ജെഷ്മ മറിയം
യൂട്യൂബിൽ രുചിവൈവിധ്യങ്ങൾ തേടുന്നവർ ഒരിക്കലെങ്കിലും കാണാതിരുന്നിട്ടുണ്ടാവില്ല, മല്ലു ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലും അതിലെ കിളിക്കൊഞ്ചൽ പോലുള്ള സ്വരവും. പെൺകുട്ടികൾ അത്ര ഗൗരവത്തോടെ രുചിയാത്രകൾ നടത്താത്ത നമ്മുടെ നാട്ടിൽ തന്റെ ശബ്ദം കൊണ്ട് ആയിരക്കണക്കിന് ഭക്ഷണപ്രേമികളുടെ ഹൃദയങ്ങളിലേക്ക് കയറിച്ചെന്നൊരു പെൺകുട്ടിയുണ്ട് കണ്ണൂരിൽ. ഇത്, ജെഷ്മ മറിയം എന്ന തലശ്ശേരിക്കാരി. അങ്ങനെ പറഞ്ഞാൽ അധികമാർക്കും അറിയണമെന്നില്ല, മാത്രവുമല്ല, മല്ലു ഫുഡ് സ്റ്റോറീസ് എന്ന ഒന്നരലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലിന്‍റെ പിന്നിൽ ഈ പെൺകുട്ടിയാണെന്നത് എല്ലാവർക്കും പുതിയ അറിവായിരിക്കും.
ഒരിക്കൽപോലും മുഖം കാണിക്കാതെ, ഭക്ഷണം പിടിക്കുന്ന കൈകൾ മാത്രം കാണിച്ചും തന്റെ മനോഹരമായ ശബ്ദത്തിൽ വിവരണം നൽകിയും ജെഷ്മ മറിയം സൃഷ്ടിച്ചെടുത്തത് വലിയൊരു ആരാധകവൃന്ദമാണ്. ഭക്ഷണം തേടിയുള്ള അലച്ചിലുകൾ മാത്രമല്ല, സ്വന്തം പാചകപരീക്ഷണങ്ങളും നിരവധി ഈ യൂട്യൂബ് ചാനലിൽ കാണാം.
ലോജിസ്റ്റിക്സ് പഠിച്ച് കോർപറേറ്റ് കമ്പനിയിലെ കോഓഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു ജെഷ്മ മറിയം. ആ സമയത്തെങ്ങോ ഒരു തമാശക്ക് തുടങ്ങിവെച്ചതാണ് മല്ലു ഫുഡ് സ്റ്റോറീസ് എന്ന ചാനൽ. അസ്സൽ പാചകക്കാരിയായ ഉമ്മ സമീറയുടേത് കണ്ടുകണ്ട് ചെറുപ്പംതൊട്ടേ ചെറിയ പാചകപരീക്ഷണങ്ങൾ നടത്തുമായിരുന്നെങ്കിലും വിവാഹശേഷം ബിസിനസുകാരനായ ഭർത്താവ് മുഹമ്മദ് ഇർഫാനൊപ്പം ഗൾഫിൽ താമസം തുടങ്ങിയ കാലത്താണ് പാചകത്തിലേക്ക് സീരിയസായി കടക്കുന്നത്. പണ്ടുതൊട്ടേ എവിടെ ഭക്ഷണം കഴിക്കാൻ പോയാലും കഴിക്കുന്നതിനുമുമ്പ് പല ആംഗിളിലുള്ള ചിത്രങ്ങളെടുക്കുന്ന ഹോബിയുണ്ടായിരുന്നു.
തുടക്കത്തിൽ ഇൻസ്റ്റഗ്രാമിലെല്ലാം ചുമ്മാ പടമിടാൻ തുടങ്ങി, പിന്നീട് ഉണ്ടാക്കുന്ന ഭക്ഷണപരീക്ഷണങ്ങൾ കുറിപ്പായും ചിത്രങ്ങളായും സ്റ്റോറികളായുമെല്ലാം നൽകിക്കൊണ്ടിരുന്നു, ഇത് ഒരുപാടു പേർ ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയും ചെയ്തതോടെയാണ് യൂട്യൂബിലും ഒരു കൈ നോക്കിയാലോ എന്ന ചിന്ത വന്നത്. ഭർത്താവിെൻറ പ്രോത്സാഹനംകൂടിയായപ്പോൾ പിന്നെയൊന്നും നോക്കിയില്ല. കഴിഞ്ഞ ആഗസ്റ്റിലാണ് ശബ്ദം നൽകിയുള്ള സ്ലൈഡ് വിഡിയോകൾ അവതരിപ്പിക്കാൻ തുടങ്ങിയത്. പിന്നീട് യൂട്യൂബിലേക്കായി ചെറിയ ചെറിയ വിഡിയോകൾ ചെയ്തു, യൂട്യൂബിൽതന്നെ നോക്കി എഡിറ്റിങ് പഠിച്ചു പയറ്റി. ഒറ്റമിനിറ്റ് വിഡിയോകളായിരുന്നു തുടക്കത്തിൽ, എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതോടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ലോക്ഡൗൺ കാലത്തുടനീളം സ്വന്തം ഭക്ഷണപരീക്ഷണങ്ങൾതന്നെയായിരുന്നു യൂട്യൂബിലാണെങ്കിലും ഇൻസ്റ്റഗ്രാമിലാണെങ്കിലും ജെഷ്മ നടത്തിയത്.
