യു.എ.ഇയിൽ ‘ലിസ്’ എന്ന പേര് ഇന്ന് സുപരിചിതമാണ്. പ്രത്യേകിച്ച് ഷാർജ എക്സ്പോ സെന്ററിലെ വാണിജ്യ, സാംസ്കാരിക പരിപാടികൾ ശ്രദ്ധിക്കുന്നവർക്ക്. കാരണം ഓരോ വർഷവും ആറോ ഏഴോ വാണിജ്യ മേളകളാണ് എക്സ്പോ സെന്ററിൽ ‘ലിസ് എക്സിബിഷൻ’ സംഘടിപ്പിക്കുന്നത്. മികച്ച ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ കുടുംബങ്ങൾക്ക് പർചേഴ്സ് ചെയ്യാനുള്ള അസുലഭാവസരമാണ് ഈ മേളകൾ. സ്വദേശികൾക്കിടയിലും പ്രവാസികൾക്കിടയിലും ജനകീയമായിക്കഴിഞ്ഞ ഈ മേളകളുടെ ഉപജ്ഞാതാവാണ് ജേക്കബ് വർഗീസ്.
അമ്മയോടുള്ള സ്നേഹത്തിൽ നിന്നാണ് ‘ലിസ്’ എന്ന പേര് അദ്ദേഹം സ്വീകരിക്കുന്നത്. എലിസബത്ത് എന്നതിന്റെ ചുരുക്കമാണ് ‘ലിസ്’. അമ്മയുടെ തന്നെ വലിയൊരു ആഗ്രഹമായിരുന്നു എക്സിബിഷനിൽ വരുന്നവർക്ക് വേണ്ടി നല്ല ഭക്ഷണം കുറഞ്ഞ നിരക്കിൽ കൊടുക്കണമെന്നത്. എല്ലാവരും നല്ല ഭക്ഷണം അർഹിക്കുന്നുണ്ട് എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. 2019ൽ അമ്മ മരണത്തിന് കീഴടങ്ങി. പിന്നീട് കോവിഡിന്റെ കാലമായിരുന്നു. മഹാമാരിക്കാലത്തിന് ശേഷം മാതാവിന്റെ ആഗ്രഹം പോലെ മക്കൾ ഒരു റസ്റ്ററന്റിന് തുടക്കംകുറിച്ചു.
എലിസബത്ത് വർഗീസ്
അതിനും‘ലിസ്’ എന്നുപേരിട്ടു. അമ്മയുടെ പേരിൽ ഒരു സംരംഭം തുടങ്ങുമ്പോൾ അത് പൂർണമായും സത്യസന്ധമാകുമെന്നും, ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യത ലഭിക്കുമെന്നും ജേക്കബ് വർഗീസ് അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. മാതൃ സ്നേഹത്തിൽ നിന്ന് പ്രചോദിതമായ ഒരു സംരംഭത്തിന്റെ വിജയഗാഥയായി ‘ലിസ്’ മാറുന്നത് അങ്ങനെയാണ്.
ബോംബെയിലാണ് ജേക്കബ് ജനിച്ചുവളർന്നത്. അമ്മ കൊച്ചി സ്വദേശിനിയും അച്ഛൻ പുൽമൂട്ടിൽ വർക്കി വർഗീസ് തിരുവല്ല സ്വദേശിയുമായിരുന്നു. നാലു സഹോദരങ്ങളാണ്. ഒരു സഹോദരിയും ജേഷ്ടനും ഇരട്ട സഹോദരും അടങ്ങുന്നതാണ് കുടുംബം. എല്ലാവരും നല്ല വിദ്യാസമ്പന്നരായിരുന്നു. ജേക്കബ് ബംഗളൂരിലാണ് കോളേജ് പഠനം പൂർത്തിയാക്കുന്നത്. എൻജിനീയറിങിൽ പോസ്റ്റ് ഗ്രാജുവേഷൻ നേടി. കാലത്തിനപ്പുറം ചിന്തിച്ച വ്യക്തിയായിരുന്നു അച്ഛൻ. സ്വന്തം കാര്യം മാത്രം നോക്കുന്നത് എളുപ്പമുള്ള കാര്യമാണെന്നും, അതേസമയം സഹോദരങ്ങളെയും കുടുംബാംഗങ്ങളെയും മറ്റുള്ളവരെയും എല്ലാം സഹായിക്കാൻ സന്നദ്ധമാകുമ്പോഴാണ് ജീവിതത്തിന് അർഥമുണ്ടാകുന്നതെന്നും പിതാവ് മക്കളെ പഠിപ്പിച്ചു.
