തിരുവനന്തപുരം: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സഭാധ്യക്ഷരും വൈദികരുമടക്കം ആയിരങ്ങൾ അണിചേർന്നു.
കെ.സി.ബി.സി അധ്യക്ഷൻ കർദിനാൾ ബാർ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവയുടെ നേതൃത്വത്തിൽ കറുത്ത തുണികൊണ്ട് വാ മൂടിക്കെട്ടിയായിരുന്നു പ്രതിഷേധം. ജാഥ രക്തസാക്ഷി മണ്ഡപത്തിൽ തിരുവനന്തപുരം സഹായ മെത്രാൻ ക്രിസ്തുദാസ് ഫ്ലാഗ് ഓഫ് ചെയ്തു. മാർച്ച് രാജ്ഭവനിൽ മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ക്ലീമീസ് കത്തോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് കണ്ട് രാജ്യത്തെ ക്രിസ്ത്യാനികൾ സുവിശേഷം മടക്കിവെക്കുമെന്ന് ആരും കരുതരുതെന്ന് അദ്ദേഹം പറഞ്ഞു. സന്യാസിമാർക്ക് ജാമ്യം കിട്ടിയില്ലെന്നതിനേക്കാൾ സങ്കടം ജാമ്യം നിഷേധിച്ചപ്പോൾ അതിൽ ആഹ്ലാദിച്ച ആൾക്കൂട്ടത്തിന്റെ ആരവവും ആക്രോശവും കേട്ടപ്പോഴാണ്. ഇതാണോ മതേതര ജനാധിപത്യം? ക്രൈസ്തവ സന്യാസിമാർ തുറങ്കിലടക്കപ്പെടാനിടയായ സാഹചര്യം സമൂഹത്തെ ബോധ്യപ്പെടുത്താൻ ഭരണകൂടം തയ്യാറാവണം. ആരോപിക്കപ്പെടുന്നത് കൊണ്ട് ആരും കുറ്റക്കാരാകുന്നില്ല. കന്യാസ്ത്രീകളുടെ മേൽ ആരോപിക്കപ്പെട്ടത് ശരിയല്ലെന്നും സത്യമല്ലെന്നും പറഞ്ഞത് കേരളത്തിലെ ബി.ജെ.പി അധ്യക്ഷനാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം നീതി കിട്ടട്ടെ, അതിനുശേഷം ചായകുടിക്കാം. കന്യാസ്ത്രീമാർ ഇപ്പോഴും ജയിലിലാണ്. അവർക്ക് ജാമ്യം കിട്ടിയിട്ടില്ല. അവർക്ക് ലഭിക്കേണ്ട നീതി നിഷേധിക്കുമ്പോൾ പിന്നെ എന്ത് ചങ്ങാത്തം. എങ്ങനെയാണ് സാഹോദര്യത്തിന്റെ പൂർണത പറയാൻ കഴിയുക. ക്രിസ്മസ്-ഈസ്റ്റർ അവസരങ്ങളിലെ സൗഹൃദ സന്ദർശനങ്ങളെ പരോക്ഷമായി സൂചിപ്പിച്ചാണ്ണ് ക്ലീമിസ് ബാവയുടെ പരാമർശം.
ഭാവിയിലെ കേക്കുമായുള്ള സൗഹൃദ നയതന്ത്രത്തിൽ എന്ത് നിലപാടായിരിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കന്യാസ്ത്രീമാരുടെ അറസ്റ്റും ജാമ്യനിഷേധവും മാനദണ്ഡമാകുമെന്നും ഇതിനെ അടിസ്ഥാനപ്പെടുത്തിയാവും മുന്നോട്ടുപോവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഭാരതത്തിലെ രണ്ട് സന്യാസിനിമാർ സ്വന്തം ദേശത്ത് അപമാനിക്കപ്പെടുന്ന സാഹചര്യമാണുണ്ടായത്. അതാകട്ടെ കൃത്രിമമായുണ്ടാക്കിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലും. തങ്ങളുടെ ഏറ്റവും വലിയ പരിഗണന കന്യാസ്ത്രീമാർക്ക് നീതി ലഭിക്കുക എന്നതാണ്. മതപരിവർത്തനമെന്നത് ആരോപണമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വരെ പറഞ്ഞു. ഏതു മതത്തിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഇവിടെ ജീവിക്കാനും ഭരണഘടന ഉറപ്പുതരുന്ന സ്വാതന്ത്ര്യം നിലനിർത്താൻ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണം - ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ, മാർത്തോമ സഭ മെത്രാപ്പോലീത്ത ഐസക് മാർ ഫീലിക്സിനോസ്, തിരുവനന്തപുരം സഹായ മെത്രാൻ ക്രിസ്തുദാസ്, ചങ്ങനാശേരി അതിരൂപത വികാരി ജനറൽ ജോൺ തെക്കേക്കര, തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറൽ വർക്കി ആറ്റുപുറം, ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുട: കന്യാസ്ത്രീകളെ ആക്രമിച്ച ബജ്റങ്ദൾ എന്ന വർഗീയ-തീവ്രവാദ സംഘടനയെ നിരോധിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത. ആൾക്കൂട്ട വിചാരണയും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അന്യായമായ അറസ്റ്റും നടപ്പാക്കിയ വിഷയത്തിൽ കേന്ദ്ര സർക്കാറും ഛത്തിസ്ഗഢ് സർക്കാറും തുടരുന്ന സംശയകരമായ നിഷ്ക്രിയത്വം ഉപേക്ഷിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ആവശ്യപ്പെട്ടു.
ന്യൂനപക്ഷ ക്രൈസ്തവ വിശ്വാസികളെ കൽത്തുറുങ്കിന്റെ ഇരുട്ടിലേക്ക് തള്ളുന്ന കിരാതമായ മതതീവ്രവാദം അവസാനിപ്പിക്കണമെന്നും രൂപത വ്യക്തമാക്കി. വർഗീയതയെ ആയുധമാക്കി ഭരണഘടനവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ബജ്റങ്ദൾ ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഭാരതത്തിൽ നിരോധിക്കണം.
രാജ്യത്തിന്റെ ഭരണഘടനയെയും പൗരാവകാശങ്ങളെയും സംരക്ഷിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കാതെ നിഷ്ക്രിയരായി തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഭയത്തോടുകൂടി മാത്രമേ പൊതുജനത്തിന്, പ്രത്യേകിച്ച് ന്യൂനപക്ഷ ജനവിഭാഗത്തിന് മനസ്സിലാക്കാൻ കഴിയൂവെന്നും ഇരിങ്ങാലക്കുട രൂപത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.