തെരുവുനായ്ക്കളെ​ ദയാവധം നടത്താനുള്ള തീരുമാനം നടപ്പാക്കുന്നത്​ നീട്ടിവെക്കണം - ഹൈകോടതി

കൊച്ചി: രോഗബാധിത തെരുവുനായ്ക്കളെ​ ദയാവധം നടത്താനുള്ള തീരുമാനം നടപ്പാക്കുന്നത്​ നീട്ടിവെക്കണമെന്ന്​ ഹൈകോടതി. സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും മുൻ ഉത്തരവുകളും 2023ൽ നിലവിൽവന്ന മൃഗ ജനനനിയന്ത്രണ ചട്ടവും ദയാവധം അനുവദിക്കുന്നില്ലെന്ന്​ വിലയിരുത്തിയാണ്​ ജസ്റ്റിസ്​ സി.എസ്​. ഡയസിന്‍റെ ഇടക്കാല ഉത്തരവ്​.​ പോരായ്മകൾ പരിഹരിക്കാൻ നിർദേശിച്ച്​ മറ്റൊരു ഉത്തരവുണ്ടാകുംവരെയാണ്​ തീരുമാനം നടപ്പാക്കുന്നത്​ നീട്ടിവെച്ചത്​.

നായ്​ കടിയേറ്റവരുടെ നഷ്ടപരിഹാര അപേക്ഷ പരിഗണിക്കുന്ന ജില്ലാതല സമിതി ഒരുമാസത്തിനകം രൂപവത്​കരിക്കണം. സുപ്രീംകോടതിയും ഹൈകോടതിയും നൽകിയ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കിയാൽ നായ്​ ഭീതിക്ക് പരിഹാരമാകുമെന്നും കോടതി പറഞ്ഞു.

ജില്ലാതല സമിതി രൂപവത്​കരണത്തിന് കേരള ലീഗൽ സർവിസസ് അതോറിറ്റി (കെൽസ) നടപടിയെടുക്കണം. മാർഗരേഖയുണ്ടാക്കുകയും വേണം. തുടർച്ചയായ സിറ്റിങ്​ ഉറപ്പാക്കണം.
സംസ്ഥാന പൊലീസ് മേധാവിയെയും ദുരന്തനിവാരണ അതോറിറ്റിയെയും സ്വമേധയാ കക്ഷിചേർത്ത കോടതി അഡ്വ. പി. ദീപക്കിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.

സർക്കാർകണക്ക് പ്രകാരം രണ്ട്​-മൂന്ന്​ ലക്ഷം തെരുവുനായ്ക്കളുണ്ട്​. എന്നാൽ, 17 എ.ബി.സി കേന്ദ്രങ്ങൾ മാത്രമാണുള്ളതെന്നത് അപര്യാപ്തമാണ്. പ്രവർത്തനവും കാര്യക്ഷമമല്ല. 2024-25ൽ 15,767 നായ്ക്കളെ മാത്രമാണ് വന്ധ്യംകരിച്ചത്. തദ്ദേശവകുപ്പിന് സർക്കാർ 98 കോടി രൂപ കൈമാറിയപ്പോൾ 13 കോടി മാത്രമാണ് ചെലവിട്ടത്. തെരുവുനായ്ക്കളുടെ കൃത്യമായ എണ്ണം, കടിയേറ്റ സംഭവങ്ങൾ, മരണം, പേവിഷ വാക്സിൻ എന്നിവ വ്യക്തമാക്കി തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി രണ്ടാഴ്ചക്കകം മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. ഹരജി വീണ്ടും ആഗസ്റ്റ് 19ന് പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Implementation of decision to euthanize stray dogs should be postponed -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.