ചിത്രം: അഷ്കർ ഒരുമനയൂർ
ലോൺ അടവുകളും നിത്യനിദാന ചെലവുകളും കിഴിച്ചാൽ കൈയിൽ മിച്ചംപിടിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയിലാണ് ഒരു ശരാശരി മധ‍്യവർഗക്കാരനായ മലയാളി. കടക്കെണി പലരെയും മരണക്കെണിയിലേക്ക് തള്ളിയിടുന്ന ഇക്കാലത്ത് സമ്പാദ്യത്തിന്‍റെ പ്രാധാന്യം വർധിക്കുകയാണ്...
തിരുവനന്തപുരം വക്കത്ത് ഇക്കഴിഞ്ഞ മേയ് 27ന് മാതാപിതാക്കളും 22ഉം 25ഉം വയസ്സുള്ള രണ്ട് ആൺമക്കളും കൂട്ട ആത്മഹത്യ ചെയ്ത വാർത്ത കേട്ടവരെയെല്ലാം ഞെട്ടിച്ചു.
യുവാക്കളായ മക്കളെയും കൊണ്ട് ഇത്തരം കടുത്ത തീരുമാനം ആ കുടുംബനാഥൻ എടുത്തതിന് പിന്നിലെ കാരണം തേടിയ പൊലീസ് മനസ്സിലാക്കിയത് അവർ നേരിട്ട വലിയ സാമ്പത്തിക പ്രതിസന്ധിയാണ്. സ്വന്തമായി വാങ്ങിയ വീട് പുതുക്കിപ്പണിയാൻ ഈ കുടുംബം വൻതുക ലോൺ എടുത്തിരുന്നു. ഒരു സഹകരണ ബാങ്കിലെ ക്ലർക്ക് ആയിരുന്നു കുടുംബനാഥൻ. നിയമസഭയിൽ കരാർ ജീവനക്കാരിയാണ് ഭാര്യ.
കുഴപ്പമില്ലാതെ ജീവിച്ചുപോകാവുന്ന സാഹചര്യം. ഇതിനിടെ ഒരു മകന് സംഭവിച്ച അപകടത്തെ തുടർന്ന് ഭാരിച്ച ചികിത്സ ചെലവും കുടുംബം നേരിട്ടു. ഇതോടെ ലോൺ തിരിച്ചടവും മറ്റു ചെലവുകളും താങ്ങാൻ കഴിഞ്ഞില്ല. ഒടുവിൽ കുടുംബം ഒന്നടങ്കം മരണത്തിന്‍റെ വഴി തേടി.
2024 സെപ്റ്റംബറിലും ഒക്ടോബറിലുമായി എറണാകുളം ജില്ലയിലെ അങ്കമാലിയിലും തിരുവാണിയൂരിലുമായി രണ്ടു കുടുംബങ്ങൾ കൂട്ട ആത്മഹത്യ ചെയ്തു. അങ്കമാലിയിൽ കടയുടമയും ഭാര്യയും രണ്ടു കുഞ്ഞുമക്കളും. തിരുവാണിയൂരിൽ അധ്യാപക ദമ്പതികളും രണ്ടു മക്കളും. മധ്യവർഗ കുടുംബങ്ങളായ ഇവരെല്ലാം സാമ്പത്തിക ബാധ്യതകളാണ് കുട്ടികളെ കൊലപ്പെടുത്തി ജീവിതത്തിൽനിന്ന് ഒളിച്ചോടാൻ കാരണമായി എഴുതിവെച്ചത്.
ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2024 ഡിസംബർ വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് ആത്മഹത്യ പ്രവണത കൂടിയ നാലാമത്തെ സംസ്ഥാനമാണ് കേരളം. ഒരു ലക്ഷത്തിൽ 28.5 പേർ ആത്മഹത്യ ചെയ്യുന്നിടമാണ് നമ്മുടെ നാട്. 2021 മുതൽ 2025 മാർച്ച് വരെ കേരളത്തിൽ 40,000 പേർ ആത്മഹത്യ ചെയ്തതായി നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
പതിയെപ്പതിയെ കേറുന്ന കടം
സ്ഥിര വരുമാനമുള്ള ഒരാളുടെ കഥ കേൾക്കാം. പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന ജോലി. പ്രോവിഡന്‍റ് ഫണ്ടും ഗ്രാറ്റ്വിറ്റിയും ഒക്കെയുണ്ട്. കാര്യമായ സാമ്പത്തിക പ്രയാസങ്ങൾ അലട്ടാതെ ജീവിച്ചുപോകാനുള്ള സാഹചര്യങ്ങൾ. എങ്കിലും ഈ 50കാരന്റെ മാസശമ്പളത്തിന്‍റെ വലിയ പങ്കും ചിട്ടി, ലോൺ, കൈവായ്പ എന്നിങ്ങനെ അടവുകൾ തീർക്കാനേ തികയൂ.
