റിയാദിൽ സൗദി ഗെയിം ചാമ്പ്യൻസ് മേള നടന്നപ്പോൾ
റിയാദ്: സൗദി അറേബ്യയിലെ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിജിറ്റൽ സംരംഭകത്വ സ്ഥാപനമായ ‘കോഡ്’ സംഘടിപ്പിച്ച ‘സൗദി ഗെയിം ചാമ്പ്യൻസ്’ മേള സമാപിച്ചു. ഗെയിം നിർമാണ സ്റ്റുഡിയോകളുടെ വളർച്ചക്ക് അനുകൂലമായ സാഹചര്യം രാജ്യത്ത് സൃഷ്ടിച്ചെടുക്കുകയെന്നതായിരുന്നു ഒമ്പത് മാസത്തോളം നീണ്ടുനിന്ന പരിപാടിയുടെ ഉദ്ദേശ്യം.
ഇലക്ട്രോണിക് ഗെയിമിങ് മേഖലയിലുള്ള സൗദി ഡെവലപ്പർമാരുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ രൂപകൽപന ചെയ്ത ഈ പരിപാടിയിൽ 25 സൗദി ഗെയിം സ്റ്റുഡിയോകൾ പങ്കെടുത്തു. 180 മണിക്കൂറിലധികം പ്രത്യേക വർക്ഷോപ്പുകളും 1500 മണിക്കൂറിലധികം നീണ്ട മറ്റു പരിശീലനങ്ങളും മാർഗനിർദേശങ്ങളും നൽകി. ഗെയിം വ്യവസായത്തിൽ സൗദിയുടെ ആഗോള സ്ഥാനമുയർത്താനും രാജ്യത്തെ പ്രതിഭകളെ സമ്പൂർണമായി ഉപയോഗപ്പെടുത്താനുമാണ് നവീനവും മത്സരബുദ്ധിയോടെയുമുള്ള ഗെയിമുകൾ നിർമിക്കാനുള്ള ‘കോഡി’ന്റെ ശ്രമം ലക്ഷ്യമിട്ടത്.ഗെയിം ജാം, ഇൻകുബേഷൻ, ആക്സിലറേഷൻ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിലായാണ് പരിപാടി നടന്നത്. രാജ്യം ഈ രംഗത്ത് കണ്ടെത്തിയ പ്രതിഭകളെയും കൈവരിച്ച നേട്ടങ്ങളെയും ഉയർത്തിപ്പിടിച്ച് വിജയാഘോഷങ്ങളോടെയാണ് മേള അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.