മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യർക്ക് ജനനം മുതൽ വർഷങ്ങളോളം മറ്റുള്ളവരെ ആശ്രയിച്ച് മാത്രമേ നിലനിൽപും വളർച്ചയും വികാസവും സാധ്യമാകൂ. കുഞ്ഞുങ്ങളുടെ ശാരീരികവും വൈകാരികവും സാമൂഹികവുമായ ഈ ആശ്രയത്വം നിലനിൽപിനാവശ്യമായ സാമൂഹിക നൈപുണികൾ, ഭാഷാ വികാസം, സാംസ്കാരിക അറിവുകൾ തുടങ്ങി പലതും നേടിയെടുക്കാൻ സഹായകവുമാകുന്നു.
ഈ ആശ്രയത്വം വളരെക്കാലം നീണ്ടുനിൽക്കുന്നതിനാൽത്തന്നെ കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ വികാസത്തിലും മാനസികാരോഗ്യം നിലനിർത്തുന്നതിലുമൊക്കെ കുടുംബാന്തരീക്ഷത്തിന് വളരെയധികം പ്രാധാന്യവുമുണ്ട്.
കുടുംബ വ്യവസ്ഥിതിയിൽനിന്ന് കുട്ടിക്ക് ലഭിക്കേണ്ടത്
ആഹാരം, വെള്ളം, പാർപ്പിടം തുടങ്ങി പ്രാഥമിക ശാരീരിക ആവശ്യങ്ങൾ മാത്രമല്ല ഒരു മനുഷ്യനുള്ളത്. എബ്രഹാം മാസ്ലോയുടെ പ്രശസ്ത സിദ്ധാന്തമനുസരിച്ച് ഈ ശാരീരിക ശാസ്ത്രപരമായ ആവശ്യങ്ങൾ (Physiological Needs) നിറവേറ്റപ്പെട്ടുകഴിഞ്ഞാൽ, അടുത്ത തലത്തിൽ കുഞ്ഞിന് വേണ്ടത് ശാരീരികവും മാനസികവുമായ സുരക്ഷ എന്നതും (Safety Needs), സ്നേഹിക്കുക, സ്നേഹിക്കപ്പെടുക തുടങ്ങിയ ആവശ്യങ്ങളും (Need for love and belongingness) ആണ്.
പൂർണമായും മാതാപിതാക്കളെ ആശ്രയിച്ചു കഴിയുന്ന കുഞ്ഞിന് ശാരീരികവും വൈകാരികവും സാമ്പത്തികവും ആരോഗ്യപരവുമായ സുരക്ഷിതത്വ ബോധം നൽകേണ്ടതും അവനെ/അവളെ സ്നേഹിക്കേണ്ടതും സ്വന്തം എന്ന് തോന്നാൻ ബന്ധങ്ങൾ നൽകേണ്ടതുമൊക്കെ (love and belongingness needs) മാതാപിതാക്കളുടെയും കുടുംബത്തിന്‍റെയും ധർമമാണ്.
സുരക്ഷസംബന്ധ ആവശ്യങ്ങൾ നോക്കുമ്പോൾ ഒരു വ്യക്തിക്ക് പ്രധാനമായും വേണ്ടത് ജീവിക്കാൻ സുരക്ഷിത ചുറ്റുപാട്, സാമ്പത്തികസുരക്ഷ, ആരോഗ്യ സുരക്ഷ, തൊഴിൽസുരക്ഷ തുടങ്ങിയവയൊക്കെയാണ്. ജീവിതത്തിലും പരിസ്ഥിതിയിലും സുരക്ഷിതത്വം അനുഭവിക്കേണ്ടതിന്‍റെ ആവശ്യകത കുട്ടിക്കാലം മുതൽ വേണം.
