50 ലക്ഷം വരുന്ന കേന്ദ്രസർക്കാർ ജീവനക്കാരുടെയും 62 ലക്ഷം വരുന്ന പെൻഷൻകാരുടെയും ശമ്പളഘടന പരിഷ്‍കരിക്കുന്നതിനായുള്ള എട്ടാം ശമ്പള കമീഷനെ കുറിച്ച് ചർച്ച തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി. എട്ടാം ശമ്പള കമീഷൻ ശിപാർശകൾ 2026 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടേംസ് ഓഫ് റഫറൻസ് ചർച്ചകൾ പുരോഗമിക്കുന്നതിനാൽ എട്ടാം ശമ്പള കമീഷൻ അംഗങ്ങളെയും ചെയർപേഴ്സണെയും ഇതുവരെ നിയമിച്ചിട്ടില്ല. ഈ താമസം കണക്കിലെടുക്കുമ്പോൾ കമീഷൻ ശിപാർശകൾ നടപ്പാക്കുന്നത് 2027ലേക്ക് നീളാനും സാധ്യതയുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം പുതിയ ശമ്പള കമീഷൻ സമ്പ്രദായത്തിന് കീഴിലുള്ള സർക്കാർ ജീവനക്കാരന്റെ അടിസ്ഥാന ശമ്പള വർധനവ് പ്രധാനമായും ഫിറ്റ്മെന്റ് ഘടകത്തെ അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷനുകൾ, അലവൻസുകൾ എന്നിവ പരിഷ്‍കരിക്കുന്നതിന് ഫിറ്റ്മെന്റ് ഘടകം അത്യാവശ്യമാണ്.
എന്താണ് ഫിറ്റ്മെന്റ് ഫാക്ടർ
കേന്ദ്രസർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളം നിർണയിക്കാൻ ഫിറ്റ്മെന്റ് ഘടകം എന്നറിയപ്പെടുന്ന സംഖ്യാ ഗുണിതമാണ് ഉപയോഗിക്കുന്നത്. അതായത് നിലവിലെ അടിസ്ഥാന ശമ്പളത്തിൽ ഗുണിക്കുന്ന ഗുണകമാണ് ഫിറ്റ്മെൻറ് ഘടകം. പണപ്പെരുപ്പം, ജീവനക്കാരുടെ ആവശ്യങ്ങൾ, സർക്കാറിന്റെ സാമ്പത്തിക ശേഷം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ഫിറ്റ്മെന്റ് ഘടകം നിർണയിക്കുക.
ഏഴാം ശമ്പളകമീഷനിൽ 2.57 ആയിരുന്നു ഈ ഘടകം. അതുവഴി ഏറ്റവും കുറഞ്ഞ ശമ്പളം 7000 രൂപയിൽ നിന്ന് 18000 രൂപയായി വർധിച്ചു. എട്ടാം ശമ്പള കമീഷനിൽ ഫിറ്റ്മെൻറ് ഘടകം ഏതാണ്ട് 1.8 ആയിരിക്കുമെന്നാണ് കരുതുന്നത്. തൻമൂലം ജീവനക്കാരുടെ ശമ്പളത്തിൽ 13ശതമാനത്തോളം വർധനവുണ്ടാകും.
അതേസമയം, ഫിറ്റ്മെന്റ് ഘടകം 1.83നും 2.46നും ഇടയിലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെ വരുമ്പോൾ ശമ്പളത്തിൽ വലിയ വ്യത്യാസമുണ്ടാകും.
അടിസ്ഥാന ശമ്പളം, ക്ഷാമബത്ത(ഡിയർനസ് അലവൻസ്), വീട്ടുവാടക അലവൻസ്(ഹൗസ് റെന്റ് അലവൻസ്), ഗതാഗത അലവൻസ്(ട്രാവൽ അലവൻസ്)എന്നിവ ഉൾപ്പെടുന്നതാണ് ഒരു സർക്കാർ ജീവനക്കാരന്റെ ശമ്പളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.