നിലമ്പൂർ പരാജയപ്പെടുത്തിയത് എന്ത്?

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മിന്നും വിജയം നേടിയിരിക്കുന്നു. എന്താണ് നിലമ്പൂരിലെ വിജയത്തിന് പിന്നിൽ? പി.വി. അൻവറിന്‍റെ സ്വാധീനം എന്തായിരുന്നു? എൽ.ഡി.എഫിന് ഇൗ തെരഞ്ഞെടുപ്പ് എന്ത് പാഠങ്ങളാണ് നൽകുന്നത്? –മുതിർന്ന മാധ്യമപ്രവർത്തകന്റെ നിരീക്ഷണവും വിശകലനവും. ഒരിക്കൽകൂടി നിലമ്പൂരിൽ പാർട്ടി ചിഹ്നം ഉപയോഗിച്ച് സി.പി.എം നടത്തിയ ‘രാഷ്ട്രീയ പോരാട്ട’ പരീക്ഷണം പരാജയമായി. ഇടതു മുന്നണിയുടെ പരാജയത്തിനും ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനും മാനങ്ങളേറെയാണ്. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ യു.ഡി.എഫ് നേതൃത്വം 10,000ത്തിനും 15,000ത്തിനും ഇടയിൽ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു പറഞ്ഞെങ്കിലും...
Your Subscription Supports Independent Journalism
View Plansനിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മിന്നും വിജയം നേടിയിരിക്കുന്നു. എന്താണ് നിലമ്പൂരിലെ വിജയത്തിന് പിന്നിൽ? പി.വി. അൻവറിന്‍റെ സ്വാധീനം എന്തായിരുന്നു? എൽ.ഡി.എഫിന് ഇൗ തെരഞ്ഞെടുപ്പ് എന്ത് പാഠങ്ങളാണ് നൽകുന്നത്? –മുതിർന്ന മാധ്യമപ്രവർത്തകന്റെ നിരീക്ഷണവും വിശകലനവും.
ഒരിക്കൽകൂടി നിലമ്പൂരിൽ പാർട്ടി ചിഹ്നം ഉപയോഗിച്ച് സി.പി.എം നടത്തിയ ‘രാഷ്ട്രീയ പോരാട്ട’ പരീക്ഷണം പരാജയമായി. ഇടതു മുന്നണിയുടെ പരാജയത്തിനും ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനും മാനങ്ങളേറെയാണ്. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ യു.ഡി.എഫ് നേതൃത്വം 10,000ത്തിനും 15,000ത്തിനും ഇടയിൽ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു പറഞ്ഞെങ്കിലും ഇടതു സ്ഥാനാർഥിയും നേതൃത്വവും വിജയപ്രതീക്ഷ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. അതുതന്നെയാണ് വോട്ടെടുപ്പിൽ പ്രകടമായതും. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് ഇടതു നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും ആ വികാരം കോൺഗ്രസ് സ്ഥാനാർഥി ഷൗക്കത്തിനും സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിനുമായി വീതിക്കപ്പെട്ടെന്നാണ് വോട്ടെടുപ്പു കണക്കുകൾ വ്യക്തമാക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞാൽ ആര്യാടൻ ഷൗക്കത്ത് സിനിമക്ക് കഥയെഴുതാനും ഇടതു സ്ഥാനാർഥി എം. സ്വരാജ് സി.പി.എം സെക്രട്ടേറിയറ്റിലേക്കും താൻ 75,000 വോട്ടുമായി നിയമസഭയിലേക്കും പോകുമെന്ന് വീമ്പു പറഞ്ഞ പി.വി. അൻവർ 19,760 വോട്ടു പിടിച്ച് മൂന്ന് മുന്നണികളെയും ഞെട്ടിച്ചു. മൂന്നാം മുന്നണി ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജിനെ കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തി നാലാം സ്ഥാനത്തേക്ക് തള്ളിയതും അൻവറാണ്. കേരള രാഷ്ട്രീയത്തിൽ അൻവർ ചർച്ച തുടരുമെന്നു തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