കുഞ്ഞ് കട്ടിലിൽനിന്ന് വീഴാതെ നോക്കേണ്ടതും വീട്ടിൽ കുഞ്ഞുങ്ങൾക്ക് അപകടമോ മുറിവുകളോ ഉണ്ടാകാതെ നോക്കേണ്ടതുമൊക്കെ കുഞ്ഞിന്‍റെ ശാരീരിക സുരക്ഷക്കായി മാതാപിതാക്കൾ ചെയ്യുന്നതാണ്. അതുപോലെ പ്രധാനമാണ് വൈകാരിക സുരക്ഷയും. അതിന് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
പ്രാഥമിക സുരക്ഷ നൽകുന്നവരുമായുള്ള ബന്ധം
ജീവശാസ്ത്രപരമായിത്തന്നെ കുട്ടികൾ അവരുടെ പ്രാഥമിക സംരക്ഷകരോട് (Primary Caregivers) വൈകാരിക ബന്ധം (Emotional bond) ഉണ്ടാക്കുന്നവരാണ്. അവർ മാതാപിതാക്കളോടോ വിശ്വസ്തരായ മുതിർന്നവരോടോ അടുപ്പം (Closeness) ആഗ്രഹിക്കുന്നു.
പ്രത്യേകിച്ചും ഭയമോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാകുന്ന സാഹചര്യത്തിൽ കുഞ്ഞുങ്ങൾ മുതിർന്നവരുടെ സാമീപ്യത്തിനായി അവരെ വിളിക്കുകയോ കരയുകയോ ഒക്കെ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളിൽ കുഞ്ഞുങ്ങൾക്ക് ആ സാന്നിധ‍്യവും ആശ്വാസവും നൽകേണ്ടത് അത്യാവശ്യമാണ്.
കുട്ടികൾക്ക് പ്രാഥമിക സുരക്ഷ നൽകുന്ന മാതാപിതാക്കളുമായോ മറ്റു മുതിർന്നവരുമായോ ഉണ്ടാകുന്ന ഈ ബന്ധത്തിന് എത്രമാത്രം ആഴവും ഗുണമേന്മയും ഉണ്ടെന്നതാണ് മറ്റുള്ളവരിൽ അവർക്ക് ഉണ്ടാകുന്ന വിശ്വാസത്തെയും അവരുടെ ഭാവി ബന്ധങ്ങളെയും സുരക്ഷ ബോധത്തെയും (Sense of security) ബാധിക്കുന്നത്.
സ്ഥിരതയുള്ള അന്തരീക്ഷം
പൊതുവെ കുഞ്ഞിന്‍റെ ദിനചര്യകൾ (ആഹാരം നൽകുന്ന സമയം, ഉറങ്ങുന്ന സമയം) എല്ലാ ദിവസവും കൃത്യസമയത്ത് നടക്കുന്നത് കുട്ടിയിൽ സുരക്ഷിതത്വ ബോധം ഉണ്ടാക്കാൻ സഹായിക്കും.
ഒരു കുടുംബാന്തരീക്ഷത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങൾ അല്ലെങ്കിൽ മുതിർന്നവരുടെ സ്വഭാവത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന വ്യത്യാസങ്ങൾ (ഉദാ: ദേഷ്യം, ഒഴിവാക്കൽ) കുട്ടിയിൽ ഭയവും ഉത്കണ്ഠയുമൊക്കെ ഉണ്ടാക്കാം.
കുടുംബാന്തരീക്ഷം
മാതാപിതാക്കൾ തമ്മിലെ വഴക്ക്, കുടുംബാംഗങ്ങൾ തമ്മിലെ വഴക്ക്, ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന കുടുംബാംഗങ്ങൾ, മുതിർന്നവർ കുട്ടികൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ, ശാരീരിക-മാനസിക-ലൈംഗിക പീഡനങ്ങൾ, അക്രമ സ്വഭാവങ്ങൾ, മാതാപിതാക്കൾ കുട്ടികളെ ഉപേക്ഷിച്ചു പോകുന്ന പ്രവണത തുടങ്ങിയവ കുട്ടികൾക്ക് സുരക്ഷിതത്വ ബോധം നൽകുന്നവയല്ല. കുട്ടികൾ അത്യധികം ജാഗരൂകരാകാനും ഭയം കാരണം അവരിലേക്ക് ചുരുങ്ങി ജീവിക്കാനും ഇതിടയാക്കാം.
അതുപോലെ, എന്ത് ചെയ്താലും സ്ഥിരമായി വിമർശിച്ചുകൊണ്ടിരിക്കുന്നതും കളിയാക്കുന്നതും നാണംകെടുത്തുന്നതും കുറ്റപ്പെടുത്തുന്നതുമൊക്കെ കുട്ടികൾക്ക് വൈകാരിക സുരക്ഷിതത്വം അനുഭവപ്പെടാതിരിക്കാൻ കാരണമാകാറുണ്ട്.
