അനൂസ് കൃഷിയിടത്തിൽ

‘കൃഷിയിലെ വരുമാനം ഉപയോഗിച്ച് ടിപ്പറും കാറും ഭൂമിയുമെല്ലാം സ്വന്തമാക്കി’ -ഡ്രൈവർ ജോലി ഉപേക്ഷിച്ച് മണ്ണിലിറങ്ങി പൊന്നുവിളയിക്കുകയാണ് വയനാട്ടുകാരൻ അനൂസ്

വളയം പിടിക്കുന്നതിന്‍റെ ഇടവേളകളിൽ മണ്ണിലിറങ്ങുന്നത് അയാൾക്ക് ഹോബിയായിരുന്നു. കളി പിന്നീട് കാര്യമായതോടെ കൃഷിയെ ജീവവായുവായി സ്വീകരിച്ചു.

കുടുംബ പശ്ചാത്തലം കൃഷിയാണെങ്കിലും ഡ്രൈവർ ജോലിയാണ് വയനാട് വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി കരുവാരത്തൊടി അനൂസ് അന്നത്തിന് തിരഞ്ഞെടുത്തത്.

20 വർഷം മുമ്പ് കൃഷി‍യോട് മുഹബ്ബത്ത് തല പൊക്കിയതോടെ പതുക്കെ കൃഷിയും ആരംഭിച്ചു. വാഴയും ചേനയും ചേമ്പുമൊക്കെയായി കുറച്ച് കൃഷിയിടം.

മുഹബ്ബത്ത് പെരുത്തതോടെ 12 വർഷം മുമ്പ് പൂർണമായും കൃഷിയെ കൂട്ടുപിടിച്ചു. ഡ്രൈവർ ജോലിയോട് സലാം പറഞ്ഞ് കൃഷിയെ നെഞ്ചോടുചേർക്കാൻ തീരുമാനിച്ചതോടെ കൂട്ടുകാരൻ സുമിത്തും കൂടെ കൂടി.

ഡ്രൈവിങ് സീറ്റിൽനിന്ന് മണ്ണിലേക്ക്

മണ്ണിനെ കൂടുതൽ സ്നേഹിക്കാൻ തീരുമാനിച്ചതോടെ ടിപ്പറോടിക്കാൻ മറ്റൊരു ഡ്രൈവറെ കണ്ടെത്തി. കൃഷിയിൽനിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ടിപ്പറും കാറും ഭൂമിയുമെല്ലാം അനൂസ് സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം പച്ചക്കറിയിലേക്ക് തിരിഞ്ഞ അനൂസിന് ലക്ഷങ്ങൾ നഷ്ടമായെങ്കിലും പുതിയ പഠനങ്ങളും തിരിച്ചറിവുകളും സ്വായത്തമാക്കി പോരാടാനുറച്ചതോടെ ഈ വർഷം വീടിനടുത്ത രണ്ടര ഏക്കറിൽ 18 ഇനം പച്ചക്കറികൾ കൃഷി ചെയ്ത് നല്ലൊരു വരുമാനം കൊയ്തു. മുൻവർഷത്തെ നഷ്ടമടക്കം ഇത്തവണ തിരിച്ചുപിടിച്ചാണ് പച്ചക്കറി കൃഷിയിൽ വെന്നിക്കൊടി പാറിച്ചത്.

കഴിഞ്ഞ വർഷം മാർക്കറ്റിങ് പരാജയമായിരുന്നെങ്കിൽ ഇത്തവണ തണ്ണിമത്തൻ ആവശ്യക്കാർക്ക് മുഴുവൻ എത്തിക്കാൻ പോലുമായില്ല.


നെല്ലും പതിരും തിരിച്ചറിഞ്ഞ്

അനൂസിന്‍റെ കൃഷിപാഠത്തിന് പ്രോത്സാഹനവും പിന്തുണയും നൽകാൻ സോഷ്യൽ മീഡിയയിലടക്കം നിരവധി സുഹൃത്തുക്കളുണ്ട്. തമിഴ്നാട്ടിലുൾപ്പെടെ വിവിധ കൃഷിയിടങ്ങളിൽ പോയി നെല്ലും പതിരും തിരിച്ചറിഞ്ഞും പഠിച്ചുമാണ് ഓരോ തവണയും കൃഷി മെച്ചപ്പെടുത്തുക.

ഓരോ തവണ കൃഷിയിറക്കുമ്പോഴും വിവിധ ഇടങ്ങളിൽ പോയി പഠിച്ച് കൃഷിരീതികളിൽ മെച്ചപ്പെട്ടത് സ്വീകരിക്കുകയും മാർക്കറ്റിങ്ങിന് ഉൾപ്പെടെ സാധ്യതകൾ നേരത്തേ തന്നെ കണ്ടെത്തുകയും ചെയ്യും. കൃഷിയിൽ നഷ്ടം വന്നപ്പോൾ മറ്റു കൃഷിയിടങ്ങൾ സന്ദർശിച്ചു പഠിക്കുന്നതിനൊപ്പം യൂട്യൂബ് നോക്കിയും കൃഷി മെച്ചപ്പെടുത്താനുള്ള പുതിയ അറിവുകൾ സ്വന്തമാക്കി.

മണ്ണൊരുക്കൽ മുതല്‍ ഒരോ ചുവടും അതീവ ശ്രദ്ധയോടെയാണ് ചെയ്തുതീർക്കുക. മണ്ണൊരുക്കല്‍, നടീല്‍, ജലസേചനം എല്ലാത്തിലും പുതിയ അറിവുകൾ നേടി മെച്ചപ്പെട്ടത് തിരഞ്ഞെടുക്കും. അങ്ങനെ ഓരോ ഘട്ടത്തിലും നൂതന രീതിയിലുള്ള സമീപനംകൊണ്ട് കൃഷി വിജയമായി.

അനൂസ് കുടുംബത്തോടൊപ്പം

പുതിയ പരീക്ഷണത്തിന്

ഡ്രൈവിങ് മടുത്തതിനാലോ ഇഷ്ടമില്ലാത്തതിനാലോ അല്ല, കൃഷിയോടുള്ള പ്രിയവും സംതൃപ്തിയുമാണ് മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് അനൂസ് പറയുന്നു.

കൃഷിയെ കൂടുതൽ പഠിക്കുകയും കൃത്യമായ പരിചരണവും മാർക്കറ്റിങ്ങും കണ്ടെത്താനുമായാൽ മറ്റെന്തിനേക്കാളും വരുമാനം കൃഷിയിൽനിന്നുണ്ടാക്കാമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

അസമിൽനിന്നുള്ള കുടുംബവും മറ്റു രണ്ട് അസം സ്വദേശികളുമാണ് കൃഷിയിടത്തിൽ സഹായത്തിനുള്ളത്. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന അനൂസിന്‍റെ കുടുംബം വിയർപ്പുവീണ മണ്ണിന്‍റെ സുഗന്ധം ഇന്ന് ഏറെ ആസ്വദിക്കുന്നുണ്ട്. പൂർണമായും ജൈവകൃഷിയിലേക്കുള്ള ചുവടുവെപ്പിനൊപ്പം കൃഷിയിൽ പുതിയ പരീക്ഷണത്തിനുള്ള ഒരുക്കത്തിലാണ് ഈ 42കാരൻ.

Tags:    
News Summary - this wayanad man quits his driver job and takes up farming to make profit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.