പിണറായി സർക്കാറിന്‍റെ മൂന്നാമൂഴത്തിലേക്കുള്ള ചൂണ്ടുപലകയാവും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്നാണ് ഇടതു മുന്നണി അവകാശപ്പെട്ടിരുന്നത്. അതിന് തടയിടാനാണ് അഭിപ്രായ വ്യത്യാസങ്ങൾ അട്ടത്തുവെച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായി കച്ചകെട്ടിയിറങ്ങിയതും. അത് ഫലം കാണുകയും ചെയ്തു. ഭരണമില്ലാതെ ഇനിയൊരഞ്ചു വർഷംകൂടി പിടിച്ചുനിൽക്കാനാവില്ലെന്ന തിരിച്ചറിവാണ് യു.ഡി.എഫിനെ വിജയപീഠത്തിലെത്തിച്ചതെന്നു പറയുന്നതാവും കൂടുതൽ ശരി. മാത്രമല്ല, പാർട്ടികളും മുന്നണികളും നടത്തുന്ന അവകാശവാദങ്ങളും നുണപ്രചാരണങ്ങളുമല്ല, നിത്യജീവിതത്തിലെ തങ്ങളുടെ ബോധ്യമാണ് വോട്ടാക്കി പെട്ടികളിൽ നിക്ഷേപിച്ചത് എന്ന് തെളിയിക്കാൻ നിലമ്പൂരിലെ വോട്ടർമാർക്കായി എന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ വിജയം എന്നതിലുപരി ഭരണമുന്നണിയുടെ പരാജയമാണ് വിലയിരുത്തപ്പെടേണ്ടത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയടക്കം സർക്കാർ മെഷിനറിയും പാർട്ടി മെഷിനറിയും നിലമ്പൂരിൽ നാളുകൾ ക്യാമ്പു ചെയ്ത് തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടും പരാജയപ്പെട്ടത് എന്തുകൊണ്ടെന്ന് സി.പി.എമ്മിനും ഇടതു മുന്നണിക്കും ആഴത്തിൽ വിലയിരുത്തേണ്ടതായിട്ടു വരും. ഒമ്പതു വർഷത്തെ ഭരണനേട്ടങ്ങൾ കക്ഷത്തുവെച്ച് ബി.ജെ.പിയെപ്പോലും പിറകിലാക്കുന്ന രീതിയിൽ വർഗീയതയിലൂന്നിയുള്ള പ്രചാരണങ്ങളാണ് വോട്ടെടുപ്പിന്റെ അവസാന ഘട്ടം വരെ സി.പി.എമ്മും മുന്നണിയും നടത്തിയതെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പകൽപോലെ വ്യക്തമായി. അത്തരം പ്രചാരണങ്ങളോട് എങ്ങനെയായിരിക്കും കേരളമനസ്സ് പ്രതികരിക്കുക എന്നതിനുള്ള മുന്നറിയിപ്പു കൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിനും മുന്നണിക്കും നൽകുന്നത്.
മൂന്നാമതും കോൺഗ്രസ്
നിലമ്പൂരിൽ നടന്ന മൂന്നാമത് ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയം കൊയ്തിരിക്കുകയാണ്. നിലമ്പൂരിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിപുരുഷനായിരുന്ന കുഞ്ഞാലി കൊല്ലപ്പെട്ട ശേഷം ’69ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും സി.പി.എം മുന്നണിയോടൊപ്പംനിന്ന് കോൺഗ്രസ്-യു മത്സരിച്ച ’80ലെ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർഥികൾക്കായിരുന്നു ജയം. കുഞ്ഞാലിക്കു ശേഷം പാർട്ടി സ്ഥാനാർഥിയെ സ്വന്തം ചിഹ്നത്തിൽ മത്സരിപ്പിച്ച് നിയമസഭയിലെത്തിക്കാൻ സി.പി.എമ്മിനാവുന്നില്ലെന്നാണ് ആറു പതിറ്റാണ്ട് പൂർത്തിയാക്കുന്ന നിലമ്പൂർ മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പു ചിത്രം തെളിയിക്കുന്നത്. അതുകൊണ്ടു തന്നെ നിലമ്പൂരിൽ തുടർന്നും ‘സ്വതന്ത്ര’ പരീക്ഷണവുമായി മുന്നോട്ടുപോകാൻ സി.പി.എമ്മിനെ നിർബന്ധിക്കുന്നതായിരിക്കും ഈ ഉപതെരഞ്ഞെടുപ്പു ഫലം.