അനാവശ്യ പേടിയും അരക്ഷിതാവസ്ഥയും കുട്ടികളിൽ ഉണ്ടാക്കാറുമുണ്ട്. തെറ്റുകൾ ചെയ്യുമ്പോഴും അവരെ മനസ്സിലാക്കുന്നുണ്ട്, അവർ എന്ന വ്യക്തിയെ അംഗീകരിക്കുന്നുണ്ട് എന്ന തോന്നൽ അവരിലുണ്ടാകണം.
സുരക്ഷിത ചുറ്റുപാടുകൾ
താമസിക്കുന്ന ചുറ്റുപാടുകൾ സുരക്ഷിതത്വ ഭീഷണിയുള്ള സ്ഥലമാണെങ്കിൽ (ഉദാ: യുദ്ധ സാഹചര്യം നിലനിൽക്കുന്നവ, പ്രകൃതി ദുരന്തങ്ങൾ അടിക്കടി ഉണ്ടാകുന്ന സ്ഥലങ്ങൾ തുടങ്ങിയവ) അത് കുട്ടിയിലെ സുരക്ഷിതത്വ ബോധം ഇല്ലാതാക്കും.
അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്ന കുട്ടികൾ യുദ്ധാന്തരീക്ഷത്തിൽ വളരെയധികം ഭയത്തോടുകൂടിയാവും ജീവിക്കുന്നത്. അവരുടെ പ്രാഥമിക സുരക്ഷ ആവശ്യം സ്ഥിരമായി ലംഘിക്കപ്പെടുകയാണ് അവിടെ നിരന്തരം സംഭവിക്കുന്നത്.
അതുപോലെ ഏത് സമയവും ലഹളകളോ വഴക്കുകളോ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ, തന്മൂലം എപ്പോൾ വേണമെങ്കിലും വീടോ മാതാപിതാക്കളെയോ ബന്ധുക്കളെയോ സ്വന്തം ജീവനോ നഷ്ടപ്പെടേണ്ടി വരുമെന്ന അവസ്ഥയിലുള്ള കുട്ടികൾക്ക് ലോകത്തോടുതന്നെയുള്ള വിശ്വാസം നഷ്ടപ്പെടാം.
സുരക്ഷ ആവശ്യങ്ങൾ വേണ്ടവിധം നിറവേറ്റപ്പെടുന്ന അവസ്ഥയുണ്ടായില്ലെങ്കിൽ വൈകാരികമായി ഒറ്റപ്പെടുന്ന അവസ്ഥ കുട്ടികളിൽ ഉണ്ടാക്കുകയും അത് ജീവിതത്തിൽ അമിത ഉത്കണ്ഠക്കും ഭയത്തിനും കാരണമാവുകയും ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും. അതവർക്ക് ആരോഗ്യകരമായ ബന്ധങ്ങൾ ഉണ്ടാക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യാം.
വിഷാദം, സ്വഭാവ പ്രശ്നങ്ങൾ (Behaviour problems), ദേഷ്യം, ആക്രമണസ്വഭാവം, എല്ലാവരിൽനിന്നും ഒഴിഞ്ഞുമാറുന്ന പ്രകൃതം തുടങ്ങിയവയിലേക്കും നയിക്കാറുണ്ട്. ഉദാഹരണത്തിന്, സ്കൂളിൽ സ്ഥിരമായി കളിയാക്കപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യുന്ന കുട്ടി സ്കൂളിൽ പോകാൻ വിമുഖത കാണിക്കാം. ഇവിടെ സ്‌കൂളിനെ ഒഴിവാക്കൽ എന്നത് വൈകാരിക സുരക്ഷ ലഭിക്കാൻ വേണ്ടി കുട്ടി കണ്ടെത്തുന്ന മാർഗമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്.
ശ്രദ്ധവേണം ഇക്കാര്യങ്ങളിൽ
1. വൃത്തിയുള്ളതും സുരക്ഷിതവുമായ ചുറ്റുപാടുകൾ കുട്ടികൾക്ക് നൽകുക. കഴിവതും കൃത്യസമയങ്ങളിൽ തന്നെ അവർക്ക് വേണ്ട ആഹാരം, വെള്ളം, ഉറക്കം തുടങ്ങിയവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വീട്ടിൽ വഴക്കുകളും അക്രമങ്ങളും ലഹരിവസ്തുക്കളുടെ ഉപയോഗവും ഒഴിവാക്കുക.
