മണ്ണഞ്ചേരി: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ തമിഴ് കുടുംബത്തിന് 13 വർഷത്തിന് ശേഷം നീതി ലഭിച്ചു. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത കാറുമായി വിനോദസഞ്ചാരത്തിന് പോയ മലയാളി ഡോക്ടർമാർ സഞ്ചരിച്ച കാർ തമിഴ്നാട്ടിൽ വെച്ചുണ്ടായ അപകടത്തിൽ തമിഴ് തൊഴിലാളി സ്ത്രീ മരിക്കുകയായിരുന്നു. റവന്യൂ വകുപ്പിന്റെ ഇടപെടലിലൂടെയാണ് ഇപ്പോൾ നീതി ലഭ്യമായത്. കന്യാകുമാരി അഗസ്തീശ്വരം താലൂക്കിൽ ബാലസുബ്രഹ്മണ്യപുരത്തെ കെ. മോഹനനും കുടുംബത്തിനുമാണ് 13 വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ നീതി ലഭിച്ചത്.
2012 ആഗസ്റ്റ് മൂന്നിന് കന്യാകുമാരി-നാഗർകോവിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിലാണ് മോഹനന് ഭാര്യ ഇസക്കിയമ്മാളിനെ നഷ്ടമായത്. നാഗർകോവിലിൽ റോഡരികിലെ കടയിൽ ചായ കുടിക്കുകയായിരുന്ന ഇസക്കിയമ്മാളിനെ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഡോ. എസ്. മുരളീധരനും സുഹൃത്ത് ഡോ. ജി. കൃഷ്ണകുമാറും സഞ്ചരിച്ച കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇസക്കിയമ്മാളിന്റെ മക്കൾ നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് നാഗർ കോവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. 2014ൽ ഇസക്കിയമ്മാളിന്റെ കുടുംബത്തിന് 10,31,754 രൂപ നഷ്ടപരിഹാരമായും 7.5 ശതമാനം പലിശയും നൽകണമെന്ന് വിധിച്ചു. വിധി നടപ്പാക്കാൻ സഹായം തേടി ഇസക്കിയമ്മാളിന്റെ മക്കൾ ആലപ്പുഴ ജില്ല എം.എ.സി.ടി കോടതിയിൽ ഹരജി ഫയൽ ചെയ്തു.
പണം കെട്ടിവെക്കാൻ തയാറാകാതിരുന്ന ഇരുവരും ചേർന്ന് അഭിഭാഷകനെ നിയമിച്ച് വിധിക്കെതിരെ കോടതിയെ സമീപിച്ചു. വിധിയുടമക്കായി ഹാജരായ അഡ്വ. ജോസ് വൈ. ജയിംസ് വിധിക്കടക്കാരനായ ഡോക്ടറുടെ പേരിൽ മണ്ണഞ്ചേരി വില്ലേജിൽ ഉണ്ടായിരുന്ന വസ്തുവകകളിൽനിന്ന് തുക ഈടാക്കാൻ വിധി സമ്പാദിച്ചു. തുടർന്ന് ഡോ. മുരളീധരൻ കഴിഞ്ഞ ദിവസം 19 ലക്ഷത്തോളം രൂപ കോടതിയിൽ കെട്ടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.