മകന് വിദേശത്തുപോയി പഠിക്കാൻ എടുത്ത ലോൺ വരുത്തിവെച്ചതാണ് വലിയ ബാധ്യത. പഠനത്തോടൊപ്പം വിദേശത്ത് പാർട്ട് ടൈം ജോലി ചെയ്ത് ലോൺ അടക്കാമെന്നത് പ്രതീക്ഷിച്ചപോലെ സാധ്യമായില്ല. ഇതോടെ ലോൺ അടവ് മുടങ്ങി.
ലോൺ ഇ.എം.ഐ അടക്കാൻ മറ്റൊരു വായ്പ എടുത്തു. മാസശമ്പളത്തിൽ കൂടുതൽ അടവുകൾ ബാധ്യത വന്നതോടെ ജീവിതമാകെ താളംതെറ്റി. ഇപ്പോഴും ഇദ്ദേഹം ഇനിയുമൊരു വായ്പ കിട്ടുമോ എന്ന അന്വേഷണത്തിലാണ്.
നിലവിൽ ഒരു വീട് ഉണ്ടെങ്കിലും മറ്റൊരു ആഡംബര വീട് വെക്കാൻ ഒരു കോടിയോളം രൂപ ചെലവാക്കിയ മറ്റൊരാൾ. ഒരു ലക്ഷത്തിലേറെ വരുമാനം മാസം ഉണ്ടെങ്കിലും വീടുവെക്കാനെടുത്ത ലോൺ കൃത്യമായി തിരിച്ചടക്കുന്നതിൽ വീഴ്ച വന്നു.
കൈയിൽ കരുതിവെച്ച എമർജൻസി ഫണ്ട് ഉൾപ്പെടെ എടുത്ത് ചെലവഴിച്ചു. അപ്രതീക്ഷിതമായി ആശുപത്രി ചെലവുകൾകൂടി വന്നുചേർന്നതോടെ കടം വാങ്ങാൻ തുടങ്ങി. ബാധ്യതകൾ എങ്ങനെ തീർക്കും എന്നറിയാതെ നെട്ടോട്ടത്തിലാണ് അയാളിപ്പോൾ.
നാം മറന്ന സമ്പാദ്യ പാഠങ്ങൾ
വീട്ടിലെ ഓരോ അംഗവും ഒരു കാഷ് കുടുക്ക സ്വകാര്യമായി സൂക്ഷിച്ചിരുന്ന നാളുകൾ നമ്മുടെ മനസ്സിലുണ്ടാകും. ഓണം, പെരുന്നാൾ, വിഷു, ക്രിസ്മസ് ആഘോഷങ്ങളിൽ ലഭിക്കുന്ന സമ്മാന തുകകൾ തുടങ്ങി വീട്ടിലെ മുതിർന്നവരിൽനിന്ന് ‘അടിച്ചുമാറ്റുന്ന’ പണം വരെ ഈ കുടുക്കകളിൽ സൂക്ഷിച്ചിരുന്നു.
വർഷങ്ങൾക്ക് ശേഷം അതുപൊട്ടിച്ച് ആരുടെയും സഹായമില്ലാതെ സൈക്കിളോ മറ്റ് ഇഷ്ട സാമഗ്രികളോ വാങ്ങിയ ഓർമകൾ മുതിർന്നാലും പലർക്കും ഒരു ഗൃഹാതുരത്വംപോലെ കൂടെയുണ്ടാകും.
ധനവിനിയോഗത്തിന്‍റെയും സമ്പാദ്യത്തിന്‍റെയും ബാലപാഠങ്ങൾ നാം പഠിച്ചത് ഈ കാശുകുടുക്കയുടെ സൂക്ഷിപ്പിലാണ്. കിട്ടുന്നത് മുഴുവൻ ചെലവഴിക്കാനുള്ളതല്ലെന്നത് അതിലൊരു പാഠം. ഓരോ നാണയവും കൂട്ടിക്കൂട്ടി വെച്ചാൽ അത് വലിയ തുകയായി മാറുമെന്ന അനുഭവസാക്ഷ്യം മറ്റൊന്ന്. സ്വന്തമായി പണം കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് ലഭിക്കുന്ന ആദ്യ അവസരമായിരുന്നു അത്. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പാഠങ്ങളുടെ തുടക്കം.
