തിരുനെല്ലിയിൽ ബലിതർപ്പണം നടത്തുന്ന ഭക്തർ
തിരുനെല്ലി: കനത്തമഴയെ അവഗണിച്ചും തെക്കൻ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലിയിൽ കർക്കടകവാവ് ബലിതർപ്പണത്തിന് ആയിരങ്ങൾ ഒഴുകിയെത്തി. ബലിതർപ്പണം നടത്തുന്ന മലബാറിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ സ്വകാര്യ വാഹനങ്ങൾ കാട്ടിക്കുളത്ത് തടയാതിരുന്നതിനാൽ വിശ്വാസികൾ പ്രയാസമില്ലാതെ ബലിതർപ്പണം നടത്തി മടങ്ങി. സ്വകാര്യ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ നിട്ടറ പാലത്തിന്റെ അപ്രോച്ച് റോഡിലാണ് സൗകര്യമൊരുക്കിയിരുന്നത്.
ബലിതർപ്പണം കഴിഞ്ഞു മടങ്ങിയവരെ ദേവസ്വത്തിന്റെ വാഹനത്തിൽ പാർക്കിങ് സ്ഥലത്തേക്കെത്തിച്ചു. ഇത്തവണ വൺവേ സംവിധാനമാണ് ഏർപ്പെടുത്തിയത്. ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങൾ കാട്ടിക്കുളത്തുനിന്ന് ബേഗൂർ ഇരുമ്പുപാലം-കോട്ടിയൂർ വഴിയാണ് കടത്തിവിട്ടത്. ബലിതർപ്പണം കഴിഞ്ഞു മടങ്ങിയവരുടെ വാഹനങ്ങൾ അറവനാഴി-പോത്തുമൂല-സർവാണി-നിട്ടറ പനവല്ലി റോഡുകളിലൂടെയാണ് കാട്ടിക്കുളത്തേക്ക് കടത്തിവിട്ടത്. ഇതുമൂലം തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രണവിധേയമായി.
പൊൻകുഴി ക്ഷേത്രത്തിൽ നടന്ന പിതൃതർപ്പണം
എ.ഡി.എം കെ. ദേവകി, മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റിൻ, ഭൂരേഖ തഹസിൽദാർ പി.യു. സിതാര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ, എസ്.എം.എസ് ഡിവൈ.എസ്.പി ടി.എ. അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സേനയാണ് ഗതാഗതം നിയന്ത്രിച്ചത്. ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമീഷണർ പി.ടി. വിജയി, അസി. കമീഷണർ എൻ.കെ. ബൈജു എന്നിവർ ക്ഷേത്രത്തിലെത്തി ഒരുക്കം വിലയിരുത്തി. പാപനാശിനിക്കരയിൽ നടന്ന ബലിതർപ്പണത്തിന് ഡി.കെ. അച്യുത ശർമ, ഗണേഷ് ഭട്ടതിരി, പുതുമനയില്ലം ഉല്ലാസ് നമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി, എ.സി. രഞ്ജിത്ത് നമ്പൂതിരി, കെ.എൽ. രാധാകൃഷ്ണ ശർമ, കെ.എൽ. ശങ്കരനാരായണ ശർമ, കെ.കെ. ശംഭു പോറ്റി, കെ.കെ. ശ്രീധരൻ പോറ്റി, കെ. ദാമോദരൻ പോറ്റി എന്നിവർ നേതൃത്വം നൽകി.
ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്ശാന്തി കെ.എൽ. രാമചന്ദ്ര ശർമ സഹകാർമികനായി. ബുധനാഴ്ച വൈകീട്ടും വ്യാഴാഴ്ച രാവിലെയുമായി ക്ഷേത്രത്തിലെത്തിയവർക്ക് ദേവസ്വം സൗജന്യമായി ലഘുഭക്ഷണം നൽകി. തിരുനെല്ലി ദേവസ്വം പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, എക്സിക്യൂട്ടിവ് ഓഫിസർ കെ.വി. നാരായണൻ നമ്പൂതിരി, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഈ വർഷത്തെ കർക്കടക വാവിനോടനുബന്ധിച്ച് തിരുനെല്ലി ദേവസ്വം ഏർപ്പെടുത്തിയ സ്വകാര്യ വാഹന പാർക്കിങ് ഭക്തർക്ക് അനുഗ്രഹമായി. തിരുനെല്ലി ആശ്രമം സ്കൂൾ നിട്ടറ പാലവും റോഡും യാഥാർഥ്യമായതോടെയാണ് റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമായത്. ഇരുനൂറിലധികം വാഹനങ്ങൾ ഒരേസമയം നിർത്തിയിടാനുള്ള സൗകര്യമാണ് ലഭ്യമായിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ സ്വകാര്യ വാഹനങ്ങൾ കാട്ടിക്കുളത്ത് തടഞ്ഞ് കെ.എസ്.ആർ.ടി.സി ബസുകളിലാണ് ബലിയിടാനെത്തുന്നവരെ ക്ഷേത്രത്തിലെത്തിച്ചിരുന്നത്. പാർക്കിങ് സ്ഥലത്തെത്തുന്ന ഭക്തരെ ക്ഷേത്രത്തിലെത്തിച്ച് ബലികർമങ്ങൾക്കിശേഷം തിരിച്ചെത്തിക്കാൻ ദേവസ്വം 10 ടാക്സി ജീപ്പുകൾ ഏർപ്പെടുത്തിയിരുന്നു. പൊലീസ് ഏർപ്പെടുത്തിയ വൺവേ സംവിധാനവും ഗുണകരമായി. കാട്ടിക്കുളം തെറ്റ് റോഡ് വഴി വരുന്ന വാഹനങ്ങൾ നിട്ടറ പാലം പനവല്ലി വഴി കടത്തിവിടുകയായിരുന്നു.