’82ൽ കോൺഗ്രസ് -ഐയിലെ ഡി.സി.സി പ്രസിഡന്‍റ് ടി.കെ. ഹംസയെ അടർത്തിയെടുത്തായിരുന്നു സി.പി.എമ്മിന്‍റെ സ്വതന്ത്ര പരീക്ഷണം. അത് വിജയം കണ്ടു. തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ (1987) പാർട്ടി സ്ഥാനാർഥിയെ പരീക്ഷിച്ചു, കര തൊട്ടില്ല. തുടർന്നുവന്ന മൂന്ന് പൊതുതെരഞ്ഞെടുപ്പുകളിലും സ്വതന്ത്രനെ പരീക്ഷിച്ചിട്ടും ആര്യാടൻ മുഹമ്മദിനെ തോൽപിക്കാനായില്ല. 2006ൽ വീണ്ടും പാർട്ടി ചിഹ്നം പരീക്ഷിച്ചു നോക്കിയെങ്കിലും നിലമ്പൂരിലെ വോട്ടർമാർ വർധിതവീര്യത്തോടെ തിരസ്കരിച്ചു. പിന്നീട് സ്വതന്ത്ര പരീക്ഷണം വിജയിപ്പിക്കാനായത് കോൺഗ്രസിൽനിന്നുള്ള പി.വി. അൻവറിനെ കിട്ടിയതോടെയാണ്. അൻവറിലൂടെ രണ്ടുതവണ മണ്ഡലത്തെ കൂടെ നിർത്താനായി. അൻവർ സർക്കാറിനും മുന്നണിക്കും വെല്ലുവിളി ഉയർത്തി പുറത്തുപോയതോടെയാണ് ഉപതെരഞ്ഞെടുപ്പു വന്നത്. പാർട്ടി സ്ഥാനാർഥിക്ക് ജയിച്ചുകയറുക എളുപ്പമല്ലെന്ന് മനസ്സിലാക്കിത്തന്നെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയമടുക്കും വരെ സ്വതന്ത്ര സ്ഥാനാർഥികൾക്കായി വലയെറിഞ്ഞു നോക്കിയത്. ഇടതു മുന്നണിയിലെ ഈ അനിശ്ചിതത്വത്തിനിടയിലാണ് കോൺഗ്രസിലെ രാഹുൽ മാങ്കൂട്ടത്തിൽ, എം. സ്വരാജിനെ മത്സരിപ്പിക്കാൻ വെല്ലുവിളി നടത്തിയത്. വെല്ലുവിളി സ്വീകരിച്ചുകൊണ്ടല്ല, നെടുപ്പമുള്ള മീനുകളൊന്നും വലയിൽ കയറാതിരുന്ന സാഹചര്യത്തിലാണ് പാർട്ടിയിലെയും മണ്ഡലത്തിലെയും കരുത്തനായ സെക്രട്ടേറിയറ്റംഗത്തെ തന്നെ, അദ്ദേഹത്തിന് താൽപര്യമില്ലാതിരുന്നിട്ടു കൂടി മത്സരിപ്പിക്കാൻ സി.പി.എം നിർബന്ധിതമായത്.

യു.ഡി.എഫിന്റേത് കൂട്ടായ്മയുടെ വിജയം
തർക്കങ്ങൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും അവധി കൊടുത്ത് കൂട്ടിപ്പിടിച്ചാൽ കരുത്തു കാട്ടാനാവുമെന്ന പാഠമാണ് ഉപ തെരഞ്ഞെടുപ്പു ഫലം യു.ഡി.എഫിനു നൽകുന്നത്. ഇടതു മുന്നണിയെ അപേക്ഷിച്ച് സ്ഥാനാർഥിയെ നേരത്തേ തീരുമാനിക്കാനായെങ്കിലും വലിയ പ്രതിസന്ധികൾക്ക് നടുവിലാണ് കോൺഗ്രസും യു.ഡി.എഫും ഉപ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങുന്നത്. അൻവറിനെ യു.ഡി.എഫിൽ എടുക്കുന്നത് സംബന്ധിച്ച് മുന്നണിയിലും കോൺഗ്രസിലുമുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ, ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ അൻവറിന്‍റെ ഭാഗത്തുനിന്നുള്ള സമ്മർദത്തിന് മലപ്പുറം ജില്ല കോൺഗ്രസ് നേതൃത്വത്തിൽനിന്നു തന്നെ ഉണ്ടായ പിന്തുണ, അൻവറിനു മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടും മുന്നണി ഘടകകക്ഷികളും കോൺഗ്രസ് നേതാക്കൾതന്നെയും അൻവറുമായി ആശയവിനിമയം നടത്തിയത്, ആര്യാടൻ മുഹമ്മദിനോടും അദ്ദേഹത്തിന്‍റെ മകനും സ്ഥാനാർഥിയുമായ ഷൗക്കത്തിനോടും ഘടക കക്ഷിയായ മുസ്ലിം ലീഗിനുള്ള വിരോധം തുടങ്ങിയ പ്രശ്നങ്ങൾ കോൺഗ്രസിനും മുന്നണിക്കും കടുത്ത തലവേദന സൃഷ്ടിച്ചിരുന്നു. ഇതെല്ലാം താൽക്കാലികമായെങ്കിലും പരിഹരിക്കാനായതാണ് മുന്നണിയെ വിജയത്തിലേക്കെത്തിച്ചത്.