2. മാതാപിതാക്കളെ കുട്ടികൾക്ക് വൈകാരികമായി ലഭ്യമാകണം. കുട്ടിക്ക് സ്നേഹവും ശ്രദ്ധയും സ്വീകാര്യതയും പരിചരണവും നൽകുക. അസുഖങ്ങളോ സ്‌കൂളിലെ പ്രശ്നങ്ങളോ എന്തുമാകട്ടെ അവർക്ക് ഭയമോ സങ്കടമോ സമ്മർദമോ ഉണ്ടാക്കുന്ന ഏത് സാഹചര്യത്തിലും അവരുടെ വികാരങ്ങളെയും വിചാരങ്ങളെയും കേട്ട് മനസ്സിലാക്കി ഒപ്പംനിന്ന് പിന്തുണ നൽകുക.
3. കൃത്യമായ ദിനചര്യകൾ ഉണ്ടാവുന്നതുകൊണ്ട് കുട്ടിക്ക് അവരുടെ കാര്യങ്ങളിൽ സ്വയം നിയന്ത്രണം തോന്നുകയും തദ്ഫലമായി കൂടുതൽ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും ഉണ്ടാവുകയും ചെയ്യും.
4. കുട്ടികൾക്ക് സ്വന്തം വികാരങ്ങളെ പേരു പറഞ്ഞ് തിരിച്ചറിയാനും അവയെ നിയന്ത്രിക്കാൻ സുരക്ഷിത മാർഗങ്ങൾ കണ്ടെത്താനും കഴിയണം. അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ ശിക്ഷിക്കാതെ പകരം വേണ്ട നിർദേശങ്ങൾ നൽകി വഴികാട്ടാം.
5. സുരക്ഷയുടെ പേരിൽ കുട്ടിയുടെ സ്വാതന്ത്ര്യവും സ്വയം പര്യാപ്തതയും ഹനിക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച മാതാപിതാക്കളുടെ ഉത്കണ്ഠ കാരണം അമിത സംരക്ഷണം നൽകുന്നത് കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിക്കാം.
6. കുട്ടികൾക്ക് പാലിക്കാൻ കൃത്യമായ നിയമങ്ങളും മാർഗനിർദേശങ്ങളും ഉണ്ടായിരിക്കണം. ക്രൂരമായ ശിക്ഷാരീതികൾ ഒഴിവാക്കുക. ശാന്തതയോടെ കുട്ടികളോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു വേണം അവരെ അച്ചടക്കം ശീലിപ്പിക്കേണ്ടത്.
7. തെറ്റുകളും സംശയങ്ങളും എതിർപ്പുകളും ഭയവും ആരെക്കുറിച്ചുമുള്ള വിമർശനങ്ങളും ഒക്കെ തുറന്നു സംസാരിക്കാനും പ്രകടിപ്പിക്കാനും ആരോഗ്യകരമായ രീതിയിൽ ചർച്ച ചെയ്യാനുമുള്ള അന്തരീക്ഷം വീട്ടിൽ ഉണ്ടായിരിക്കണം.
8. വീടുകളിൽ, അടുത്ത ബന്ധുക്കളിൽനിന്നുതന്നെ കുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെപ്പറ്റിയുള്ള വാർത്തകൾ മിക്ക മാതാപിതാക്കളെയും വളരെയധികം ഉത്കണ്ഠയിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ, ഏതൊരു മുതിർന്ന വ്യക്തിയും കുട്ടിയെ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്ന് ചിന്തിക്കുന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഭീതിജനകമാണ്. പക്ഷേ, ഒരു കുഞ്ഞ് ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന മറ്റേതൊരു വെല്ലുവിളി അല്ലെങ്കിൽ അപകടത്തെപ്പോലെത്തന്നെ ഇത്തരം സാഹചര്യങ്ങളും നേരിടാൻ അവരെ പ്രാപ്‌തരാക്കുക എന്നതു മാത്രമാണ് ചെയ്യാനുള്ളത്. അല്ലാതെ കുട്ടികളെ എങ്ങോട്ടും വിടാതെ ആരോടും സഹകരിക്കാതെ പേടിപ്പിച്ചു വളർത്തുക എന്നതല്ല.
