കോട്ടയം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ അകാലത്തിൽ പൊലിഞ്ഞവർക്ക് ആദരം അർപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്. സകലവും നഷ്ടപ്പെട്ട ജനത്തിന്റെ അതിജീവനത്തിന് കൈത്താങ്ങായി സഭയുണ്ടാകുമെന്ന് സുന്നഹദോസ് വ്യക്തമാക്കി.
ദുരന്തബാധിതർക്കായി സഭയുടെ നേതൃത്വത്തിൽ 50 ഭവനങ്ങൾ നിർമിച്ച് നൽകുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി രണ്ട് ഏക്കർസ്ഥലം വിലകൊടുത്ത് വാങ്ങുവാൻ തീരുമാനമായി. ദുരന്തമേഖലയിൽ പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്ന ഭൂമിയിൽ ഭവന നിർമാണത്തിനായി മാറ്റാർക്കും അനുമതി ലഭിക്കാൻ സാധ്യതയില്ലാത്തതിനാലാണ് സഭ നേരിട്ട് വീടുകൾ നിർമിക്കുന്നത്.
മേപ്പാടിയിൽ 22 വീടുകളും ചൂരൽമലയിൽ 16 വീടുകളും കുറിച്ച്യാർമലയിലും ദുരന്തംനാശം വിതച്ച മറ്റിടങ്ങളിലുമായി ശേഷിക്കുന്ന വീടുകളും സഭ നിർമിച്ച് നൽകും. വഴി സൗകര്യം, പൊതുഇടങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയാകും വീടുകളുടെ നിർമാണം. സഭയുടെ ദുരന്ത നിവാരണ സമിതി പ്രശ്നബാധിത മേഖലകൾ സന്ദർശിച്ച് ഭവനരഹിതരുമായി കൂടിക്കാഴ്ച്ച നടത്തി. പ്രദേശവാസികൾ നേരിടുന്ന പ്രതിസന്ധികൾ സമിതി പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിൽ അവതരിപ്പിച്ചു.
വാടക വീടുകളിൽ കഴിയുന്നവർക്ക് എത്രയും വേഗം സ്വന്തം വീടുകളിൽ അന്തിയുറങ്ങാൻ സാഹചര്യമൊരുങ്ങണം. ഒരു വീടിന്റെ നിർമാണമല്ല, ഒരു നാടിന്റെയാകെ പുനർനിർമാണം എന്ന വലിയ ദൗത്യമാണ് സർക്കാറിനും സമൂഹത്തിനും മുന്നിലുള്ളത്. അതുകൊണ്ടുതന്നെ നിർമാണത്തിൽ ആരോപണങ്ങളും തടസങ്ങളും ഉണ്ടാകാതിക്കാൻ ഭരണകർത്താക്കൾ ശ്രദ്ധ പുലർത്തണമെന്ന് എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.