കർക്കടകവാവ് ദിവസം തിരുനെല്ലിയിലെ പഞ്ചതീർഥകരയിൽ മരച്ചേമ്പ് വിൽപനക്കെത്തിയതാണ് തിരുനെല്ലി എരുവക്കി ഉന്നതിയിലെ കുറുമൻ. ദിവസങ്ങളോളം കഷ്ടപ്പെട്ടാണ് മരത്തിൽനിന്ന് മരച്ചേമ്പ് പറിച്ചെടുത്തതെന്ന് കുറുമൻ പറഞ്ഞു. ചെറിയ കെട്ടുകളായാണ് വിൽപനക്കുവെച്ചിരിക്കുന്നത്. സംസ്കൃതത്തിൽ ലക്ഷ്മണനെന്നും കന്നടയിൽ കാട്ടുഗദ്ദയെന്നും എലിഫന്റ് ഇയറെന്നും മരച്ചേമ്പ് അറിയപ്പെടുന്നു.
ഇന്ത്യ, സൗത്ത് ആഫ്രിക്ക, ഹിമാലയം, സിലോൺ തുടങ്ങിയ ഭാഗങ്ങളിലും മരച്ചേമ്പ് നന്നായി വളരും. ആദിവാസികൾ ഭക്ഷണപദാർഥമായും പ്രസവരക്ഷക്കും മരച്ചേമ്പ് ഇലകൾ ഉപയോഗിക്കുന്നു. വിവിധയിനം വിറ്റാമിനുകൾ, കാൽസ്യം, നാരുകൾ എന്നിവ മരച്ചേമ്പിൽ സമൃദ്ധമായുണ്ട്. സ്തനാർബുദ കോശങ്ങളുടെ വളർച്ച തടയുന്നതിനുള്ള കഴിവ് ഈ സസ്യത്തിനുണ്ടെന്ന് പറയപ്പെടുന്നു.
മാനന്തവാടി: താഴയങ്ങാടി മാരിയമ്മൻ ക്ഷേത്രത്തിൽ രാവിലെ മുതൽതന്നെ ബലിതർപ്പണത്തിന് നിരവധിപേരാണെത്തിയത്. വാധ്യാന്മാർ ചൊല്ലിക്കൊടുത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലി പിതൃക്കളുടെ മോക്ഷത്തിന് പ്രാർഥിച്ചു. ക്ഷേത്രം തന്ത്രി അജിത്ത് മുഖ്യകാർമികത്വം വഹിച്ചു. ശങ്കരനാരായണൻ, സൂരജ് പോരൂർ എന്നിവർ സഹകാർമികരായിരുന്നു. ക്ഷേത്രം ഭാരവാഹികളായ രാധാകൃഷ്ണൻ, ജയകുമാർ, ബാബു, സത്യൻ എന്നിവർ നേതൃത്വം നൽകി. സേവാഭാരതി വിശ്വാസികൾക്ക് ലഘു ഭക്ഷണവും നൽകി.
ചാമപ്പാറ ശിവപുരം ശിവക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങുകൾ
പുൽപള്ളി: കർക്കടക വാവിനോടനുബന്ധിച്ച് ചാമപ്പാറ ശിവപുരം ശിവക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടത്തി. നിരവധി ഭക്തർ പങ്കെടുത്തു. സുജിത്ത് കരിയാത്തും പാറയിൽ മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി പഞ്ചതീർഥം പന്നിക്കൽ സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ വിശേഷാൽ പൂജയും നടന്നു. കന്നാരം പുഴയുടെ തീരത്തായിരുന്നു ബലിതർപ്പണ ചടങ്ങുകൾ.
വാളാട്: എസ്.എൻ.ഡി.പി യോഗം വാളാട് ശാഖയുടെ നേതൃത്വത്തിൽ കർക്കടകവാവ് ബലിതർപ്പണം നടന്നു. പി.കെ. വീരഭദ്രൻ, എൻ.എൻ. ഷാജി, ശശി കല്ലംകുന്നേൽ എന്നിവർ നേതൃത്വം നൽകി.
സുൽത്താൻ ബത്തേരി: പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിൽ പിതൃതർപ്പണത്തിന് ഇത്തവണ എത്തിയത് പതിനായിരത്തിലേറെ ആളുകൾ. 25000ഓളം ആളുകൾ ക്ഷേത്ര ദർശനവും നടത്തി. പിതൃതർപ്പണ ചടങ്ങുകൾക്ക് പൊൻകുഴി ക്ഷേത്രം മേൽശാന്തി ഗിരീശ അയ്യർ നേതൃത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള, സെക്രട്ടറി സുരേന്ദ്രൻ ആവാത്തോൻ, ബാബു കട്ടയാണ്, അഡ്വ. കെ.എ. അശോകൻ, വാസു വെള്ളോത്ത്, സി. പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് വളന്റിയർമാർ തിരക്ക് നിയന്ത്രിച്ചു. അഗ്നിശമനസേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ വലിയ മുന്നൊരുക്കവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.