മുന്നണിക്കെന്നപോലെ മുസ്ലിം ലീഗിനും നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമായിരുന്നു. നിലമ്പൂരിൽ ജയിച്ചില്ലെങ്കിൽ അടുത്ത ഭരണവും മുന്നണിക്കില്ലെന്ന മുന്നറിയിപ്പ് പാണക്കാട് കുടുംബത്തിൽനിന്നുതന്നെ നിലമ്പൂരിലെ പാർട്ടിക്കാരിലേക്ക് പോയതോടെ അവർ കോൺഗ്രസുമായി കൈകോർത്ത് രംഗത്തിറങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ കോൺഗ്രസിലെയും ലീഗിലെയും യുവനേതൃത്വം നിലമ്പൂരിലെ വോട്ടുത്സവത്തിൽ കളംനിറഞ്ഞാടിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ആക്കംകൂട്ടുക തന്നെ ചെയ്തു. മണ്ഡലം വൻ ഭൂരിപക്ഷത്തിൽ അവർക്ക് തിരിച്ചുപിടിക്കാനുമായി.
വോട്ടുചോർച്ച മൂന്ന് മുന്നണികളിലും
അൻവറിനു മുന്നിൽ യു.ഡി.എഫിന്‍റെ വാതിൽ കൊട്ടിയടച്ചതോടെ മത്സരിക്കാൻ നിർബന്ധിതനായി തൃണമൂൽ കോൺഗ്രസ് നേതാവ് അൻവർ ഗോദയിലിറങ്ങിയത് ഇരു മുന്നണികളിലും അങ്കലാപ്പുയർത്തിയിരുന്നു. തങ്ങൾ സേഫ് സോണിലാണെന്നും അൻവർ പിടിക്കുക യു.ഡി.എഫിന്‍റെ വോട്ടായിരിക്കുമെന്നും കണക്കുകൂട്ടിയ സി.പി.എമ്മിന് പിഴച്ചു എന്നുതന്നെ പറയാം. തെരഞ്ഞെടുപ്പ് അവലോകനത്തിൽ ‘തങ്ങളുടെ കുറച്ചു വോട്ടും അൻവർ പിടിച്ചിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്നും’ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മതിക്കുകയുംചെയ്തിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് മേൽക്കൈ ഉണ്ടായിരുന്ന എം. സ്വരാജിന്‍റെ പഞ്ചായത്തായ പോത്തുകല്ലിലും അമരമ്പലത്തും നിലമ്പൂർ നഗരസഭയിലും സ്വരാജ് പിറകിൽ പോയി. മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിൽ ചെറുതോതിലെങ്കിലും ഇടതു മുന്നണിക്ക് മേൽക്കൈ നേടാനായത് കരുളായി പഞ്ചായത്തിൽ മാത്രമാണ്. യു.ഡി.എഫിന് മുൻതൂക്കമുണ്ടെങ്കിലും ഇടതു മുന്നണി ഭരിക്കുന്ന നിലമ്പൂർ നഗരസഭയിൽ 4000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഉപ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുള്ളത്.
