എസ്.ഐ.ടി സംഘം ധർമസ്ഥലയിലെ വനത്തിൽ

ധർമസ്ഥലയിൽ മൂന്ന് സ്ഥലങ്ങളിൽ കുഴിച്ചു, മൃതദേഹാവശിഷ്ടങ്ങളില്ല; വെളിപ്പെടുത്തൽ പ്രകാരം ആറ് അവശിഷ്ടങ്ങൾ കിട്ടണം

മംഗളൂരു: ധർമസ്ഥലയിലെ മുൻ ശുചീകരണ ജീവനക്കാരൻ പ്രത്യേക അന്വേഷണ സംഘത്തോട് അടയാളപ്പെടുത്തിയ 13 സ്ഥലങ്ങളിൽ ആദ്യത്തെ മൂന്നിടങ്ങളിൽ നടത്തിയ തിരിച്ചിലിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. വെളിപ്പെടുത്തൽ പ്രകാരം മൂന്നിടങ്ങളിൽ നിന്നായി ആറ് ജഡാവശിഷ്ടങ്ങൾ ലഭിക്കേണ്ടതായിരുന്നു.

ഒരിടത്ത് രണ്ട് എന്ന നിലയിൽ ഒന്നു മുതൽ മൂന്നു വരെ ആറ് മൃതദേഹങ്ങൾ, നാലിലും അഞ്ചിലുമായി ആറ്, എട്ടുവരെ എട്ട് ഒമ്പതിൽ ഏഴ് വരെ,10ൽ മൂന്ന്, 11ൽ ഒമ്പത്,12ൽ അഞ്ച് വരെ,13ൽ എണ്ണമറ്റവ എന്നിങ്ങിനെയാണ് പരാതിക്കാരൻ എസ്.ഐ.ടിക്ക് നൽകിയ കണക്കുകൾ. സ്പോട്ട് പതിമൂന്നും അതിനപ്പുറവും നിബിഡ വനമാണ്. ആ മേഖലയിലാണ് നൂറിലേറെ എന്ന് ആരോപിക്കുന്ന മൃതദേഹങ്ങൾ മറവ് ചെയ്തതെന്നാണ് പരാതിക്കാരൻ പറയുന്നത്.

എസ്‌.ഐ.ടി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് മൂന്നാം ദിവസത്തെ ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചത്. തലേന്ന് മഴയും മണലും കാരണം ഖനനം ദുഷ്കരമായ നേത്രാവതി കുളിക്കടവിൽ നിന്നാണ് കുഴിക്കാൻ തുടങ്ങിയത്. വൈകിട്ടോടെ മൂന്നിടങ്ങളിൽ ഖനനം ചെയ്തു. രാവിലെ 10ന് പരാതിക്കാരൻ തന്റെ അഭിഭാഷകരോടൊപ്പം ബെൽത്തങ്ങാടിയിലെ എസ്‌.ഐ.ടി ഓഫിസിലെത്തി. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സംഘം ഖനന സ്ഥലത്തേക്ക് പോയത്.

നേരത്തെ, മംഗളൂരു കദ്രിയിലെ പൊതുമരാമത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവിലായിരുന്നു പരാതിക്കാരനെ ചോദ്യം ചെയ്യലും തുടർ പ്രവർത്തനങ്ങളും നടത്തിയത്. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ അനുചേത്, ജിതേന്ദ്ര കുമാർ ദയാമ, എസ്.പി സൈമൺ, പുത്തൂർ അസിസ്റ്റന്റ് കമീഷണർ സ്റ്റെല്ല വർഗീസ്, ബെൽത്തങ്ങാടി തഹസിൽദാർ പൃഥ്വി സാനികൻ, കെ.എം.സി മംഗളൂരുവിൽ നിന്നുള്ള മെഡിക്കൽ സംഘം, ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എൽ) സംഘം, ഇന്ത്യൻ സൊസൈറ്റി ഓഫ് ഡൗസേഴ്‌സ് (ഐ.എസ്.ഡി)ലെ വിദഗ്ധർ എന്നിവർ പങ്കെടുത്തു.

രണ്ടാമത്തെ സ്പോട്ട് മുതൽ വനം വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന ഇടങ്ങളാണ്. മണ്ണുമാന്തിയന്ത്രങ്ങളുടെ ഉപയോഗം വനസംരക്ഷണ നിയമങ്ങളുടെ ലംഘനമാവുമെന്നതിനാൽ ആളുകളാണ് ഖനനം നടത്തുന്നതും തുടരാൻ പോവുന്നതും. അതിനിടെ പ്രത്യേക അന്വേഷണ സംഘം മേധാവി ഡി.ജി.പി ഡോ. പ്രണബ് കുമാർ മൊഹന്തി ബുധനാഴ്ച വൈകിട്ട് ധർമസ്ഥല നേത്രാവതി കുളിക്കടവിൽ ഖനനം നടത്തിയ സ്ഥലം സന്ദർശിച്ചു.

കേന്ദ്ര ഡെപ്യൂട്ടേഷൻ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ മൊഹന്തി എസ്.ഐ.ടി തലവനായി തുടരുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഈ മാസം 19ന് രൂപവത്കരിച്ച എസ്.ഐ.ടിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ സർക്കാറിന് റിപ്പോർട്ട് ചെയ്ത് സ്ഥാനം ഒഴിയുമെന്നതിന്റെ സൂചനയാണ് സന്ദർശനമെന്നാണ് നിരീക്ഷണം.

Tags:    
News Summary - Three places in Dharmasthala were dug up, but no remains were found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.