പ്രിയങ്ക ചതുർവേദി
മുംബൈ: ഓപറേഷൻ സിന്ദൂർ ‘തുടരുന്നു’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ വീണ്ടും സ്ഥിരീകരിച്ചതോടെ, ശിവസേന (യുബിടി) എം.പി പ്രിയങ്ക ചതുർവേദി പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാനുള്ള സർക്കാർ താൽപര്യത്തെ ചോദ്യം ചെയ്തു. ചൊവ്വാഴ്ച ലോക്‌സഭയെ അഭിസംബോധന ചെയ്ത മോദിയുടെ മാരത്തൺ പ്രസംഗത്തിലാണ് ഓപറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് പ്രഖ്യാപിച്ചത്. ഇത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടു, പ്രത്യേകിച്ച് പാകിസ്താനോടുള്ള ഇന്ത്യയുടെ നയതന്ത്ര, കായിക നിലപാടിനെക്കുറിച്ചുള്ള സർക്കാറിന്റെ യോജിപ്പിനെ പ്രിയങ്ക ചതുർവേദി ചോദ്യം ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രി ലോക്സഭയിൽ വിശദമായ മറുപടി നൽകിയെങ്കിലും ഇത്തരം ചോദ്യമുയർന്നതിനാൽ രാജ്യസഭയെ അഭിസംബോധന ചെയ്യുമെന്ന് തോന്നുന്നില്ല. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ നിരവധി രാജ്യസഭ എം.പിമാരുടെയും ചോദ്യങ്ങൾക്ക് വിശദീകരണം നൽകേണ്ടിവരുമെന്നതിനാലാണിത്. ഓപറേഷൻ സിന്ദൂർ ഇപ്പോഴും സജീവമാണെങ്കിൽ, പാകിസ്താനുമായി ക്രിക്കറ്റ് കളിക്കാൻ നമ്മൾ എന്തിനാണ് ഇത്രയധികം താൽപര്യപ്പെടുന്നത്? പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ യാതൊരു ബന്ധമില്ലാത്ത കാര്യങ്ങളാണെന്നും ചതുർവേദി ആരോപിച്ചു. പാകിസ്താനിൽനിന്ന് ഇപ്പോഴും ഭീഷണിയുണ്ടെന്ന് പറയുന്നെങ്കിൽ അത് വിശദീകരിക്കാനുള്ള ബാധ്യതയും സർക്കാറിനുണ്ട്.
പാകിസ്താനിൽ നിന്നുള്ള ഭീഷണി യഥാർഥവും നിലനിൽക്കുന്നതുമാണെങ്കിൽ, സർക്കാർ പൊതുജനങ്ങളോട് കൂടുതൽ സുതാര്യത പുലർത്തണമെന്ന് അവർ വാദിച്ചു. ഓപറേഷൻ സിന്ദൂറിന്റെ കീഴിൽ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് പൊതുജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം സർക്കാറിനില്ലേ? നമ്മുടെ രഹസ്യാന്വേഷണ ഏജൻസികൾ എന്തുകൊണ്ടാണ് അശ്രദ്ധ കാണിച്ചത്, അതിനുശേഷം എന്തൊക്കെ തിരുത്തലുകൾ വരുത്തി? പ്രധാനമന്ത്രിയുടെ മറുപടി ഉത്തരം നൽകിയതിനേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തിയതെന്നും അന്താരാഷ്ട്ര ധാരണയോടുള്ള സർക്കാർ സമീപനത്തെയും ചതുർവേദി ചോദ്യം ചെയ്തു.
പാകിസ്താനുമായി കളിക്കാൻ വിസമ്മതിക്കുന്നത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന കായിക മന്ത്രിയുടെ റിപ്പോർട്ടിലെ ആശങ്കകളെ പരാമർശിച്ചുകൊണ്ട് അവർ പറഞ്ഞു, "കായിക സംഘടനകളെ അസ്വസ്ഥമാക്കുന്നതിൽ നിങ്ങൾക്ക് ഇത്രയധികം ആശങ്കയുണ്ടെങ്കിൽ, എന്തിനാണ് ദുബൈയിൽ പോയി കളിക്കുന്നത് ലാഹോറിൽ പോയി കളിക്കൂ .ഇതാണോ ഇപ്പോഴത്തെ വലിയ കാര്യം? ഈ ഇരട്ടത്താപ്പ് ജനങ്ങൾ അംഗീകരിക്കില്ല
ഒരു ലോക നേതാവും ഓപറേഷൻ സിന്ദൂർ നിർത്താൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ നിശിതമായി വിമർശിച്ചുകൊണ്ട്, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ആവർത്തിച്ചുള്ള പരസ്യ പരാമർശങ്ങൾ ചതുർവേദി ചൂണ്ടിക്കാട്ടി.
ഒരു ലോക നേതാവും ഇത്തരമൊരു അഭ്യർത്ഥന നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നു, എന്നിട്ടും ട്രംപ് രണ്ട് വ്യത്യസ്ത അവസരങ്ങളിൽ ഇത് പരാമർശിച്ചിട്ടുണ്ട്. ഇത് സത്യമല്ലെങ്കിൽ, യുഎസ് നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അല്ലെങ്കിൽ പ്രധാനമന്ത്രി മോദി വസ്തുതകൾ തെറ്റായി ചിത്രീകരിക്കുകയാണോ എന്ന് ഞങ്ങൾക്ക് സംശയിക്കേണ്ടിവരും അവർ കൂട്ടിച്ചേർത്തു.
ഒരു ലോക നേതാവും ഇന്ത്യയോട് ഓപറേഷൻ സിന്ദൂർ നിർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഓപറേഷൻ സിന്ദൂർ ആക്രമണം നിർത്തണമെന്ന പാകിസ്താൻ ഉന്നത കേന്ദ്രങ്ങളുടെ അഭ്യർഥനമാനിച്ചാണ് നിർത്തിവെച്ചതെന്നും ഇന്ത്യയെ പാകിസ്താൻ ഇനിയും ആക്രമിച്ചാൽ വലിയ ആക്രമണമായിരിക്കും മറുപടിയെന്ന് യു.എസ് വൈസ് പ്രസിഡന്റുമായുള്ള ഫോൺ സന്ദേശത്തിൽ മോദി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.