ബസിൽ നിന്ന് വീഴുന്ന വിദ്യാർഥിനിയുടെ സി.സിടിവി ദൃശ്യം

വിദ്യാർഥിനി ബസിൽ നിന്ന് വീണ് പരിക്കേറ്റ സംഭവം: സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസ്

കാഞ്ഞിരപ്പള്ളി (കോട്ടയം): സ്കൂൾ വിദ്യാർഥിനി ബസിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ വാഹനം നീങ്ങിയതിനെ തുടർന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്. വാഴയിൽ എന്ന പ്രൈവറ്റ് ബസ് ഡ്രൈവർ പൊൻകുന്നം എലിക്കുളം പല്ലാട്ട് വീട്ടിൽ അർജുൻ പി. ചന്ദ്രനെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

വെള്ളിയാഴ്ച വൈകുന്നേരം 4.15 മണിയോടെ കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും പാലാ ഭാഗത്തേക്ക് പോയ വാഴയിൽ ബസ് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടം ബസ്റ്റോപ്പ് ഭാഗത്ത് നിർത്തി 11 വയസുള്ള വിദ്യാർഥിനി ഇറങ്ങുന്നതിനു മുമ്പായി അശ്രദ്ധമായി മുന്നോട്ട് എടുക്കുകയായിരുന്നു.

ഇതേതുടർന്ന് വിദ്യാർഥിനി ബസിന്റെ ഫുട്ബോഡിൽ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രം ബസിനടിയിൽ പെടാതെ കുട്ടി രക്ഷപ്പെട്ടത്. വീഴ്ചയിൽ കുട്ടിയുടെ വലത് കാലിനും കൈക്കുഴക്കും കൈവിരലുകൾക്കും പരിക്കേറ്റു.

സംഭവത്തിൽ അന്വേഷണം നടത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് ബസ് ഡ്രൈവർ അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചെന്ന് കണ്ടെത്തി. കൂടാതെ, അപകടമുണ്ടായാൽ ഒരു വാഹനത്തിന്റെ ഡ്രൈവർ എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ വാഹനം ഓടിച്ചു പോയി എന്ന ഗുരുതര കുറ്റവും ഡ്രൈവർ ചെയ്തതായും എഫ്.ഐ.ആറിൽ പറയുന്നു. 

Tags:    
News Summary - Student injured after falling from bus in Kanjirappally: Case filed against private bus driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.