എന്തുകൊണ്ട് അധ്യാത്മരാമായണം കിളിപ്പാട്ട് ?

അനേകം രാമായണങ്ങൾ ഉണ്ടെന്നിരിക്കെ, മലയാളികൾ എന്തുകൊണ്ടാണ് കർക്കടകമാസകാലത്ത് തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് ഭക്ത്യാദരങ്ങളോടെ പാരായണം ചെയ്യാൻ തെരഞ്ഞെടുത്തത്? പലരുടെയും സന്ദേഹമാണിത്. ആദികാവ്യമായ രാമായണത്തിൽ ശ്രീരാമനെ സർവഗുണസമ്പന്നനായ ആദർശപുരുഷനായാണ് വാല്മീകി മഹർഷി ചിത്രീകരിച്ചിരിക്കുന്നത്. വാല്മീകി രാമായണത്തിന്റെ ആഖ്യാനങ്ങളും പരിഭാഷകളും അനുകരണങ്ങളുമായി നിരവധി കൃതികൾ പിൽക്കാലത്ത് വിവിധഭാഷകളിലുണ്ടായി. അവയിൽ അധ്യാത്മ രാമായണത്തിന് പ്രമുഖസ്ഥാനമുണ്ട്.

ശ്രീരാമനെ മഹാവിഷ്ണുവിന്റെ അവതാരപദവിയിലേക്ക് ഉയർത്തി ജീവാത്മ–പരമാത്മതത്ത്വം സന്നിവേശിപ്പിച്ച് എഴുതിയ പ്രസ്​തുതകൃതിയിൽ ഭക്തി, തത്ത്വചിന്ത, മൂല്യബോധം, ഉന്നതാദർശങ്ങൾ, സദാചാര ജീവിതാദർശങ്ങൾ എന്നിവക്കാണ് ഊന്നൽ. സാമൂഹികവും സാംസ്​കാരികവും രാഷ്ട്രീയവുമായ കുഴമറിച്ചിലുകളും അധഃപതനവും മൂല്യശോഷണവും നമ്മുടെ സമൂഹത്തെ വിഴുങ്ങിക്കൊണ്ടിരുന്ന, എല്ലാ തുറകളിലും ധാർമികവും നൈതികവുമായ മൂല്യശോഷണം സംഭവിച്ചുകൊണ്ടിരുന്ന സന്ദർഭത്തിലാണ് തുഞ്ചത്താചാര്യൻ രംഗപ്രവേശം ചെയ്യുന്നത്.

ഭക്തിപ്രസ്ഥാനത്തിന് മികച്ച സംഭാവനകൾ നൽകിയ കബീർ, സൂർദാസ്​, തുളസീദാസ്​ എന്നിവരുടെ പ്രാതിനിധ്യം എഴുത്തച്ഛനിലുണ്ടായിരുന്നു. നാടൻപാട്ടുകളിലും ആരാധനാ ഗീതങ്ങളിലും കലാരൂപങ്ങളിലും സാഹിത്യകൃതികളിലും നിറഞ്ഞുനിന്ന ഭക്തിയെ കാലോചിതമായി പരിഷ്കരിച്ച് ആന്തരിക സംസ്​കരണത്തിനും ആത്മീയോന്നതിക്കുമുള്ള ഇന്ധനമാക്കി മാറ്റിയെടുത്തത് തുഞ്ചത്താചാര്യനാണ്. ശ്രീരാമചന്ദ്രന്റെ ജനിച്ചതായി കരുതിപ്പോരുന്ന മാസം കർക്കടകമല്ല മേടമാണ്. ഭാരതീയ കാലഗണനയനുസരിച്ച് മനുഷ്യന്റെ ഒരു വർഷം ദേവന്മാരുടെ ഒരു ദിവസമാണ്.

ഉത്തരായനം ദക്ഷിണായനം എന്നിങ്ങനെ രണ്ട് അയനങ്ങളായാണ് ഒരു വർഷത്തെ വിഭജിച്ചിരിക്കുന്നത്. ദേവന്മാരെ സംബന്ധിച്ച് ഉത്തരായനകാലം പകലും ദക്ഷിണായനകാലം രാത്രിയുമാണ്. എന്നാൽ , ദേവസന്ധ്യയായ കർക്കടകത്തിൽ ദേവന്മാരോടൊപ്പം മനുഷ്യരും രാമകഥ പാരായണം ചെയ്യുന്നു എന്നാണ് വിശ്വാസം. ജ്യോതിഷവിധിയനുസരിച്ച് ശ്രീരാമചന്ദ്രന്റെ ജന്മവും ചന്ദ്രരാശിയും കർക്കടകക്കൂറിലാണ്. ഇതെല്ലാം പരിഗണിച്ചാണ് രാമായണപാരായണമാസമായി കർക്കടകം കൊണ്ടാടുന്നത്.

Tags:    
News Summary - Why does the spiritual soul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.