ആര്യാടൻ മുഹമ്മദിനോടില്ലാത്ത വിരോധം മകൻ ഷൗക്കത്തിനോട് മണ്ഡലത്തിലെ നല്ലൊരു വിഭാഗം കോൺഗ്രസുകാർക്കുണ്ട്. അവർതന്നെയാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷൗക്കത്തിനെ തോൽപിച്ചതും. ഇത്തവണ അക്കൂട്ടർ ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കാൻ കൊണ്ടുപിടിച്ചു ശ്രമിച്ചെങ്കിലും ഷൗക്കത്ത് മറുകണ്ടം ചാടുമെന്ന അഭ്യൂഹമുയർന്ന പശ്ചാത്തലത്തിൽ സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന് വഴങ്ങുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു ഫലം പരിശോധിച്ചാൽ വഴിക്കടവ്, എടക്കര, മൂത്തേടം പഞ്ചായത്തുകളിലെ കോൺഗ്രസ് വോട്ടിൽ ചോർച്ചയുണ്ടായിട്ടുണ്ടെന്നുതന്നെയാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. 2021ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വഴിക്കടവിൽ 13,538ഉം എടക്കരയിൽ 7885ഉം മൂത്തേടത്ത് 8654ഉം വോട്ടുകൾ ലഭിച്ചിടത്ത് ഉപ തെരഞ്ഞെടുപ്പിൽ യഥാക്രമം 12,255, 7739, 7986 വോട്ടുകളാണ്. എന്നാൽ, മണ്ഡലത്തിലെ മുസ്ലിം ലീഗ് വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടില്ലെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. അതേസമയം, മൊത്തം വോട്ടിൽ 2021നെ അപേക്ഷിച്ച് യു.ഡി.എഫിന് 2025ൽ (78,527 -77,737) 790 വോട്ടിന്‍റെ കുറവുണ്ടായിട്ടുണ്ട്.
ആദ്യം മത്സരിക്കാൻ താൽപര്യം കാണിക്കാതിരുന്ന ബി.ജെ.പി അവസാന ഘട്ടത്തിലാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽനിന്ന് അടർത്തിയെടുത്ത അഡ്വ. മോഹൻ ജോർജുമായി രംഗത്തെത്തിയത്. മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകൾ പരമാവധി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ പാർട്ടിയെടുത്ത തീരുമാനം പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്ന വിലയിരുത്തലാണ് എൻ.ഡി.എ മുന്നണിക്കുള്ളത്. ഈഴവ വോട്ടുകൾ ഇടതു സ്ഥാനാർഥിക്കാണ് പോവുകയെന്ന് വോട്ടെടുപ്പിനു മുമ്പുതന്നെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സൂചിപ്പിച്ചിരുന്നു. വോട്ടെടുപ്പിനുശേഷം അദ്ദേഹമത് സ്ഥിരീകരിക്കുകയുംചെയ്തു. 2021ൽ ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചത് 8595 വോട്ടാണ്. ഇത്തവണ ലഭിച്ചത് 8648 വോട്ടും. 53 വോട്ടിന്‍റെ വർധന. കഴിഞ്ഞ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടനുസരിച്ച് മണ്ഡലത്തിൽ 12,000ത്തിലധികം വോട്ട് തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്നിടത്താണ് ഉപ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മോശമായ പ്രകടനം. എസ്.ഡി.പി.ഐയുടെ വോട്ടിലും ഇത്തവണ കുറവ് സംഭവിച്ചിട്ടുണ്ട്. 2011ൽ അവർക്ക് ലഭിച്ചത് 3281 വോട്ടാണെങ്കിൽ ഇത്തവണ മത്സരിച്ച സാദിഖ് നടുത്തൊടി നേടിയത് 2075 വോട്ടാണ്. കുറഞ്ഞ വോട്ട് ഏതു സ്ഥാനാർഥിക്കാണ് പോയതെന്ന് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതായിട്ടാണുള്ളത്.

