സഹീർ അഹമ്മദ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പത്ത് വയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപുള്ളിയായ പ്രതി അറസ്റ്റിൽ. പ്രതിയെ കർണാടകയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കർണാടക ബാഗേപള്ളി ജുവൽപാളിയയിലെ സഹീർ അഹമ്മദ് (48) ആണ് പിടിയിലായത്. 13 വർഷം മുമ്പ് കാഞ്ഞങ്ങാട്ട് പൂക്കച്ചവടത്തിനെത്തി ആവിക്കര ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന കുടുംബത്തിലെ സുനിലെന്ന കുട്ടിയെ കൊലപെടുത്തി പണം കവർന്ന കേസിൽ അറസ്റ്റിലായ പ്രതിയെ അന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തിരുന്നു. പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി.
ഇതേതുടർന്ന് ഹോസ്ദുർഗ് കോടതി പ്രതിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കൊല നടന്നദിവസം കുട്ടിയുടെ മാതാപിതാക്കൾ പൂ വിൽപനക്ക് കാഞ്ഞങ്ങാട് ടൗണിലേക്ക് പോയതായിരുന്നു. സുഖമില്ലാതിരുന്ന സുനിൽ ക്വാർട്ടേഴ്സിൽ തനിച്ചായിരുന്നു. തൊട്ടടുത്ത് താമസിച്ചിരുന്ന പ്രതി മുറിയിലെത്തി 8500 രൂപയോളം കവർന്ന ശേഷം കുട്ടിയെ കൊലപെടുത്തുകയായിരുന്നു. മുങ്ങിയ പ്രതിക്കായി നിരവധി തവണ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഹോസ്ദുർഗ് പൊലീസ് കാഞ്ഞങ്ങാട്ടെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.