സാധിക്കുമ്പോഴെല്ലാം പുറത്ത് ഹോട്ടലുകളിൽ പോയി ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും പ്രിയ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും മറന്നില്ല. ഒരു വർഷത്തിനിടെ ജൂലൈയിൽ കോവിഡ് വന്നതിനെ തുടർന്ന് ഒരു പത്തു ദിവസം മാറിനിന്നതൊഴിച്ചാൽ എല്ലാ ദിവസവും വിഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ട്. സുഖമില്ലാതെ കിടക്കുന്ന സമയത്തും എവിടെ വിഡിയോ എന്ന പ്രിയപ്പെട്ടവരുടെ അന്വേഷണങ്ങൾ സന്ദേശങ്ങളായി തേടിയെത്തിയിരുന്നു. ഫുഡ് ആണ് സാറേ എന്‍റെ മെയിൻ എന്നാണ് ചാനലിൽ സ്വയം വിശദീകരിക്കുന്നത്.
കണ്ണൂർ തളിപ്പറമ്പിലെ ഒരു റസ്റ്റാറൻറിൽ ചെന്ന് പരിചയപ്പെടുത്തിയ മുട്ടാപ്പവും ചുട്ട കോഴിയും ഏറെ ഹിറ്റായിരുന്നു. കണ്ണൂരിന്‍റെ സ്വന്തം സ്ട്രീറ്റ് ഫുഡായ കച്ചിനെ കുറിച്ചുള്ള വിഡിയോയും നിരവധി പേർ കണ്ടു. വൻകിട റസ്റ്റാറൻറുകളേക്കാൾ തട്ടുകടകളും മറ്റുമാണ് ജെഷ്മ തിരഞ്ഞെടുക്കുന്നത്. നിശ്ചിത തുകക്ക് പ്രമോഷനൽ വിഡിയോകളും ചെയ്തുകൊടുക്കാറുണ്ട്. എന്നാൽ, ഇത്തരത്തിൽ കിട്ടുന്നത് മോശം ഭക്ഷണമാണെങ്കിൽ അപ്ലോഡ് ചെയ്യില്ല. ഇത്തരത്തിൽ പല വിഡിയോകളും ഒഴിവാക്കേണ്ടിവന്നിട്ടുമുണ്ട്.
മുഖം കാണിക്കാനും പേരു പറയാനും ആവശ്യപ്പെട്ട് നിരവധി അഭ്യർഥനകൾ നിത്യേന കമൻറുകളിലും മെസേജുകളിലും ജെഷ്മയെ തേടിയെത്താറുണ്ട്. എന്നാൽ, ഇങ്ങനെതന്നെ അവതരിപ്പിച്ചാൽ മതിയെന്നു പറയുന്നവരാണ് ഏറെ പേരും. നെഗറ്റിവ് കമൻറുകളെയൊന്നും ശ്രദ്ധിക്കാൻ പോവാറില്ല. എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവങ്ങളാണ് മല്ലു ഫുഡ് സ്റ്റോറീസിൽ പ്രത്യക്ഷപ്പെടുന്ന പാചകപരീക്ഷണങ്ങളെല്ലാം. ഹ്രസ്വവിഡിയോകൾ ഇൻസ്റ്റഗ്രാമിലും വിശദ വിഡിയോ യൂട്യൂബിലും നൽകും, രണ്ടിടത്തും പരീക്ഷിച്ച് അഭിപ്രായം പറയാൻ നിരവധി പേരുണ്ട്. ബാക്കിവരുന്ന ഇഡലി ഉപ്പും മുളകും പുരട്ടി പൊരിച്ചെടുത്ത് തയാറാക്കുന്ന ഒരു വിഭവത്തെ പരിചയപ്പെടുത്തിയതെല്ലാം ഏറെ ഹിറ്റായിരുന്നു.
മക്കളായ ഒന്നാംക്ലാസുകാരി ഇനാര ഇർഫാൻ, മൂന്നര വയസ്സുള്ള ഇസ്യാൻ ഇർഫാൻ എന്നിവരുടെയും വീട്ടിലെയും കാര്യങ്ങൾക്കൊപ്പമാണ് പാചകവും ഭോജനവും വിഡിയോ തയാറാക്കലുമെല്ലാം. എങ്കിലും മുമ്പ് ചെയ്തിരുന്ന ജോലിയേക്കാൾ ഏറെയിരട്ടി സംതൃപ്തി ഇതിലൂടെ അനുഭവിക്കുന്നുണ്ടെന്നാണ് ഈ പെൺകുട്ടിയുടെ വാക്കുകൾ. ഭക്ഷണപ്രിയൻതന്നെയായ ഭർത്താവാണ് ഓരോ യാത്രക്കും കൂട്ടുപോരുന്നത്.