എന്നാൽ, പണം സൂക്ഷിപ്പിന്‍റെയും സമ്പാദ്യത്തിന്‍റെയും നല്ല പാഠങ്ങൾ പകരുന്ന ശീലം ഇന്ന് വീടുകളിൽ കുറഞ്ഞു. എന്തും ഏതും ഒരുവട്ടമെങ്കിലും സ്വന്തമാക്കണമെന്ന പുതുതലമുറ ഉപഭോഗ സംസ്കാരം സമൂഹ മാധ്യമങ്ങളിലൂടെ പടർന്നു.
വിപണിയിൽ പുതുതായി ഇറങ്ങുന്ന ഓരോ ഉൽപന്നവും ‘അൺബോക്സ്’ ചെയ്യാതിരുന്നാൽ അതൊരു കുറവായി കാണുന്നതിലേക്ക് മുതിർന്നവർ വരെ വളർന്നു. ഇതെല്ലാംകൂടി, തീർത്താൽ തീരാത്ത കടബാധ്യതകളിലേക്കാണ് ഇന്ന് മലയാളി കുടുംബങ്ങളെ തള്ളിയിടുന്നത്.
വരവും ചെലവും കൂട്ടിയാൽ കൂടില്ല
സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്ന പീപ്ൾകോ കമ്പനിയുടെ സി.ഇ.ഒ ആശിഷ് സിംഗാൾ അടുത്തിടെ സമൂഹ മാധ്യമമായ ലിങ്ക്ഡിന്നിൽ പങ്കുവെച്ച കുറിപ്പ് രാജ്യത്തെ മധ്യവർഗ കുടുംബങ്ങളുടെ അവസ്ഥ വ്യക്തമാക്കുന്നുണ്ട്.
പ്രതിവർഷം അഞ്ചുലക്ഷം മുതൽ ഒരു കോടി വരെ രൂപ വാർഷിക വരുമാനം നേടുന്ന കുടുംബങ്ങൾക്ക് ഓരോ വർഷവും ലഭിക്കുന്ന വരുമാന വർധന 0.40 ശതമാനം മാത്രമാണെന്ന് അദ്ദേഹം പറയുന്നു. അഞ്ചു ലക്ഷത്തിന് താഴെ വരുമാനം നേടുന്നവർക്ക് നാലു ശതമാനം വരെയാണ് പ്രതിവർഷ വരുമാന വർധന. അതേസമയം, ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ഓരോ വർഷവും വില കൂടുന്നത് 80 ശതമാനം വരെയാണ്.
ചുരുക്കിപ്പറഞ്ഞാൽ മധ്യവർഗ കുടുംബങ്ങളുടെ വരുമാനം കാര്യമായി വർധിക്കുന്നില്ലെങ്കിലും ചെലവ് ഇരട്ടിയിലധികമായി കൂടുന്നു. എന്നാൽ, ശീലിച്ചുവന്ന ജീവിതത്തിലെ പുറംമോടി കുറക്കാനും പറ്റില്ല. പുതിയ വസ്ത്രം, ഫോൺ ഉൾപ്പെടെ വീട്ടുപകരണങ്ങൾ വാങ്ങൽ കൂടിയ വിലയ്ക്കാണെങ്കിലും തുടരേണ്ടി വരുന്നു. ജോലിയുടെ സമ്മർദം കുറക്കാൻ വിനോദയാത്രകൾക്ക് വേണ്ടിവരുന്ന ചെലവുകൾ വേറെ.
മാറ്റിവെക്കും, പിന്നെ തീരാനഷ്ടമാകും
ഇ.എം.ഐ തുകയും നിത്യനിദാന ചെലവുകളും കഴിച്ചാൽ കൈയിൽ മിച്ചംപിടിക്കാൻ ഒന്നുമില്ലെങ്കിൽ ആദ്യം നാം വേണ്ടെന്നുവെക്കുന്നത് പതിവായി നടത്തേണ്ട മെഡിക്കൽ ചെക്കപ്പുകൾ ആയിരിക്കും. ഓരോ മാസവും അത് അടുത്ത മാസത്തേക്ക് നീട്ടും.
