ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിനുള്ള ദേശീയ ടീമില്‍ ഇടം നേടിയ വയനാടന്‍ താരങ്ങള്‍ പരിശീലകര്‍ക്കൊപ്പം
കല്പറ്റ: സെപ്റ്റംബര്‍ 11 മുതല്‍ 23 വരെ ബള്‍ഗേറിയയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയില്‍ വയനാട്ടില്‍നിന്നുള്ള താരങ്ങള്‍. ജില്ലയില്‍നിന്ന് അമല്‍ ജോണ്സണ്, എം.വി. നവീന്‍, ഋതുനന്ദ സുരേഷ്, എലെയ്ന് ആന്‍ നവീന്‍, സുദര്‍ശന രാജന്, ജോസ് വില്‍സണ്‍, എ.സി. വിധുല്‍, അഭിനവ് മഹാദേവ്, എം.ആര്. മുഹമ്മദ് റിഷാന്, നവീന്‍ പോള്‍, വി.ജെ. രാജു, ടി.പി. തോമസ്, അഷിന്‍ സലിന് തോമസ് എന്നിങ്ങനെ 13 പേര് ദേശീയ ടീമില്‍ ഇടം കണ്ടെത്തിയെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരുകൈ നോക്കാന്‍ കഴിയുമോ എന്ന സംശയത്തിലാണ്. സാമ്പത്തിക പ്രശ്നമാണ് ഇവര്‍ക്കു മുന്നിലെ മുഖ്യ പ്രതിസന്ധി.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് തിരികെ എത്തുന്നതിന് ഒരു താരത്തിന് ഏകദേശം മൂന്നു ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഈ തുക ഓരോ താരവും സ്വയം വഹിക്കേണ്ട സ്ഥിതിയാണുള്ളത്. മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുള്ള കുടുംബങ്ങളിലെ അംഗങ്ങളല്ല താരങ്ങളില്‍ പലരും. ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റേതടക്കം സാമ്പത്തിക സഹായമില്ല. പഞ്ചഗുസ്തി അസോസിയേഷനും നിസ്സഹായാവസ്ഥയിലാണ്.
ജൂണ്‍ 27 മുതല്‍ ജൂലൈ രണ്ടു വരെ തൃശൂരില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനമാണ് വയനാട്ടില്‍നിന്നുള്ള താരങ്ങള്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നതിന് അവസരം ഒരുക്കിയത്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയില്‍നിന്നുള്ള താരങ്ങള്‍ ഒമ്പത് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.