9. ഓരോ സാഹചര്യങ്ങളിലും എങ്ങനെയാണ് സ്വന്തം സുരക്ഷക്ക് മുൻതൂക്കം നൽകിക്കൊണ്ട് പെരുമാറുന്നതെന്നും വഴക്കുകൾ പരിഹരിക്കുന്നതെന്നും അപകടങ്ങൾ ഒഴിവാക്കാൻ എങ്ങനെയാണ് മുൻകരുതലോടെ പെരുമാറേണ്ടതെന്നുമൊക്കെ കാണിച്ചുകൊടുക്കുന്നതിൽ മാതൃകയാവുക.
10. കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുക. സൈബര്‍ അപകടങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്കും അറിവുണ്ടായിരിക്കണം.
പഠിപ്പിക്കാം, സുരക്ഷാബോധം
തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ശ്രദ്ധിക്കേണ്ടതും നിറവേറ്റിക്കൊടുക്കേണ്ടതും മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. അവരുടെ ഒപ്പംനിന്ന് സുരക്ഷ ശ്രദ്ധിക്കേണ്ട പ്രായത്തിൽ അത് ശ്രദ്ധിച്ചേ മതിയാകൂ. എന്നാൽ, കുട്ടികൾ വളരുന്നതനുസരിച്ച് സ്വന്തം സുരക്ഷ ഉറപ്പാക്കാൻ വേണ്ട നൈപുണികൾ അവരെ പഠിപ്പിക്കേണ്ടതും സ്വയം നേടിയെടുക്കേണ്ടതുമുണ്ട്.
● ആരോഗ്യകരമായ ബന്ധങ്ങൾ എന്താണെന്ന അവബോധം നൽകണം. ശാരീരികമായോ സാമ്പത്തികമായോ ലൈംഗികമായോ വൈകാരികമായോ ഉപദ്രവിക്കുന്നതും ചൂഷണം ചെയ്യുന്നതുമൊക്കെ അനാരോഗ്യകരമായ ബന്ധങ്ങളിൽ ആണെന്ന് കുട്ടികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
● സുരക്ഷിത സ്പർശം, സുരക്ഷിതമല്ലാത്ത സ്പർശം (safe touch, unsafe touch) എന്താണെന്ന് തിരിച്ചറിയാൻ കുട്ടികളെ പഠിപ്പിക്കുക. ആരോടാണെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾക്ക് ‘നോ’ അല്ലെങ്കിൽ ‘പറ്റില്ല’ എന്ന് പറയാൻ ശീലിപ്പിക്കുക.
● ഒരാളോട് സംസാരിക്കുന്നതും ഇടപഴകുന്നതും സുരക്ഷിതമാണോ എന്ന് തിരിച്ചറിയാനും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഏത് രീതിയിൽ പ്രതികരിക്കണം എന്നും പഠിപ്പിക്കുക.
● അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ആളുകളുടെ (പൊലീസ്, അധ്യാപകർ തുടങ്ങിയ) വിവരങ്ങളും എങ്ങനെയാണ് സഹായം ചോദിക്കേണ്ടത് എന്നും അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളും കുട്ടികൾക്ക് നൽകാവുന്നതാണ്.
● സുരക്ഷ നിയമങ്ങൾ (ഉദാ: റോഡ് സുരക്ഷ, സൈബര്‍ സുരക്ഷ), അപരിചിത സ്ഥലങ്ങളിൽ പോകുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ തുടങ്ങിയവയെക്കുറിച്ചൊക്കെ കുട്ടിയുടെ വയസ്സിനനുസരിച്ചുള്ള അവബോധം നൽകുക.
● ഒരു ബന്ധത്തിൽ സ്വകാര്യ ഇടം (personal space), സ്വകാര്യത (privacy), അതിരുകൾ അല്ലെങ്കിൽ പരിധികൾ (boundaries) എന്താണെന്നും കുട്ടികൾക്ക് ധാരണ നൽകുക.
ഏതൊരു ആരോഗ്യകരമായ ബന്ധത്തിലും ഒരാൾക്ക് മറ്റേയാളുടെ കാര്യങ്ങളിൽ ഇടപെടുന്നതിന് പരിധികളുണ്ടെന്നും അവ ലംഘിക്കാൻ പാടില്ലെന്നും കുട്ടികളെ ബോധ്യപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.