അതുപോലെ ജിമ്മിലോ മറ്റു ഫിറ്റ്നസ് സെന്ററുകളിലോ പോയിക്കൊണ്ടിരുന്നത് ചെലവ് കുറക്കാനായി വേണ്ടെന്നു വെക്കും. ഹെൽത്ത് ഡ്രിങ്ക്സ് പോലുള്ളവ അവശ്യ സാധനങ്ങളുടെ ലിസ്റ്റിൽനിന്ന് പുറത്താകും. വിലകൂടിയ മരുന്നുകൾ വാങ്ങുന്നത് മുടങ്ങും.
ചുരുക്കത്തിൽ, വരവിനേക്കാൾ ചെലവ് കൂടുമ്പോൾ ആദ്യം അത് ബാധിക്കുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തിൽ ആയിരിക്കും. ഇതുപോലെ മാറ്റിവെക്കപ്പെടുന്ന മറ്റൊന്നാണ് കുട്ടികൾക്ക് പഠനത്തിലോ മറ്റു കഴിവുകളിലോ നൽകുന്ന പരിശീലനങ്ങൾ. സാമ്പത്തിക ഞെരുക്കം നേരിടുമ്പോൾ വേണ്ടെന്നുവെക്കുന്ന ഇത്തരം പരിശീലനങ്ങൾ കിട്ടാതാകുന്നത് കുട്ടികൾക്ക് ഭാവിയിൽ വലിയ നഷ്ടമായി മാറും.
എൻജിനീയറിങ്, മെഡിക്കൽ മേഖലകളിൽ താൽപര്യമുള്ള കുട്ടികൾക്ക് ഹൈസ്കൂൾ തലം മുതൽ ഫൗണ്ടേഷൻ കോഴ്‌സ് നൽകിയാൽ പ്രവേശനപരീക്ഷ പരിശീലനത്തിന് പിന്നീട് വലിയ തുക മുടക്കി ചേർക്കേണ്ട അവസ്ഥ ചിലപ്പോൾ ഒഴിവാകും. വീടിന്‍റെ അറ്റകുറ്റപ്പണികളാണ് മാറ്റിവെക്കപ്പെടുന്ന മറ്റൊരു ചെലവ്. ഇത് പിന്നീട് വലിയ തുക മുടക്കേണ്ടിവരുന്ന തകരാറായി മാറും.
മിച്ചംപിടിക്കാൻ പഠിക്കാം
അച്ചടക്കം, ആസൂത്രണം, ചെറിയ ജീവിതശൈലീ മാറ്റങ്ങൾ എന്നിവയിലൂടെ എത്ര കുറഞ്ഞ വരുമാനക്കാരായ കുടുംബത്തിനും സമ്പാദ്യം സ്വരൂപിക്കാനാകും. ജീവിതത്തിൽ വലിയ പ്രതിസന്ധികളെ നേരിടേണ്ടിവരുമ്പോൾ സ്വന്തം സമ്പാദ്യംതന്നെ രക്ഷയാകും. അറിയാം, പ്രായോഗികമായ ചില ടിപ്‌സ്...
1. ഓരോ രൂപയും ട്രാക്ക് ചെയ്യുക
ഒരു കുടുംബ ബജറ്റ് തയാറാക്കുക: നിങ്ങളുടെ എല്ലാ വരുമാനവും ചെലവുകളും എഴുതണം. എക്സൽ ഷീറ്റ് പോലുള്ള ആപ്പുകൾ ഇതിന് ഉപകരിക്കും. അനാവശ്യ ചെലവുകൾ തിരിച്ചറിയുക.
2. അനാവശ്യ ചെലവുകൾ കുറക്കുക
മറ്റൊരാളുടെ പ്രേരണയാൽ വാങ്ങൽ ഒഴിവാക്കുക. അത്യാവശ്യമല്ലാത്ത ഒരു പർച്ചേസ് നടത്തുന്നതിന് 24 മണിക്കൂർ താമസിപ്പിച്ചു ശീലിച്ചാൽ അവ ഒഴിവാക്കാനാകും. ഉപയോഗിക്കാത്ത സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുക (ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ, ജിമ്മുകൾ). പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് പരിമിതപ്പെടുത്തുക. സാധ്യമാകുമ്പോഴെല്ലാം പൊതുഗതാഗതം ഉപയോഗിക്കാം.
