ഇന്ത്യ - പാക് സംഘർഷവും വെടി നിർത്തലും സംബന്ധിച്ച് കോൺഗ്രസും രാഹുൽ ഗാന്ധിയും കേന്ദ്രസർക്കാറിനോട് സുപ്രധാന ചോദ്യങ്ങളുന്നയിക്കുകയും ഇതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗവും പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും ചേരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിനിടയിലാണ് വിദേശ രാജ്യങ്ങളിലേക്ക് സർവകക്ഷി സംഘത്തെ അയക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം വരുന്നത്. ബിഹാറിൽ കോൺഗ്രസ് റാലിക്ക് പോയ രാഹുൽ തിരികെ വന്ന് ഒരു വാർത്തസമ്മേളനം നടത്തുമെന്ന് എ.ഐ.സി.സി അറിയിച്ചിരുന്നുവെങ്കിലും അത് പിന്നെ നടന്നില്ല. ഇലക്ട്രോണിക് മാധ്യമങ്ങളെ ഒഴിവാക്കിയുള്ള അനൗപചാരിക ആശയവിനിമയം (ഡീ ബ്രീഫിങ്) മാധ്യമ വിഭാഗം ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിളിച്ചുവെങ്കിലും കോൺഗ്രസ് ഉന്നയിക്കാനിരുന്ന വിഷയങ്ങൾക്ക് മുകളിൽ തരൂർ വിവാദമെത്തി. സ്വാഭാവികമായും ശശി തരൂരിനെ ഇനിയെന്തു ചെയ്യുമെന്നായിരുന്നു കോൺഗ്രസ് ആസ്ഥാനത്ത് വന്ന പത്രക്കാർക്കെല്ലാം അറിയേണ്ടിയിരുന്നത്. പാർട്ടി രാജ്യത്തിന് മുമ്പാകെ ഉന്നയിക്കുന്ന വിഷയങ്ങളും കൊണ്ടുവരുന്ന നരേറ്റിവുകളും നിരന്തരം പൊളിച്ച് ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും പ്രീതിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു നേതാവിനെ ഇനിയുമെത്ര കാലം പാർട്ടി പേറുമെന്നും അദ്ദേഹത്തിനെതിരെ പാർട്ടി എന്തു നടപടിയെടുക്കുമെന്നും പത്രക്കാർ ചോദിച്ചു. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ കിട്ടുന്ന ഒരവസരവും തരൂർ പാഴാക്കാത്തത് ഓരോന്നായി എടുത്തുപറഞ്ഞ് പാർട്ടി അദ്ദേഹത്തെ പുറത്താക്കുമോ എന്നുതന്നെയായിരുന്നു അവർക്കറിയേണ്ടിയിരുന്നത്.
പ്രതീകാത്മകമായിരുന്നു ജയ്റാം രമേശ് ആ ചോദ്യത്തിന് നൽകിയ ഉത്തരം. ‘‘പല പോഷക നദികളുള്ള ഗംഗാ നദി പോലെയാണ് കോൺഗ്രസ്. പോഷക നദികളിൽ ചിലത് വരണ്ടുപോവുകയും മറ്റു ചിലത് മലിനമായി ഒഴുകുകയും ചെയ്യും’’ - ഇതായിരുന്നു ആ ഉത്തരം. ഈ പോഷക നദി വരളുമോ അതോ മലിനമായൊഴുകുമോ എന്ന മറുചോദ്യത്തിന് മറുപടി പറയാതെ ജയ്റാം ചിരിച്ചൊഴിഞ്ഞു. താൻ പറഞ്ഞ ഉത്തരം ‘ഓഫ് ദ റെക്കോഡ്’ അല്ലെന്നും ‘ഓൺ ദ റെക്കോഡ്’ ആയി വാർത്ത കൊടുക്കാനുള്ളതാണെന്നും പ്രത്യേകം ഓർമപ്പെടുത്തി. തരൂരിന്റെ പ്രകൃതത്തെക്കുറിച്ച് തൊട്ടുമുമ്പ് താൻ നടത്തിയ അഭിപ്രായ പ്രകടനം ഇതോടൊപ്പം ചേർക്കാനും എ.ഐ.സി.സി സെക്രട്ടറി പറഞ്ഞു. കോൺഗ്രസിലാകുന്നതും കോൺഗ്രസിന്റേതാകുന്നതും ആകാശ ഭൂമികൾ തമ്മിലുള്ള വ്യത്യാസമുണ്ടെന്നും ഒരാൾ കോൺഗ്രസിലാകുന്നത് അയാൾക്കു വേണ്ടിയാണെങ്കിൽ കോൺഗ്രസിന്റേതാകുന്നത് പാർട്ടിക്ക് വേണ്ടിയാണെന്നുമാണ് തരൂരിനെക്കുറിച്ച് പറഞ്ഞത്.
