കോമെക്സിലെ റോയൽ ഒമാൻ പൊലീസിന്റെ പവിലിയൻ
മസ്കത്ത്: ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഇന്റർനാഷനൽ ടെക്നോളജി എക്സിബിഷനിൽ (കോമെക്സ് 2025) പങ്കാളിയായി റോയൽ ഒമാൻ പൊലീസും. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും സേവനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള പുതിയ സേവനങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.qq
സാങ്കേതിക വികസനങ്ങൾക്കൊപ്പം സഞ്ചരിക്കാനും പൊലീസിന്റെ പ്രകടനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായിക്കുന്ന ആധുനിക സേവനങ്ങൾ നൽകാനുമുള്ള റോയൽ ഒമാൻ പൊലീസിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന് ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടർ ജനറൽ കേണൽ അബ്ദുല്ല ബിൻ സഈദ് അൽ കൽബാനി പറഞ്ഞു. നൂതന ഡിജിറ്റൽ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനും സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും റോയൽ ഒമാൻ പൊലീസ് വലിയ പ്രാധാന്യമാണ് നൽകുന്നത്.
ഇലക്ട്രോണിക് ട്രാവൽ പോർട്ടലുകളിൽ പാസ്പോർട്ടുകൾക്ക് പകരമായി ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗിക്കൽ, ബാങ്കിങ് ഇടപാടുകൾക്കുള്ള സുരക്ഷിത പരിശോധനരീതി, നടപടിക്രമങ്ങൾ എന്നിവ ഉൾപ്പടെയുള്ള ഏറ്റവും പുതിയ സാങ്കേതിക സംരംഭങ്ങൾ പൊലീസ് പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പൊലീസ് ആപ്പ് വഴി സിവിൽ ഇ-സേവനങ്ങളും റോയൽ ഒമാൻ പൊലീസ് ആരംഭിച്ചു. പാസ്പോർട്ടുകളും ജനന സർട്ടിഫിക്കറ്റുകളും പ്രദർശിപ്പിക്കൽ, പതിനെട്ട് വയസ്സിന് താഴെയുള്ള വ്യക്തികൾക്കും കുട്ടികൾക്കും ഫോൺ നമ്പറുകൾ അപ്ഡേറ്റ് ചെയ്യൽ, നിക്ഷേപക സേവനങ്ങൾ നൽകൽ, വ്യക്തികൾ സ്പോൺസർ ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഡേറ്റ പ്രദർശിപ്പിക്കൽ എന്നിവ ഈ സേവനങ്ങളിൽ ഉൾപ്പെടുന്നു.
ട്രാഫിക് മേഖലയിൽ, അപ്പോയിൻമെന്റ് ബുക്കിങ് സേവനത്തിനും ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിങ് സൈറ്റിനും പുറമേ, ലൈസൻസ് സർട്ടിഫിക്കറ്റുകളുടെ തെളിവ് ഇലക്ട്രോണിക് രീതിയിൽ നൽകൽ, സെൽഫ് സർവിസ് മെഷീനുകൾ വഴി പുതിയ ഡ്രൈവിങ് ലൈസൻസുകൾ പ്രിന്റ് ചെയ്യൽ തുടങ്ങിയ പുതിയ സേവനങ്ങൾ പൊലീസ് ആരംഭിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രിസൺസ് സന്ദർശിക്കാതെ തന്നെ, വിവിധ ഗവർണറേറ്റുകളിലെ ചില തടങ്കൽ കേന്ദ്രങ്ങളിൽ തടവുകാരെ സന്ദർശിക്കുന്നതിനോ അവരുമായി വീഡിയോകോൾ ബുക്ക് ചെയ്യുന്നതിനോ ആപ്പ് വഴി അപ്പോയിൻമെന്റ് ബുക്കിങ് സേവനത്തിനും റോയൽ ഒമാൻ പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.