ജിദ്ദയിൽ നടക്കുന്ന അബീർ ബ്ലൂ സ്റ്റാർ സോക്കർ ഫെസ്റ്റ് ആറാമത് എഡിഷൻ ഇലവൻസ് ടൂർണമെൻറ് ഫിക്സ്ചർ
ഡോ. ഇമ്രാൻ, നിസാം മമ്പാടിന് നൽകി പ്രകാശനം ചെയ്യുന്നു
ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിലെ (സിഫ്) അംഗ ക്ലബുകളെ പങ്കെടുപ്പിച്ച് ജിദ്ദയിലെ ബ്ലൂ സ്റ്റാർ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് ഇലവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ആറാമത് എഡിഷന് ആഗസ്റ്റ് ഒന്നിന് വെള്ളിയാഴ്ച പന്തരുളും. വൈകീട്ട് ഏഴ് മണിക്ക് ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള അൽ റുസൂഫ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്. ഉദ്ഘാടനം അബീർ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ, സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര എന്നിവർ ചേർന്ന് നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പെൻറിഫ് കൂട്ടായ്മയിലെ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സിനിമാറ്റിക് ഡാൻസും ഒപ്പനയും അരങ്ങേറും. പ്രമുഖ ഗായകർ ഒരുക്കുന്ന സംഗീത നിശയും ടീലോൻഞ്ച് ബോയ്സിെൻറ മുട്ടിപ്പാട്ടും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം അബീർ മെഡിക്കൽ ഗ്രൂപ് മാർക്കറ്റിങ് മാനേജർ ഡോ. ഇമ്രാൻ സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാടിന് നൽകി നിർവഹിച്ചു. ബ്ലൂ സ്റ്റാർ ക്ലബ് പ്രസിഡൻറ് ഷരീഫ് പരപ്പൻ അധ്യക്ഷത വഹിച്ചു. സിഫ് വൈസ് പ്രസിഡൻറ് സലിം മമ്പാട്, മുൻ പ്രസിഡൻറ് ഹിഫ്സുറഹ്മാൻ, മുൻ ജനറൽ സെക്രട്ടറി ഷബീറലി ലവ, മീഡിയ ഫോറം പ്രതിനിധി സാദിഖലി തുവ്വൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. കുഞ്ഞാലി അബീർ നന്ദി പറഞ്ഞു.
ജിദ്ദയിലെ പ്രശസ്ത കലാകാരന്മാർ അണിനിരന്ന സംഗീത നിശയും ഒരുക്കിയിരുന്നു. ശരീഫ് സാംസങ്, ആദം കബീർ, രജീഷ് അരിപ്ര, മുസ്തഫ ഒതുക്കുങ്ങൽ, മുസ്തഫ മേൽമുറി, അൻവർ ഒതുക്കുങ്ങൽ, നിഷാദ് മങ്കട, സുബൈർ അരീക്കോട്, അസ്കർ ജൂബിലി, അജീഷ് കരുവാരക്കുണ്ട് തുടങ്ങിയവർ നേതൃത്വം നൽകി.
സിഫ് എ ഡിവിഷൻ ടീമുകളായ ചാംസ് സബീൻ എഫ്.സി, എൻകംഫർട് എ.സി.സി എ ടീം, ബ്ലാസ്റ്റേഴ്സ് എഫ്.സി, റീം റിയൽ കേരള എന്നീ പ്രമുഖ ടീമുകൾ മത്സരിക്കുന്ന സൂപ്പർ ലീഗ്. സിഫ് ബി ഡിവിഷനിലെ എട്ട് ടീമുകൾ മത്സരിക്കുന്ന സെക്കൻഡ് ഡിവിഷൻ ലീഗ്, 17 വയസ്സിന് താഴെയുള്ളവരുടെ ജൂനിയർ ലീഗ്, വെറ്ററൻസ് ലീഗ് എന്നിങ്ങനെ നാല് വിഭാഗങ്ങളായിട്ടായിരിക്കും മത്സരങ്ങൾ അരങ്ങേറുക. സെപ്റ്റംബർ അഞ്ച് വരെ എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് ഏഴ് മണി മുതൽ വിവിധ വിഭാങ്ങളിലായി നാല് മത്സരങ്ങൾ വീതം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.