തരൂരിനും ബി.ജെ.പിക്കും ഇടയിലെ ആശയ വിനിമയം
കോൺഗ്രസിലാണെങ്കിലും താൻ കോൺഗ്രസിന്റേതല്ല എന്ന നിലക്ക് തരൂർ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളിലേക്കാണ് അദ്ദേഹം ശ്രദ്ധ ക്ഷണിച്ചത്. കോൺഗ്രസ് ഒന്ന് പുറത്താക്കിക്കിട്ടാൻ കാത്തിരിക്കുകയാണോ തരൂർ എന്ന ചോദ്യത്തിന് കൂടിയാണ് സ്വയമിറങ്ങിപ്പോകണമെങ്കിൽ ആകട്ടെയെന്നും പുറത്താക്കാൻ തങ്ങളെ കിട്ടില്ലെന്നുമുള്ള കോൺഗ്രസ് മറുപടി. കോൺഗ്രസ് പ്രവർത്തക സമിതി അംഗമായിരുന്ന് കൊണ്ടുതന്നെ ശശി തരൂർ പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും കൈയിൽ കളിക്കുകയാണെന്ന് ഒടുവിലത്തെ വിവാദത്തോടെ വെളിപ്പെട്ടു. ഈ വിവാദത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ബി.ജെ.പിക്കും തരൂരിനുമിടയിൽ നടന്ന ആശയവിനിമയം അതു വ്യക്തമാക്കുന്നുണ്ട്. പാർട്ടി നേതാക്കളും പാർട്ടി ടിക്കറ്റിൽ ജയിച്ച് എം.പിയായവരും ഇത്തരമൊരു ക്ഷണം ലഭിക്കുമ്പോൾ പാർട്ടി നേതൃത്വത്തെ അറിയിക്കുകയെന്നതാണ് ജനാധിപത്യ മര്യാദ. എന്നാൽ, ക്ഷണം ലഭിച്ചുവെന്നും സ്വന്തം നിലക്ക് അത് സ്വീകരിച്ചുവെന്നും പാർട്ടിയെ തരൂർ അറിയിച്ചില്ല. അതുകൊണ്ടാണ് ശശി തരൂർ എന്ന് ബി.ജെ.പിയിൽ ചേരുമെന്ന ചോദ്യം മുമ്പില്ലാത്ത വിധത്തിൽ ഡൽഹിയിൽ ഉയർന്നുകൊണ്ടിരിക്കുന്നത്. താൻ ബി.ജെ.പിയിലേക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ചാനലിനോട് മാത്രമായി തരൂരിന് പറയേണ്ടിവന്നതും അതുകൊണ്ടാണ്.
16ന് രാവിലെ 10 മണിക്കാണ് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും വിളിച്ച് വിദേശ രാജ്യങ്ങളിലേക്ക് സർവകക്ഷി പ്രതിനിധി സംഘത്തെ അയക്കുന്നുണ്ടെന്നും അതിലേക്ക് കോൺഗ്രസിന്റെ നാല് പ്രതിനിധികളെ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടത്. ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, സയ്യിദ് നസീർ ഹുസൈൻ, അമരീന്ദർ സിങ് രാജ വാറിംഗ് എന്നിവരുടെ പേരുകൾ രണ്ടുമണിക്കൂറിനകം രാഹുൽ ഗാന്ധി സർക്കാറിന് അയച്ചുകൊടുക്കുകയും ചെയ്തു. അതിന് തൊട്ടുപിന്നാലെയാണ് ഈ പട്ടികയിൽ ഇല്ലാത്ത ശശി തരൂരിന്റെ പേര് ബി.ജെ.പി ബന്ധമുള്ള ഏതാനും മാധ്യമ പ്രവർത്തകരിലൂടെ നട്ടുപിടിപ്പിച്ച വാർത്തയായി വന്നത്. ഇതോടെ, തരൂരുമായി ചേർന്ന് സർക്കാർ കാണിച്ച സത്യസന്ധതയില്ലായ്മയെ തുറന്നുകാണിക്കാനാണ്, സർക്കാർ തങ്ങളോട് ചോദിച്ച് വാങ്ങിയ പേരുകൾ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പുറത്തുവിട്ടത്.