3. സ്മാർട്ട് ഷോപ്പിങ്
വീട്ടിലേക്ക് നിത്യോപയോഗ സാധനങ്ങൾ മൊത്തമായി വാങ്ങുക. പല കമ്പനികളുടെ സാധനവില ഓൺലൈനിൽ താരതമ്യം ചെയ്യുക. ഓഫറുകൾ പരിശോധിച്ചു മികച്ചത് തിരഞ്ഞെടുക്കുക. അടിയന്തരമല്ലാത്ത വാങ്ങലുകൾക്ക് ഉത്സവകാല, അല്ലെങ്കിൽ വർഷാവസാന വിൽപനക്കായി കാത്തിരിക്കാം.
4. സമ്പാദ്യത്തിന് ലക്ഷ‍്യം വേണം
ഹ്രസ്വകാല സമ്പാദ്യം: അടിയന്തര ഫണ്ട്, ചെറിയ യാത്രകൾ, ഗാഡ്‌ജെറ്റുകൾ. ദീർഘകാലം: കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കൽ, വീട് വാങ്ങൽ.
സമ്പാദ്യം ഓട്ടോമേറ്റ് ചെയ്യാം. സേവിങ്സ് അക്കൗണ്ടിലേക്കോ ആർ.ഡിയിലേക്കോ സ്ഥിരമായ പ്രതിമാസ കൈമാറ്റം ഇതിലൂടെ സാധ്യമാക്കാം.
5. ശരിയായ സേവിങ്സ് രീതികൾ ഉപയോഗിക്കുക
ആവർത്തന നിക്ഷേപങ്ങൾ (ആർ.ഡി), സ്ഥിര നിക്ഷേപങ്ങൾ (എഫ്.ഡി), മ്യൂച്വൽ ഫണ്ടുകൾ (എസ്.ഐ.പി-പ്രതിമാസം 500 രൂപ വേണമെങ്കിലും നിക്ഷേപിക്കാം), പൊതു പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്).
6. കടബാധ്യത കുറക്കുക
ക്രെഡിറ്റ് കാർഡുകൾപോലെ ഉയർന്ന പലിശയുള്ള വായ്പകൾ ആദ്യം അടക്കുക. അനാവശ്യ ഇ.എം.ഐകൾ ഒഴിവാക്കുക.
7. അടിയന്തര ഫണ്ട് സ്വരൂപിക്കുക
മൂന്നു മുതൽ ആറു വരെ മാസത്തെ ചെലവുകൾ മുന്നിൽകണ്ട് ഒരു അടിയന്തര ഫണ്ട് സ്വരൂപിക്കണം. അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകുമ്പോൾ സമ്പാദ്യത്തിൽനിന്ന് ചെലവഴിക്കേണ്ടിവരുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.
8. കുട്ടികളെ പണത്തിന്റെ മൂല്യം പഠിപ്പിക്കുക
ബജറ്റിന് അനുയോജ്യമായി കുടുംബകാര്യങ്ങൾ ആസൂത്രണം ചെയ്യുക. ഓരോ ചെലവും കൊണ്ട് വരുമാനത്തിൽനിന്ന് എത്ര കുറവാണ് വരുന്നതെന്ന് കുട്ടികളെ ബോധ‍്യപ്പെടുത്തുക. ചെറിയ തുക നൽകി സമ്പാദ്യത്തിന്റെ ആദ്യ പാഠങ്ങൾ നൽകുക.
9. വരുമാനം വർധിപ്പിക്കുക
ഫ്രീലാൻസിങ് അല്ലെങ്കിൽ സൈഡ് ബിസിനസ് കണ്ടെത്തുക. ഉപയോഗിക്കാത്ത സ്ഥലം ഉണ്ടെങ്കിൽ പച്ചക്കറി, കൂൺ കൃഷി എന്നിവ ചെയ്യാം. കാലിഗ്രഫി, ചിത്രകല പഠനം തുടങ്ങി വരുമാനം കിട്ടാവുന്ന സാധ‍്യതകൾ മനസ്സിലാക്കി ശീലിക്കാം.
10. മനസ്സുകൊണ്ട് സജ്ജമാകുക
സമ്പാദിക്കുന്നത് ഒരു നിശ്ചിത ചെലവായി കണക്കാക്കണം. അതായത്, സമ്പാദ്യത്തിനായി മാറ്റിവെക്കുന്ന തുക നിർബന്ധിത ചെലവുപോലെ കാണണം.
ദീർഘകാല സുരക്ഷയെക്കുറിച്ച് ചിന്തിക്കുക. വരുമാന നേട്ടങ്ങൾപോലെ സമ്പാദ്യ വിജയങ്ങൾ ആഘോഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.