോകാൻ തോന്നുന്നില്ല'; എഫ്-35 യുദ്ധവിമാനത്തെ പരസ്യമാക്കി കേരള ടൂറിസം
text_fieldsതിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനത്തെ പ്രമോഷനുവേണ്ടി ഫലപ്രദമായി ഉപയോഗിച്ചിരിക്കുകയാണ് കേരള ടൂറിസം. ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയിട്ട് രണ്ടാഴ്ചയിലേറെയായി.
കേരളടൂറിസത്തിന്‍റെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ഇതിന്‍റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. എന്ത് മനോഹരമാണ് കേരളം, ഇവിടെ വിട്ട് പോകാൻ തോന്നുന്നില്ല എന്ന വരികളോടെയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാറും നൽകിയിട്ടുണ്ട്. പോസ്റ്റർ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി രസകരമായ കമന്‍റുകളും ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചിട്ടുളളത്.
'നമുക്ക് ഇതിൽ ഒരു തട്ടുകട ഇട്ടാലോ. ഫൈറ്റേഴ്സ് തട്ടുകട എന്ന് പേരും കൊടുക്കാം', 'ഇനീപ്പോ അടുത്ത ഓണം കൂടീട്ട് പോവാം', 'ഒന്നും നടന്നില്ലെങ്കിൽ കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ഒന്ന് കാണിച്ചു നോക്കായിരുന്നു', എന്നിങ്ങനെ രസകരാമായ കമന്‍റുകളും 'ഇപ്പോഴത്തെ പിള്ളാരെ ഓരോരോ മാർക്കറ്റിംഗ് തന്ത്രങ്ങളെ' എന്നിങ്ങനെ മാർക്കറ്റിങ് സ്ട്രാറ്റജിയെ പ്രശംസിക്കുന്ന നികരവധി കമന്‍റുകളാലും സജീവമാണ് കമന്‍റ്ബോക്സ്.
യുദ്ധക്കപ്പലില്‍നിന്ന് പരിശീലനത്തിനായി പറന്നുയര്‍ന്ന ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ് 35 ബി വിമാനമാണ് അടിയന്തരമായി ജൂൺ 15ന് തിരുവനന്തപുരം വിമാനതാവളത്തിൽ ഇറക്കിയത്. കപ്പലില്നിന്നുതന്നെ സാങ്കേതിക വിദഗ്ധരെ എത്തിച്ച് കേടുപാട് തീര്‍ത്ത് പെട്ടന്ന് മടങ്ങാനായിരുന്നു തീരുമാനമെങ്കിലും മടക്കയാത്ര വീണ്ടും വൈകുകയായിരുന്നു.
എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം ഈയാഴ്ചതന്നെ തിരുവനന്തപുരത്തെത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത് .40 അംഗ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. എഫ്-35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകും.
ഹാങ്ങറിലെത്തിച്ച് തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ സൈനിക ചരക്കുവിമാനമായ ഗ്ലോബല്‍ മാസ്റ്ററില്‍ തിരികെക്കൊണ്ടുപോകാനും നീക്കമുണ്ട്. വിമാനത്തിന്റെ രണ്ടു ചിറകുകളും അഴിച്ചുമാറ്റിയ ശേഷമാകും കൊണ്ടുപോകുക. ജൂലായ് 15നകം വിമാനം ഇവിടെനിന്നു കൊണ്ടുപോകുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.