തിരുവനന്തപുരം: ജോലിഭാരം ഉയർത്തിയതിനെ തുടർന്ന് സംസ്ഥാന സർക്കാർ കോളജുകളിൽ അധികമെന്ന് കണ്ടെത്തിയ 328 അധ്യാപക തസ്തികകൾ ഇതര കോളജുകളിലേക്ക് മാറ്റുന്ന നടപടി തുടങ്ങി. വയനാട്ടിൽ ആരംഭിക്കാൻ തീരുമാനിച്ച മോഡൽ ഡിഗ്രി കോളജിലെ തസ്തികകളിൽ ഇതര കോളജുകളിൽ അധികമെന്ന് കണ്ടെത്തിയവരെ പുനർവിന്യസിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് ജ്യോഗ്രഫി, തൃശൂർ സി. അച്യുതമേനോൻ ഗവ. കോളജിൽനിന്ന് സൈക്കോളജി, മാനന്തവാടി ഗവ. കോളജിൽനിന്ന് കൊമേഴ്സ്, മൊകേരി ഗവ. കോളജ്, മാനന്തവാടി ഗവ. കോളജ് എന്നിവിടങ്ങളിൽനിന്ന് ഇംഗ്ലീഷ്, പട്ടാമ്പി ഗവ. സംസ്കൃത കോളജ്, ചാലക്കുടി ഗവ. കോളജ് എന്നിവിടങ്ങളിൽനിന്ന് മലയാളം എന്നിവയുടെ ഓരോ അധ്യാപക തസ്തികകളാണ് വയനാട് മോഡൽ ഡിഗ്രി കോളജിലേക്ക് പുനർവിന്യസിക്കുന്നത്.
നേരത്തെ എറണാകുളം മഹാരാജാസ് കോളജിൽ അധികമെന്ന് കണ്ടെത്തിയ മലയാളം അധ്യാപക തസ്തിക പറവൂർ ഗവ. കോളജിലേക്ക് മാറ്റി ഉത്തരവിറക്കിയിരുന്നു.
വിവിധ കോളജുകളിൽ വിരമിക്കൽ വഴിയുണ്ടാകുന്ന ഒഴിവുകളിലേക്കും പി.എസ്.സി വഴിയുള്ള നിയമനത്തിന് പകരം അധികമായി കണ്ടെത്തിയ അധ്യാപക തസ്തികകൾ പുനർവിന്യസിച്ചാണ് നികത്തുന്നത്. 2020 ഏപ്രിലിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലൂടെയാണ് കോളജ് അധ്യാപകരുടെ ജോലിഭാരം ഉയർത്തിയത്. ഇതുവഴി എല്ലാ തസ്തികകൾക്കും ആഴ്ചയിൽ 16 മണിക്കൂർ നിർബന്ധമാക്കി.
നേരത്തേ ആദ്യ തസ്തികക്ക് 16 മണിക്കൂറും അതേ വിഷയത്തിലെ രണ്ടാം തസ്തികക്ക് അധികമായി ഒമ്പത് മണിക്കൂറും മതിയായിരുന്നു. രണ്ടാം തസ്തികക്കും 16 മണിക്കൂർ നിർബന്ധമാക്കി. 16 മണിക്കൂറിൽ കുറവുള്ള തസ്തികകളിൽ ഗസ്റ്റ് അധ്യാപക നിയമനം മതിയെന്നും ഉത്തരവിറക്കി.
ഒരു മണിക്കൂർ പി.ജി അധ്യാപനം ഒന്നര മണിക്കൂർ വർക്ക്ലോഡായി പരിഗണിച്ചിരുന്ന വെയ്റ്റേജും എടുത്തുകളഞ്ഞു. ഏകാധ്യാപക തസ്തികയുള്ള വിഷയങ്ങൾക്ക് 12 മണിക്കൂർ വർക്ക്ലോഡ് 16 മണിക്കൂർ വേണമെന്ന നിബന്ധന കൊണ്ടുവന്നതോടെയാണ് അധ്യാപക തസ്തികകൾ അധികമായത്. ഇതോടെ പി.എസ്.സി റാങ്ക് പട്ടികകൾ നോക്കുകുത്തിയായി.
ഇതിന് പിന്നാലെയാണ് അധികമെന്ന് കണ്ടെത്തിയ തസ്തികകൾ പുനർവിന്യസിക്കുന്നത്. പത്ത് വർഷത്തിനിടെ സർക്കാർ, എയ്ഡഡ് കോളജുകളിൽ സൃഷ്ടിക്കപ്പെട്ട 2500ഓളം അധ്യാപക തസ്തികകളാണ് ജോലിഭാരം ഉയർത്തിയുള്ള ഉത്തരവിലൂടെ ഇല്ലാതാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.