മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥല കൂട്ട ശവസംസ്കാര കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ എസ്.ഐ.ടി തലവൻ പ്രണബ് കുമാർ മൊഹന്തി കേന്ദ്ര സർവീസിലേക്ക്. കർണാടക പൊലീസ് ഡയറക്ടർ ജനറലായ (ആഭ്യന്തര സുരക്ഷാ വിഭാഗം) പ്രണബ് മൊഹന്തിയെ കേന്ദ്ര ഡെപ്യൂട്ടേഷന് അർഹതയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഉൾപ്പെടുത്തി.
സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയ പ്രമുഖ അന്വേഷണ ഏജൻസികളിലേക്ക് സാധ്യതയുള്ള പോസ്റ്റിങ്ങുകൾക്കായി വിവിധ സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാനായി കേന്ദ്ര സർക്കാറിന്റെ നിയമനസമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. രാജ്യവ്യാപകമായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത 35 ഐ.പി.എസ് ഉദ്യോഗസ്ഥരിൽ കർണാടകയിൽ നിന്നുള്ള ഏക വ്യക്തിയാണ് മൊഹന്തി.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി കുഴിച്ചുമൂടിയെന്ന ശുചീകരണ ജീവനക്കാരന്റെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ കർണാടക സർക്കാർ രൂപവത്കരിച്ച എസ്.ഐ.ടി തലവനാണ് മൊഹന്തി.
കേന്ദ്ര സർവീസിൽ പ്രവേശിച്ചാൽ എസ്.ഐ.ടിയെ നയിക്കാൻ പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങൾക്ക് അനുസൃതമായി ഞങ്ങൾ മുന്നോട്ട് പോകും. കേന്ദ്ര സർവീസിൽ നിയോഗിച്ചാലും മൊഹന്തിക്ക് എസ്.ഐ.ടിയിൽ തുടരാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഡി.ഐ.ജി (റിക്രൂട്ട്‌മെന്റ് വിഭാഗം) എം.എൻ. അനുചേത്, ഡി.സി.പി (സി.എ.ആർ സെൻട്രൽ) സൗമ്യ ലത, എസ്.പി (ആഭ്യന്തര സുരക്ഷാ വിഭാഗം) ജിതേന്ദ്ര കുമാർ ദയാമ എന്നിവരാണ് എസ്.ഐ.ടിയിലെ മറ്റു മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ. എസ്.ഐ.ടി തലവൻ സ്ഥാനത്ത് നിന്ന് മൊഹന്തിയെ മാറ്റണമെന്ന ചില കേന്ദ്രങ്ങളുടെ ആവശ്യം മുൻ ഡിവൈ.എസ്.പി അനുപമ ഷേണായിയിലൂടെ രംഗത്ത് വന്നിരുന്നു.
കർണാടകയിലെ മുൻ കോൺഗ്രസ് ഭരണത്തിൽ 2016ൽ ഡിവൈ.എസ്.പി പദവി ഒഴിഞ്ഞ് ഭാരതീയ ജനശക്തി പാർട്ടിയുണ്ടാക്കി 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിരുദ്ധ പ്രചാരണം നടത്തിയ ആളാണ് അനുപമ. ബംഗളൂരു വിമാനത്താവളം വഴി വൻതോതിൽ സ്വർണം കള്ളക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായി.
ബംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടി റന്യയുടെ രണ്ടാനച്ഛൻ ഡോ. കെ. രാമചന്ദ്ര റാവുവിന്റെ പേര് പകരം അനുപമ നിർദേശിച്ചിട്ടുണ്ട്. ഡി.ജി.പി എന്ന പ്രൊട്ടക്കോൾ സുരക്ഷാ സംവിധാനങ്ങൾ റന്യയുടെ കള്ളക്കടത്തിന് മറയാക്കിയെന്ന ആരോപണം രാമചന്ദ്ര റാവുവിനെതിരെ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.