ആര്യാടൻ മുഹമ്മദ്,ടി.കെ. ഹംസ,വി.ഡി. സതീശൻ,എം.വി. ഗോവിന്ദൻ,പി.വി. അൻവർ,വി.എസ്. ജോയ്,വെള്ളാപ്പള്ളി നടേശൻ
അൻവറും യു.ഡി.എഫും
തെരഞ്ഞെടുപ്പിൽ മുഖ്യഘടകങ്ങളിലൊന്ന് പുത്തൻവീട്ടിൽ അൻവർതന്നെയായിരുന്നു. അന്‍വറിന് കേരള രാഷ്ട്രീയത്തിൽ തന്‍റെ സ്ഥാനം നിർണയിക്കാനുള്ള അവസരംകൂടിയായി ഈ തെരഞ്ഞെടുപ്പ്. അൻവർ കുറച്ചുകാലം കൂടി രാഷ്ട്രീയ കേരളത്തിലൊരു വിഷയമായി തുടരുമെന്നുവേണം കരുതാൻ. അൻവർ തന്‍റെ അടുത്ത ഗോദയും ഉന്നവും തീരുമാനിച്ചുകഴിഞ്ഞു. പിണറായിസം വിട്ട് ‘മരുമോനിസ’ത്തിനെതിരെ ബേപ്പൂരിൽ പോരാടുമെന്നാണ് അൻവറിന്‍റെ പ്രഖ്യാപനം. അതോടൊപ്പം അൻവറിനെ യു.ഡി.എഫിലെടുക്കണമെന്ന ആവശ്യം വീണ്ടും ഉയർന്നുവരുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെയും മുൻ പ്രസിഡന്‍റ് സുധാകരന്‍റെയും പ്രതികരണങ്ങൾ ഇതിനകം വന്നുകഴിഞ്ഞു. വി.ഡി. സതീശനുമായുള്ള നിലപാട് അൻവർ മയപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, അൻവറിന്‍റെ താൽപര്യങ്ങളുമായി യു.ഡി.എഫ് നേതൃത്വത്തിന് എങ്ങനെ മുന്നോട്ടുപോകാൻ കഴിയുമെന്ന് രാഷ്ട്രീയ കേരളം കണ്ടറിയാനിരിക്കുന്നതേയുള്ളൂ.
ഭരണവിരുദ്ധ വികാരവും വർഗീയ പ്രചാരണവും
തെരഞ്ഞെടുപ്പ് ഫലത്തെ അവലോകനംചെയ്തുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞത്, ഇടതുപക്ഷത്തിന് രാഷ്ട്രീയമായി ജയിക്കാൻ കഴിയുന്ന മണ്ഡലങ്ങളുടെ പട്ടികയിലല്ല നിലമ്പൂരെന്നും വർഗീയശക്തികളുടെ പിൻബലത്തോടെയാണ് യു.ഡി.എഫ് സ്ഥാനാർഥി ജയിച്ചതെന്നുമാണ്. യു.ഡി.എഫിന് 2021ൽ ലഭിച്ചതിനേക്കാൾ 1470 വോട്ട് ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും എന്നാൽ, തങ്ങളുടെ വോട്ട് 2011ൽ പാർട്ടി സ്ഥാനാർഥിക്ക് ലഭിച്ചതിനേക്കാൾ വർധിക്കുകയാണ് ചെയ്തതെന്നുമായിരുന്നു തുടർന്നുള്ള വിശദീകരണം. 2021ൽ അൻവറിന് ലഭിച്ചതിനേക്കാൾ 14,500 വോട്ട് ഇത്തവണ ഇടതു മുന്നണി സ്ഥാനാർഥിക്ക് കുറവാണല്ലോ എന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ആ വോട്ട് അൻവർ എന്ന സ്വതന്ത്ര സ്ഥാനാർഥിക്ക് കിട്ടിയ വോട്ടാണെന്നായിരുന്നു മറുപടി.
