toll
ന്യൂഡൽഹി: ടോൾ ബൂത്തുകളിൽ കാത്തുകെട്ടിക്കിടന്ന് ഇനി സമയം കളയണ്ട; തടസമില്ലാതെ ടോൾ പ്ലാസകൾ കടന്നുപോകാം. യാത്രകൾ സുഗമമാക്കുന്നതിന്റെയും ചരക്കു ഗതാഗതം വേഗത്തിലാക്കുന്നതിന്റെയും ഭാഗമായി ഗവൺമെന്റ് കൊണ്ടുവരുന്ന ആധുനിക സംവിധാനത്തിന്റെ രാജ്യത്തെ ആദ്യ പരീക്ഷണം ഗുജറാത്തിലെ ചോർയസി ടോർ പ്ലാസയിൽ തുടക്കമായി. ഇവിടെ ആരും തടഞ്ഞുനിർത്തി സമയം കളയില്ല, ഹൈവേയിലൂടെ സുഗമമായി യാത്ര ചെയ്യാം.
ദേശീയപാത അതോറിറ്റി ഇവിടത്തെ പണം പിരിക്കുന്നതിന് രാജ്യത്തെ പ്രമുഖ ബാങ്കിന് അനുവാദം നൽകി. ഇതുസംബന്ധിച്ച നിയമപ്രകാരം ബാങ്കുകൾക്കു മാത്രമേ ഇതിനുള്ള ടെൻഡർ നൽകാനാകൂ. മെട്രോ റെയിൽ പ്രൊജക്ടുകളിലെ ചാർജ് ഈടാക്കൽ സംവിധനംതന്നെയാണ് ഇവിടെയും നടപ്പാക്കുക.
ബാരിയർലെസ് മൾട്ടിലെയ്ൻ ഫ്രീഫ്ലോ (എം.എൽ.എഫ്.എഫ്) എന്ന സംവിധാനം ആദ്യം നിലവിൽ വന്നത് 246 കിലോമീറ്റർ ദൂരമുള്ള ബറൂച്ച്-സൂറത്ത് ദേശീയപാതയിലാണ്. നമ്പർപ്ലേറ്റ് തിരിച്ചറിയൽ എ.ഐ കാമറകൾ വഴിയും ആർ.എഫ്.ഐ.ഡി സ്കാനുറകൾ ഉപയോഗിച്ചുമാണ് ഈ ടോൾപിരിവ് സുഗമമാക്കുന്നത്.
പുതിയ സംവിധാനം രാജ്യത്തെ പല പ്രമുഖ ടോൾപ്ലാസകളിലും ഉടൻ നടപ്പാക്കി ഇതിന്റെ പ്രയോഗ സാധ്യത, സ്വീകാര്യത തുടങ്ങിയവ പഠിക്കും. പിന്നീടാകും രാജ്യം മൊത്തത്തിൽ നടപ്പാക്കുക. ഘരവുണ്ട, നെംലി, ദ്വാരക എക്സ്പ്രസ്വേയിലും ഗുരുഗ്രാം-ജയ്പൂർ സെക്ഷനിലും ആയിരിക്കും പൈലറ്റ് പ്രൊജക്ടുകൾ നടപ്പാക്കുക. രാജ്യം മുഴുവൻ ഈ സിസ്റ്റം നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് റോഡ് ട്രാൻസ്പോർട്ട് ആന്റ് ഹൈവേ മന്ത്രാലയം.
ഈ സംവിധാനം യാത്രാസമയവും ചരക്കുനീക്ക സമയവും കുറയ്ക്കുന്നതിനൊപ്പം ഹൈവേകളിലെ തിക്കുംതിരക്കും ഗണ്യമായി കുറയ്ക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു.
യാത്രികർക്ക് സാമ്പത്തികലാഭവും ഇതുവഴിയുണ്ടാകും. യാത്ര ചെയ്യുന്ന കിലോമീറ്ററിന്റെ പണം മാത്രം നൽകിയാൽ മതി എന്നതാണ് പ്രത്യേകത. ലോകത്തെ പ്രമുഖ രാജ്യങ്ങളിൽ നിലവിലുള്ള സമ്പ്രദായമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.