അതിൽ നിന്നാണ് ‘സന്തോഷത്തോടെയിരിക്കുക, മറ്റുള്ളവരെയും സന്തോഷവാൻമാരാക്കുക’ എന്ന ‘ലിസി’ന്റെ ഫിലോസഫി രൂപപ്പെടുന്നത്. ബഹ്റൈനിലാണ് ജേക്കബ് വർഗീസിന്റെ പ്രവാസം ആരംഭിച്ചത്. പിന്നീട് ദുബൈയിലേക്ക് വന്നു. കാൽനൂറ്റാണ്ടായി ദുബൈയിലാണിപ്പോൾ താമസിക്കുന്നത്. ഒരു കമ്പനിയിലായിരുന്നു ആദ്യത്തിൽ ജോലി. 2013ലാണ് ‘ലിസ് എക്സിബിഷൻ’ ആരംഭിക്കുന്നത്. പത്ത് വർഷം മുമ്പ് യു.എ.ഇയിൽ വലിയ മാളുകളൊക്കെ ആരംഭിക്കുന്ന കാലമായിരുന്നു. ഈ സമയത്താണ് കുടുംബങ്ങളെ ലക്ഷ്യംവെച്ച് ലിസ് എക്സിബിഷൻ ആരംഭിക്കുന്നത്. കുടുംബങ്ങൾക്ക് ഒരുമിച്ച് ഷോപ്പിങിന് അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. മാതാപിതാക്കൾക്കും കുട്ടികൾക്കും കുടുംബത്തിലെ എല്ലാവർക്കും ഒരിടത്ത്നിന്ന് ഷോപ്പിങ് നടത്താനുള്ള അവസരമാണിത് ഒരുക്കിയത്.
എല്ലാവർക്കും ആവശ്യമുള്ളതാണ് ഫാഷൻ, ഹൗസ്ഹോൾഡ്സ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലുള്ള വസ്തുക്കൾ. ഇവയുടെ പ്രധാനപ്പെട്ട ബ്രാൻഡുകളുമായി സഹകരിച്ചാണ് എക്സിബിഷൻ തുടങ്ങിയത്. ഡിസ്കകൗണ്ട് പ്രൈസിൽ എല്ലാം ഒരു കുടക്കീഴിൽ വിൽപന നടത്താനുള്ള അവസരമാണ് ഒരുക്കിയത്. സ്ത്രീകൾ കൂടുതലായി എക്സിബിഷന് എത്തിത്തുടങ്ങി. എല്ലാ പ്രധാന ബ്രാൻഡുകളുമായും സഹകരിച്ചുപ്രവർത്തിച്ചു. അപ്പാരൽ ഗ്രൂപ്പ്, ലാൻഡ്മാർക്ക് ഗ്രൂപ്പ് എന്നിവയെല്ലാം എക്സിബിഷനിൽ സജീവമായി പങ്കെടുത്തു. അബൂദബിയിലാണ് എക്സിബിഷൻ തുടങ്ങിയത്.
പിന്നീട് ദുബൈയിലും അൽഐനിലും ചെയ്തു. അവസാനമായാണ് ഷാർജയിൽ ചെയ്തത്. എന്നാൽ ഷാർജയിലേത് വളരെയേറെ ഉപഭോക്താക്കളെ ആകർഷിച്ചു. വടക്കൻ എമിറേറ്റിലെ ഉപഭോക്താക്കളാണ് പ്രധാനമായും ഷാർജയിലെത്തുന്നത്. ദുബൈ അടക്കമുള്ള മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ മേഖലയിൽ ഇത്തരമൊരു സംവിധാനത്തിന് അവസരമുണ്ടായിരുന്നു. അതിനാൽ തന്നെ വളരെ വിജയമാക്കാനും സാധിച്ചു. അഞ്ച് ദിർഹം മാത്രമാണ് പ്രവേശന ഫീസ് ഈടാക്കുന്നത്. 12വയസുവരെ കുട്ടികൾക്ക് പ്രവേശനം സൗജന്യവുമാണ്. മാത്രമല്ല സൗജന്യ പാർക്കിങും ഒരുക്കി. സുരക്ഷിതവും ക്വളിറ്റിയുള്ളതുമായ രീതിയിൽ പർചേസ് നടത്താനുള്ള അവസരമാണ് ഒരുക്കിയത്.
‘ലിസ്’ വളരെ വിജയകരമായ ഒരു സംരംഭമായാണ് ഇപ്പോൾ എല്ലാവരും വിലയിരുത്തുന്നത്. എന്നാൽ തിരിച്ചടികൾ മറികടന്നാണ് വിജയ തീരത്തെത്തിയതെന്ന് ജേക്കബ് വർഗീസ് പറയുന്നു. അതിനാൽ തന്നെ ബിസിനസ് ചെയ്യുന്നവരോട് എപ്പോഴും പരാജയം സ്വീകരിക്കാൻ സന്നദ്ധമായിരിക്കണം എന്ന് ഉപദേശിക്കുന്നയാളാണ് അദ്ദേഹം. വളരെ വേഗത്തിൽ റിസൽട്ട് വേണമെന്ന് കരുതരുത്. നമുക്ക് ക്ഷമയുണ്ടാകണം. അതുപോലെ നമ്മുടെ പദ്ധതിയിൽ നമുക്ക് ആത്മവിശ്വാസമുണ്ടാകണം. അങ്ങനെയെങ്കിൽ നമ്മളത് ചെയ്യണം. യു.എ.ഇ അതിന് യോജിച്ച സ്ഥലമാണ്. സംരംഭകത്വത്തിന് എല്ലാ പിന്തുണയും ഇവിടെ ലഭിക്കുന്നുണ്ട്.