അൻവറിന് ഞങ്ങളുടെ കുറച്ച് വോട്ടും ലഭിച്ചിട്ടുണ്ട്. എന്നാലും പാർട്ടി അടിത്തറ ശക്തമാണ്. യു.ഡി.എഫിന് ലഭിച്ച വോട്ട് വർഗീയ, തീവ്രവാദ ശക്തികളുമായി ചേർന്നു നടത്തിയ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്‍റെ ഭാഗമായി ലഭിച്ചതാണ്. ഭാവിയിൽ അതിന്‍റെ സാമൂഹിക പ്രത്യാഘാതമുണ്ടാവും. അത് ജനങ്ങൾ തിരിച്ചറിയണം. ഞങ്ങൾ രാഷ്ട്രീയ മത്സരമാണ് നടത്തിയത്. അതിനുള്ള വോട്ട് ഞങ്ങൾക്ക് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
ഭരണവിരുദ്ധ വികാരവും വർഗീയവിരുദ്ധ പ്രചാരണവും തമ്മിലുള്ള ഏറ്റുമുട്ടൽതന്നെയാണ് നിലമ്പൂരിൽ നടന്നതെന്നാണ് തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുേമ്പാൾ തെളിഞ്ഞുവരുന്ന വസ്തുത. ആര്യാടൻ ഷൗക്കത്തിന് ലഭിച്ച അധിക വോട്ടും (11,077) സ്വതന്ത്ര സ്ഥാനാർഥി അൻവർ പിടിച്ച 19,760 വോട്ടും തന്നെയാണ് അതിന് അടിസ്ഥാനം. യു.ഡി.എഫ് ഉയർത്തിയത് പിണറായി സർക്കാറിന്‍റെ അഴിമതിയും ഭരണവൈകല്യങ്ങളും അൻവർ ഉന്നയിച്ചത്, പിണറായിക്കും കുടുംബത്തിനും ആഭ്യന്തരം, റവന്യൂ, വനം വകുപ്പുകൾക്കുമെതിരായ ആരോപണങ്ങളുമായിരുന്നു. മറിച്ച് ഇടതുപക്ഷം മുന്നണി സർക്കാറിന്‍റെ ഒമ്പതു വർഷത്തെ ഭരണനേട്ടങ്ങളിലൂന്നി പ്രചാരണം ആരംഭിച്ചെങ്കിലും അത് പതിയെ വർഗീയതക്കെതിരായ പോരാട്ടമാണ് തങ്ങളുടേതെന്ന ഒറ്റ അജണ്ടയിലേക്ക് മാറ്റുകയുമാണുണ്ടായത്.
വർഗീയത തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണ വിഷയമാക്കുമെന്ന സൂചന തെരഞ്ഞെടുപ്പൊരുക്കത്തിന്‍റെ തുടക്കത്തിലേ ഉണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിൽ നാലിന് നിലമ്പൂർ മണ്ഡലത്തിലെ ചുങ്കത്തറയിൽ നടന്ന ശ്രീനാരായണ കൺവെൻഷനിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും ഇവിടെ ഈഴവർക്ക് ശ്വാസം മുട്ടുകയാണെന്നും പറഞ്ഞിരുന്നു.
ഏപ്രിൽ 11ന് ചേർത്തലയിൽ നടന്ന എസ്.എൻ.ഡി.പി പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, വെള്ളാപ്പള്ളി മലപ്പുറത്തെ കുറിച്ച് പറഞ്ഞതിനെ ന്യായീകരിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് നടത്തിയത്. പിന്നീട് വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ, മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന ആരോപണവുമായി മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും രംഗത്തുവന്നു. മുന്നണിയുടെ പ്രധാന പ്രചാരണ വിഷയവും അതായി. പ്രചാരണങ്ങളിലൊന്നും വെൽഫെയർ പാർട്ടിയുടെ പേരുപറയാതെ പകരം ജമാഅത്തെ ഇസ്ലാമിയെന്നു പറയാൻ മുന്നണി നേതാക്കൾ പ്രത്യേകം ശ്രദ്ധിക്കുകയുംചെയ്തു. പി.ഡി.പി ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ, അവർ പീഡിപ്പിക്കപ്പെട്ടവരുടെ പാർട്ടിയാണെന്നായിരുന്നു പാർട്ടി സെക്രട്ടറിയുടെ മറുപടി.
പ്രചാരണങ്ങളുടെ ഉന്നം ഹിന്ദു, ക്രിസ്ത്യൻ വോട്ടുകളുടെ സമാഹരണമാണെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ പ്രചാരണത്തിന്‍റെ അവസാനം വരെ വർഗീയ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് ഇടതു മുന്നണി നേതൃത്വം പിറകോട്ടുപോയതുമില്ല. ഇതിനിടയിൽ ഹിന്ദു മഹാസഭ നേതാവ് നിലമ്പൂരിൽ വന്ന് ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ അങ്ങനെയൊരു സംഘടനയെ കുറിച്ചറിയില്ലെന്നായിരുന്നു പാർട്ടി സെക്രട്ടറിയുടെ പ്രതികരണം. തുടർന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഹിന്ദു മഹാസഭ നേതാവുമായി സംസാരിക്കുന്ന ഫോട്ടോകൾ പുറത്തുവന്നു. ഇതിന്‍റെ തുടർച്ചയായാണ് ആർ.എസ്.എസുമായി ചേർന്ന് സി.പി.എം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുകൾ പുറത്തു വന്നത്.