കക്ഷികൾ അറിയാത്ത സർവ‘കക്ഷി’ അംഗങ്ങൾ
സർക്കാറിന് തരൂരിനെ കോൺഗ്രസ് പ്രതിനിധിയായി സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്തിയേ തീരൂ എന്നാണെങ്കിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടും ഇത്തരമൊരു നിർദേശം വെക്കാവുന്നതേയുള്ളൂ എന്നാണ് കോൺഗ്രസ് നിലപാട്. അതിനുപകരം പാർട്ടിയോട് നാലു പേരുകൾ ചോദിച്ച് വാങ്ങിവെച്ചശേഷം അതംഗീകരിക്കാതെ കോൺഗ്രസിന്റെ പ്രതിനിധികൾ ആരൊക്കെയാകണമെന്ന് സർക്കാർ തന്നിഷ്ടപ്രകാരം തീരുമാനിക്കുകയാണല്ലോ ചെയ്തത്. ഇക്കാണിച്ചത് മര്യാദകേടാണെങ്കിൽ കൂടി പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും പോലെ തരംതാഴാൻ തങ്ങളില്ലെന്ന് പറഞ്ഞാണ് സർക്കാർ നിശ്ചയിച്ച കോൺഗ്രസ് പ്രതിനിധികൾക്ക് സർവകക്ഷി സംഘത്തിൽ പോകാൻ പാർട്ടി അനുമതി നൽകിയത്. ആരെ വേണമെങ്കിലും സർക്കാറിന് ഉൾപ്പെടുത്താമെങ്കിലും സർവകക്ഷി സംഘമാകുമ്പോൾ ഒരാളെ പ്രതിനിധിയായി വേണമെന്ന് ആ കക്ഷിയോടാണ് സർക്കാർ പറയേണ്ടത് എന്ന കോൺഗ്രസിന്റെ നിലപാടാണ് സി.പി.എമ്മും തൃണമൂൽ കോൺഗ്രസും ശിവസേന ഉദ്ധവ് താക്കറെ അടക്കമുള്ള പ്രതിപക്ഷ കക്ഷികളും കൈക്കൊണ്ടത്. ഒരുപടി കടന്ന് മമതാ ബാനർജിയോടും പാർട്ടിയോടും ആലോചിക്കാതെ സർവകക്ഷി സംഘത്തിൽ സർക്കാർ ചേർത്ത അംഗത്തെ അയക്കാൻ മനസ്സില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്.
സർവ‘കക്ഷി’ പ്രതിനിധി സംഘത്തിന്റെ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തോടുള്ള രാഷ്ട്രീയമായ വൈരനിര്യാതന ബുദ്ധിയോടെ ഉപയോഗിച്ചത് ഈ സർക്കാറിന്റെ ‘നിയ്യത്ത്’ (ഉദ്ദേശ്യശുദ്ധി) ശരിയല്ലാത്തത് കൊണ്ടാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. പഹൽഗാം ഭീകരാക്രമണവും ഇന്ത്യ - പാക് സംഘർഷവും രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ അനൗചിത്യം തോന്നാത്ത ബി.ജെ.പി ഇന്ത്യ - പാക് സംഘർഷവും അപ്രതീക്ഷിത വെടി നിർത്തലുമായി ബന്ധപ്പെട്ട് ഉയർന്ന ഗൗരവമായ ചർച്ചകളിൽനിന്ന് രാജ്യത്തിന്റെ ശ്രദ്ധതിരിക്കാൻ കണ്ടെത്തിയ വഴിയാണിത്. പഹൽഗാം ആക്രമണത്തിലും ഓപറേഷൻ സിന്ദൂറിലും ഇന്ത്യ - പാക് സംഘർഷത്തിലും വെടിനിർത്തലിലും എന്താണുണ്ടായതെന്ന് രാജ്യത്തോട് പറയാതിരിക്കാനുള്ള ശ്രമമായി അവരിതിനെ കാണുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തലിനുപിന്നിൽ താനാണെന്ന് ഏഴുതവണ പറഞ്ഞിട്ടും അതേക്കുറിച്ച് പ്രധാനമന്ത്രി മൗനം തുടരുന്നു. വിശ്വം കീഴടക്കിയെന്ന് അവകാശപ്പെട്ട വിശ്വഗുരു അന്തർദേശീയ, നയതന്ത്ര തലത്തിൽ പരാജയമാണെന്ന് സ്വയം സമ്മതിക്കുക കൂടിയാണിപ്പോൾ ചെയ്തതെന്നും കൂടിയാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.