ജേക്കബ് വർഗീസ്
അതിന്റെ ക്രഡിറ്റ് തീർച്ചയായും സർക്കാറിനും ഭരണാധികാരികൾക്കും ഇവിടുത്തെ സിസ്റ്റത്തിനുമാണ്. തിരിച്ചടികളുണ്ടായപ്പോൾ ആത്മവിശ്വാസവും നല്ല ഒരു ടീമും ഉണ്ടായിരുന്നതിനാലാണ് മുന്നോട്ടു പോകാൻ കഴിഞ്ഞത്. -അനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം പറയുന്നു. പ്രവാസത്തിന്റെ ആദ്യകാലത്ത് ഒരു കോർപറേറ്റ് കമ്പനിയിലായിരുന്നു ജോലി. എന്നാൽ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ‘ലിസ്’ എന്ന സംരംഭത്തിലേക്ക് നയിച്ചത്. സഹോദരൻ മാത്യൂ വർഗീസും ഇതിൽ പങ്കാളിയാണ്. സംരംഭം പത്തുവർഷത്തിലേറെ പിന്നിടുമ്പോൾ നല്ല നിലയിലാണുള്ളത്. അതോടൊപ്പം റസ്റ്ററന്റും മികച്ച സ്വീകാര്യതയാണ് നേടിയിട്ടുള്ളത്.
കറാമയിലെ പ്രധാന സ്ട്രീറ്റിലാണിത് തുടങ്ങിയത്. വളരെ സിംപിളും ഫ്രഷുമായ ഭക്ഷണം നൽകുന്ന സ്ഥാപനമെന്ന നിലയിൽ പേരെടുക്കാൻ അതിന് സാധിച്ചിട്ടുണ്ട്. നിലവിൽ ഒരു റസ്റ്ററന്റ് മാത്രമേയുള്ളൂ. എന്നാൽ ഭാവിയിൽ കൂടുതൽ തുറക്കാനുള്ള ആലോചനയുണ്ട്. പ്രവാസ ലോകത്ത് താമസിക്കുന്നവർ സാധാരണ ഒരു റസ്റ്ററന്റിൽ പോവുകയാണെങ്കിൽ സ്ഥിരമായി പോകില്ല. എന്നാൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി ‘ലിസി’ലെ ഭക്ഷണം എല്ലാ ദിവസവും കഴിക്കാൻ സാധിക്കും. കാരണം പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയാണെന്ന് അനുഭവപ്പെടില്ല. ഒരു മാതൃ സ്നേഹം അതിൽ അലിഞ്ഞുചേർന്നിട്ടുണ്ട്. അതോടൊപ്പം വിലയാണെങ്കിൽ തുച്ഛവുമാണ്. അതോടൊപ്പം ഭക്ഷം പാഴാകുന്നത് കുറക്കാനായി മീൽസ് സ്മാൾ, മീഡിയം, ലാർജ് എന്നിങ്ങനെ ഭാഗങ്ങളായും കൊടുക്കുന്നുണ്ട്.
ചുറ്റുമുള്ളവരെ സഹായിക്കാനും ചേർത്തുപിടിക്കാനുമുള്ള പിതാവിന്റെ ഉപദേശം ‘ലിസി’ന്റെ വിജയവഴിയിൽ ജേക്കബ് ചേർത്തുപിടിച്ചിട്ടുണ്ട്. ലിസിലെ ജീവനക്കാരെ, അവരുടെ മാതാപിതാക്കളെ, അങ്ങനെയെല്ലാവരുടെയും സന്തോഷം പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതോടൊപ്പം ധാരാളം സാമൂഹിക സേവനങ്ങളും ചെയ്യുന്നുണ്ട്. റമദാനിലും മറ്റു ആഘോഷ അവസരങ്ങളിലും സാധ്യമാകുന്ന രൂപത്തിൽ ആളുകൾക്ക് ഭക്ഷണം എത്തിക്കുന്നു. ലേബർ ക്യാമ്പുകളിലും മറ്റുമാണിത് ചെയ്യാറുള്ളത്. നിലവിൽ 20 സ്റ്റാഫാണ് റസ്റ്ററന്റിലുള്ളത്. എക്സിബിഷനിലൂടെ 50 ജീവനക്കാർക്ക് വരെ ജോലി ലഭിക്കുന്നുമുണ്ട്. കൂടുതൽ സജീവമായി എക്സിബിഷൻ രംഗത്തും റസ്റ്ററന്റ് മേഖലയിലും മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് ജേക്കബ് വർഗീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.