വോട്ടെടുപ്പിന് തൊട്ടുമുമ്പത്തെ ദിവസം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ‘മാതൃഭൂമി’ ചാനലിന് നൽകിയ അഭിമുഖത്തിൽ, തങ്ങൾ ആർ.എസ്.എസുമായി കൂട്ടുകൂടിയിട്ടുണ്ടെന്ന് അർഥശങ്കക്കിടയില്ലാത്ത വിധം സമ്മതിക്കുകയുംചെയ്തു. ഈ പശ്ചാത്തലത്തിലൊക്കെയാണ് വോട്ടെണ്ണലിന് തലേന്ന് വെള്ളാപ്പള്ളി നടേശൻ ചേർത്തലയിൽ പറഞ്ഞത്, മലപ്പുറത്തും നിലമ്പൂരിലും ഹിന്ദു, മുസ്ലിം കൺസോളിഡേഷൻ ഉണ്ടായിട്ടുണ്ടെന്നും നിലമ്പൂരിൽ ഇടതു സ്ഥാനാർഥി ഹിന്ദുവായതിനാൽ ഹിന്ദു വോട്ടുകൾ ഇടതു മുന്നണിക്ക് ലഭിക്കുമെന്നും. നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ ഹിന്ദു, മുസ്ലിം വികാരമുണ്ടായെന്നും ഹിന്ദുക്കളിൽ നല്ലൊരു ഭാഗം ഇടതു സ്ഥാനാർഥിക്ക് വോട്ട് ചെയ്തെന്നും ഫലം പുറത്തുവന്ന ദിവസം വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് സ്ഥിരീകരിക്കുകയുംചെയ്തു. വെള്ളാപ്പള്ളി പറയുന്ന ഹിന്ദു വോട്ടുകൾ ഏതാണെന്ന് വ്യക്തം.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്‍റെ വിജയം ആഘോഷിക്കുന്നവർ
മത്സരത്തെക്കുറിച്ചൊരു മറുചിന്ത
ഇനി കൗതുകകരമായ ഒരു കാര്യത്തെക്കുറിച്ചു കൂടി ചിന്തിക്കാം: നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകൾ നടക്കുന്ന സമയത്തെ കാര്യങ്ങൾ ഒന്നുകൂടി വിലയിരുത്തുന്നത് കൗതുകകരമായിരിക്കും. പിണറായിസത്തോട് പടപൊരുതി ഇടതു മുന്നണിപ്പടി ഇറങ്ങിയ അൻവറിനെ യു.ഡി.എഫിൽ എടുക്കുകയും അദ്ദേഹം നിർദേശിച്ച, മലപ്പുറത്തെ ചില പ്രമുഖ കോൺഗ്രസ് നേതാക്കൾകൂടി ആഗ്രഹിച്ച ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കുകയും ചെയ്തിരുന്നെങ്കിൽ യു.ഡി.എഫിന്‍റെ ഭൂരിപക്ഷം 30,000 വോട്ടിനും 40,000ത്തിനും ഇടയിലാവുമായിരുന്നില്ലേ?
അപ്പോൾ, ബാപ്പാന്‍റെ സീറ്റ് വിട്ടുകൊടുക്കില്ലെന്നു വാശിപിടിച്ച് ആര്യാടൻ ഷൗക്കത്ത് മറുകണ്ടം ചാടിയാൽ ഇടതു മുന്നണിക്കാവില്ലേ വിജയം? ഇടക്കാല തെരഞ്ഞെടുപ്പിൽ ജോയിയെ മത്സരിപ്പിക്കുകയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന് നിലമ്പൂർ സീറ്റ് ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നെങ്കിലോ? ഏതായാലും സംഭവിക്കേണ്ടത് സംഭവിച്ചു. ഉപ തെരഞ്ഞെടുപ്പു ഫലം വി.ഡി. സതീശനും കെ. സുധാകരനും പിണറായി വിജയനും എം.വി. ഗോവിന്ദനും പി.വി. അൻവറിനും രാജീവ് ചന്ദ്രശേഖരനും വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ധന’മാക്കിയാൽ അവർക്ക് നല്ലത്. അതല്ല, വർഗീയ കാർഡെന്ന ഒറ്റ ശീട്ടുമായാണ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നതെങ്കിൽ അതിന് ശക്തമായ മറുപടി നൽകുക കേരളത്തിലെ വോട്ടർമാരായിരിക്കും.