പാചകപരീക്ഷണങ്ങളിലും ഭർത്താവ് കൈയയച്ച് സഹായം ചെയ്യാറുണ്ട്. എല്ലാ വെള്ളിയാഴ്ചയും വീട്ടിൽ ബിരിയാണി ഉറപ്പാണ്, ഇറ്റാലിയൻ പാസ്തയാണ് ഇടക്കിടെ ഉണ്ടാക്കുന്ന മറ്റൊരു വിഭവം. നേന്ത്രപ്പഴം പുഴുങ്ങി തേങ്ങയും ഈത്തപ്പഴവും ചേർത്ത് കട്ലറ്റ് പോലെ ഉരുട്ടി കഴിക്കുന്നതാണ് ടേസ്റ്റി ആൻഡ് ഹെൽത്തി ഫുഡായി ജെഷ്മ പരിചയപ്പെടുത്തുന്നത്. നട്ട്സ് വേണ്ടവർക്ക് അതും ചേർക്കാം. ഇനിയിത് ഇങ്ങനെതന്നെ കഴിക്കാനിഷ്ടമില്ലെങ്കിൽ നെയ്യിലോ മറ്റോ ടോസ്റ്റ് ചെയ്തെടുത്താൽ രുചികൂടും. കുട്ടികൾക്കെല്ലാം വളരെ ഇഷ്ടപ്പെടുന്ന പോഷകദായകമായ വിഭവമാണിത്. അംഗൻവാടികളിൽ നിന്ന് ലഭിക്കുന്ന പൂരകപോഷകാഹാരമായ അമൃതംപൊടി ഉപയോഗിച്ചും ഏറെ രുചികരമായ ഒരിനം അവതരിപ്പിക്കുന്നുണ്ട്. ഇതിലേക്ക് തേങ്ങയും ശർക്കരയും ചേർത്ത് ഉണ്ടാക്കി കഴിക്കുന്നതാണിത്.
സ്വപ്നങ്ങളിലെന്നും യാത്രകൾ..
കുടുംബാംഗങ്ങളിൽ ചിലർക്കു മാത്രമേ ജെഷ്മയാണ് ഈ ചാനലിനു പിന്നിലെന്ന കാര്യം അറിയൂ. കുടുംബ സൽക്കാരങ്ങളിലും മറ്റും മല്ലുചേച്ചി, മല്ലു താത്ത എന്ന് പലരും തമാശക്ക് കളിയാക്കി വിളിക്കാറുമുണ്ട്. വ്ലോഗിങ് ചാനലും പേജും മാത്രമല്ല, ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം വ്യക്തിഗതമായ അക്കൗണ്ടും കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ അവയിൽ വ്ലോഗിങ്ങുമായി ബന്ധപ്പെട്ട ഒന്നും കാണാനാവില്ല.
ഭർത്താവ് മാത്രമല്ല മാതാപിതാക്കളായ അബ്ദുൽ ജലീൽ, സമീറ, ഭർതൃമാതാപിതാക്കളായ അബ്ദുൽ ലത്തീഫ്, ഹൈറുന്നീസ എന്നിവരെല്ലാം കട്ട സപ്പോർട്ടുമായി കൂടെയുണ്ട്. ഉമ്മ മാത്രമല്ല, പിതാവും ഭർതൃമാതാവുമെല്ലാം നല്ല പാചകക്കാരാണ്, അവരും ഏറെ പ്രചോദനം നൽകി. തുടക്കത്തിൽ ഹോട്ടലുകളിലൊക്കെ ചെന്നിരുന്ന് വിഡിയോ എടുക്കുമ്പോൾ മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന ചിന്തയുണ്ടായിരുന്നെങ്കിലും ഇന്നതേക്കുറിച്ച് ആലോചിക്കാറുപോലുമില്ല.
നേരത്തേ മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെല്ലാം ഭർത്താവിനൊപ്പം രുചിതേടി അലഞ്ഞിട്ടുണ്ടെങ്കിലും യൂട്യൂബ് ചാനൽ തുടങ്ങിയശേഷം കോവിഡ് പ്രതിസന്ധിയെ തുടർന്ന് എവിടെയും പോവാനായിട്ടില്ല. മുംബൈയിലായിരുന്നു ഇർഫാന്‍റെ കുടുംബം. അതിനാൽ അവിടെ പോയി പലവിധ ഭക്ഷ്യവിഭവങ്ങളുടെ രുചി പലവട്ടം അറിഞ്ഞിട്ടുണ്ട്. അവയെല്ലാം പ്രിയപ്പെട്ട പ്രേക്ഷകർക്കു മുന്നിലവതരിപ്പിക്കാൻ വലിയ മോഹമുണ്ട്. എല്ലാമൊന്ന് മാറിക്കഴിയുമ്പോൾ ഇന്ത്യൻ നഗരങ്ങളിലും ദുബൈ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ‘ഭക്ഷ്യപര്യവേക്ഷണ’ത്തിനിറങ്ങണമെന്നാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.