തിരുവനന്തപുരം: ഭരണസ്തംഭനം തുടരുന്നതിനിടെ രണ്ടാഴ്ചക്ക് ശേഷം വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ വീണ്ടും കേരള സർവകലാശാലയിലെത്തി. കൊച്ചിയിൽ ആർ.എസ്.എസ് സംഘടിപ്പിച്ച ജ്ഞാനസഭയിൽ പങ്കെടുത്ത വി.സിക്കെതിരെ എസ്.എഫ്.ഐ കാമ്പസിൽ പ്രതിഷേധിച്ചു. മുദ്രാവാക്യം വിളികളോടെ വി.സിയുടെ കാറിനടുത്തെത്തിയ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. കനത്ത പൊലീസ് കാവലിലായിരുന്നു സർവകലാശാല ആസ്ഥാനം. വ്യാഴാഴ്ചയും വി.സി സർവകലാശാലയിൽ ഉണ്ടാകുമെന്നാണ് വിവരം.
ഭരണപ്രതിസന്ധി പരിഹരിക്കാൻ സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ആവശ്യപ്പെട്ടെങ്കിലും വി.സി നടപടി സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇടത് സിൻഡിക്കേറ്റംഗങ്ങൾ വ്യാഴാഴ്ച വി.സിയെ കാണും. സിന്‍ഡിക്കേറ്റ് വിളിക്കണമെന്നാവശ്യപ്പെട്ട് ഇവർ നേരത്തെ കത്ത് നല്‍കിയിരുന്നു. രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷനിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിൽ വി.സി ഉറച്ചുനിൽക്കുകയാണ്.
രജിസ്ട്രാർ ഡോ. കെ.എസ്. അനില്‍കുമാര്‍ സസ്പെന്‍ഷനിലാണെന്നും അദ്ദേഹത്തിന് ഫയല്‍ നല്‍കരുതെന്നും നിര്‍ദേശിച്ച് വി.സി ഉത്തരവിറക്കിയതിന് പിന്നാലെ സര്‍വകലാശാല ജീവനക്കാരെ നേരിട്ടു വിളിച്ചും ഇക്കാര്യം വ്യക്തമാക്കി. കെ.എസ്. അനില്‍കുമാറിന് ഡിജിറ്റൽ ഫയലുകൾ ലഭിക്കുന്ന സൗകര്യം വിച്ഛേദിക്കാനും താൽക്കാലിക രജിസ്ട്രാറുടെ ചുമതല നൽകിയ ഡോ. മിനി കാപ്പന് ഫയൽ പരിശോധിക്കാനുള്ള സൗകര്യം നല്‍കാനും ബുധനാഴ്ച വി.സി നിര്‍ദേശം നൽകി.
അനുമതിയില്ലാതെ ഡിജിറ്റൽ ഫയല്‍ ലഭ്യത സൗകര്യം മാറ്റരുതെന്നും ലംഘിച്ചാല്‍ കർശന നടപടികളുണ്ടാകുമെന്നും സോഫ്റ്റ്വെയർ -സാങ്കേതിക സൗകര്യമൊരുക്കുന്ന കെല്‍ട്രോണിനെ രേഖാമൂലം അറിയിക്കാന്‍ ഡോ. മിനി കാപ്പനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, വി.സി നിയമവിരുദ്ധ ഉത്തരവുകളാണ് പുറപ്പെടുവിക്കുന്നതെന്നും നടപടി അംഗീകരിക്കില്ലെന്നും ഇടത് സിൻഡിക്കേറ്റംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.