യു.എൻ പൊതുസഭയിൽ സൗദി അറേബ്യയും ഫ്രാൻസും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ
റിയാദ്: പശ്ചിമേഷ്യയുടെ സ്ഥിരതക്ക് ഫലസ്തീൻ പ്രശ്നത്തിലെ ദ്വിരാഷ്ട്ര പരിഹാരമാണ് താക്കോലെന്ന് തങ്ങൾ വിശ്വസിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ന്യൂയോർക്കിലെ യു.എൻ പൊതുസഭയിൽ സൗദി അറേബ്യയുടെയും ഫ്രാൻസിന്റെയും സംയുക്ത അധ്യക്ഷതയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് അമീർ ഫൈസൽ സൗദി നിലപാട് വ്യക്തമാക്കിയത്.
‘ഫലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കലും’ എന്ന വിഷയത്തിലാണ് സമ്മേളനം. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുള്ള ഒരു നിർണായക നാഴികക്കല്ലാണ് ന്യൂയോർക്ക് സമ്മേളനമെന്നും വിദേശകാര്യ മന്ത്രിയും കൂട്ടിച്ചേർത്തു. ഗസ്സയിലെ മാനുഷിക ദുരന്തത്തിന് എത്രയും വേഗം അറുതിയുണ്ടാവണം. മേഖലയിൽ സ്ഥിരത ഫലസ്തീൻ ജനതക്ക് അവരുടെ ന്യായമായ അവകാശങ്ങൾ നൽകുന്നതിലൂടെ മാത്രമേ സ്ഥാപിക്കപ്പെടൂ. നീതിയുക്തവും സമഗ്രവുമായ ഏതൊരു പരിഹാരത്തിനും അറബ് സമാധാന സംരംഭം അടിസ്ഥാനമായി തുടരുന്നു. പശ്ചിമേഷ്യയിൽ സമാധാനത്തിനും സ്ഥിരതക്കുമുള്ള ഏക മാർഗം ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുക എന്നത് മാത്രമാണ്. മാനുഷികവും വികസനപരവുമായ പ്രവർത്തനങ്ങളുടെ ഭാഗമായി ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനായി ലോകബാങ്കിൽനിന്ന് 30 കോടി ഡോളർ കൈമാറ്റം ഉറപ്പാക്കുന്നതിന് ഫ്രാൻസുമായി ചേർന്ന് സൗദി ശ്രമം നടത്തിയതായും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തന്റെ ഉദ്ദേശ്യം സംബന്ധിച്ച ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ പ്രഖ്യാപനത്തെ സൗദി സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന ഒരു നല്ല ചുവടുവെപ്പായി ഇതിനെ കണക്കാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനായി അന്താരാഷ്ട്ര സഖ്യത്തെ പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യം വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
സമ്മേളനത്തിന് ഫ്രാൻസ് വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരോട്ടിനൊപ്പം നേതൃത്വം നൽകാൻ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ തിങ്കളാഴ്ചയാണ് ന്യൂയോർക്കിലെത്തിയത്. അറബ് സമാധാന സംരംഭത്തിനും പ്രസക്തമായ യു.എൻ പ്രമേയങ്ങൾക്കും അനുസൃതമായി നീതിയുക്തവും ശാശ്വതവുമായ പരിഹാരത്തെ അടിസ്ഥാനമാക്കി, സ്വന്തം ഭൂമിയിലെ അധിനിവേശം അവസാനിപ്പിക്കുന്ന പരമാധികാര ഫലസ്തീൻ രാഷ്ട്ര സ്ഥാപിക്കുന്നതിനുള്ള സമയക്രമം നിർദേശിക്കുക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
ഗസ്സയിലെ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ട് പറഞ്ഞു. ഫലസ്തീൻ പ്രശ്നപരിഹാരത്തിനുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ സൗദി മന്ത്രിക്കൊപ്പം അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയിലെ യുദ്ധം വളരെക്കാലമായി നടക്കുന്നു. ഇനിയും അത് അവസാനിപ്പിക്കാതെ തുടരാൻ പാടില്ല. എത്രയും പെട്ടെന്ന് ആക്രമണത്തിന് അറുതിയുണ്ടാവണം. ഫലസ്തീൻ, ഇസ്രായേൽ എന്ന നിലയിലുള്ള ദ്വിരാഷ്ട്ര പരിഹാരം ഒരു പ്രായോഗിക യാഥാർഥമാക്കാൻ നാം പ്രവർത്തിക്കണം. അത് ഫലസ്തീനികളുടെ ന്യായമായ അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദ്വിരാഷ്ട്ര പരിഹാര സമ്മേളനം ശാശ്വത പ്രശ്നപരിഹാരത്തിലേക്കുള്ള വഴിത്തിരിവായിരിക്കണം. മധ്യേഷ്യയിൽ ഒരു രാഷ്ട്രീയ പരിഹാരത്തിലേക്കുള്ള അപ്രതിരോധ്യമായ നീക്കം ഞങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരം യാഥാർഥ്യമാകണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ് പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാര സമ്മേളനം സംഘടിപ്പിച്ചതിന് സൗദിക്കും ഫ്രാൻസിനും അദ്ദേഹം നന്ദി പറഞ്ഞു. ഇതൊരു അതുല്യ അവസരമാണ്. ഈ ഗതിവേഗം നാം ഉപയോഗപ്പെടുത്തണം. യഥാർഥ രാഷ്ട്രീയ ഇച്ഛാശക്തിയോടെ സംഘർഷം അവസാനിപ്പിക്കാൻ കഴിയും. ദ്വിരാഷ്ട്ര പരിഹാരം നേടിയെടുക്കണമെന്നും യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശം നിയമവിരുദ്ധമാണ്. അത് അവസാനിപ്പിക്കണം. ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ പൂർണമായും അസ്വീകാര്യമാണെന്നും അത് അവസാനിപ്പിക്കണമെന്നും യു.എൻ സെക്രട്ടറി ജനറൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.