പാകിസ്താനിൽ അണക്കെട്ടിന് സമീപം ലൈവിനിടെ മാധ്യമപ്രവർത്തകൻ ഒഴുക്കിൽപെട്ട് മരിച്ചു VIDEO
text_fieldsറാവൽപിണ്ടി: പാകിസ്താനിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം നാശം വിതയ്ക്കുന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഇതിനിടെ റാവൽപിണ്ടിയിൽ വെള്ളപ്പൊക്കം ലൈവായി റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകൻ ഒഴുക്കിൽപെട്ട് മരിച്ചു. ഇതിന്‍റെ ദൃശ്യങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ.
റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപമായിരുന്നു സംഭവം. കഴുത്തറ്റം വെള്ളത്തില്‍ കൈയില്‍ മൈക്രോഫോണുമായി നിന്നായിരുന്നു റിപ്പോര്‍ട്ടര്‍ ലൈവ് നൽകിക്കൊണ്ടിരുന്നത്. ഇതിനിടെ വെള്ളത്തിന്റെ ശക്തി വർധിക്കുകയായിരുന്നു. റിപ്പോർട്ടർ ആരാണെന്ന വിവരം ലഭ്യമായിട്ടില്ല.
A Pakistani reporter is swept away by strong currents during a live broadcast while covering the floods in neck-deep water.#Pakistan #Floods pic.twitter.com/0raCbYaoer
— Al Arabiya English (@AlArabiya_Eng) July 17, 2025
സംഭവം പാക് സമൂഹമാധ്യമങ്ങളിൽ പ്രത്യേകിച്ചും വിവിധ തരത്തിലുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ടി.ആർ.പിക്കായി ജീവൻ പണയപ്പെടുത്തിയെന്ന് ചിലർ കുറ്റപ്പെടുത്തി. അപകടകരമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ചിലർ പങ്കുവെച്ചു.
അതേസമയം, ജൂൺ 26 മുതൽ തുടർച്ചയായി പെയ്യുന്ന മഴ പാകിസ്താനിൽ വൻനാശനഷ്ടങ്ങൾക്കും ഒട്ടേറെ പേരുടെ മരണത്തിനും കാരണമായി. കുറഞ്ഞത് 116 പേർ മരിക്കുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത് - 44. ഖൈബർ പഖ്തുൻഖ്വയിൽ 37, സിന്ധിൽ 18, ബലൂചിസ്ഥാനിൽ 19 എന്നിങ്ങനെയാണ് മരണനിരക്ക്.
വെള്ളപ്പൊക്കം ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുണ്ട്. നൂറുകണക്കിന് വീടുകൾ നശിച്ചു, വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ സേവനങ്ങളും തടസ്സപ്പെട്ടു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്ന റാവൽപിണ്ടി ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.