ശരണ്യ
‘മനസ്സിനാണ് കരുത്ത് വേണ്ടത്. അതുണ്ടായാൽ ചുമലിലെ ഭാരമൊക്കെ എന്ത്!’ ഇടുക്കിയിലെ ഓഫ് റോഡ് വാഹനങ്ങൾപോലും പോകാൻ മടിക്കുന്ന ഇടങ്ങളിലൂടെ പോയി തടിവെട്ടി, അത് ചുമന്ന് വണ്ടിയിൽ കയറ്റി അതോടിക്കുന്നതിനിടെ ഇടുക്കിയിലെ ശരണ്യയുടെ വാക്കുകളാണിത്. ഡ്രൈവിങ്ങും തടി ലോഡിങ്ങും അൺലോഡിങ്ങും ബിരുദപഠനവും ഒപ്പം അമ്മയെന്ന റോളും. ഇരുപത്തിനാലുകാരിയായ ശരണ്യ മുത്തു ശരിക്കും ജീവിതത്തിൽ സൂപ്പർ വുമണാണ്.
അച്ഛൻ നെടുങ്കണ്ടം മൈനർ ഉമ്മാക്കട വാഴത്തോപ്പിൽ മുത്തുപ്പെരുമാൾ പിക്കപ്പ് ഡ്രൈവറാണ്. അതാണ് ചെറുപ്പം മുതലേ വാഹനങ്ങളോട് ശരണ്യക്ക് താൽപര്യം തോന്നാൻ കാരണം. പിന്നീട് അത് ആവേശമായി. എങ്ങനെയെങ്കിലും വണ്ടി ഓടിക്കണമെന്ന ആഗ്രഹം മനസ്സിൽ കയറി. മൂത്ത സഹോദരൻ ശരണും ലോറി ഡ്രൈവറായതോടെ ആ ആഗ്രഹം ഉറച്ചു. നെടുങ്കണ്ടത്തെ വളഞ്ഞും പുളഞ്ഞും കിടക്കുന്ന വഴികളിലൂടെ ഡ്രൈവിങ് പഠിച്ചു. അച്ഛന്‍റെയും സഹോദരന്‍റെയും സഹായത്തോടെ പരിശീലനം പൂർത്തിയാക്കി പതിനെട്ടാം വയസ്സിൽ ലൈസൻസുമെടുത്തു.
ചെറുവാഹനങ്ങളിൽനിന്ന് പതിയെ വലിയ വാഹനങ്ങളുടെയും വളയം പിടിച്ചു തുടങ്ങി. ഇതിനൊപ്പം വിവാഹവും നടന്നു. ഡ്രൈവറായ ഭർത്താവ് സൂര്യയും കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്. രണ്ട് കുട്ടികളുണ്ട് ശരണ്യക്ക്.
ഇതിനിടെ അച്ഛൻ മുത്തുപ്പെരുമാൾ സ്വന്തമായി തടി വാങ്ങി മുറിച്ചുവിൽപന നടത്താൻ തുടങ്ങി. വളയം പിടിക്കുക മാത്രമല്ല തടിചുമക്കുന്നതും ശരണ്യക്ക് ചെറുപ്പത്തിൽ സന്തോഷമായിരുന്നു. പക്ഷേ അന്ന് ആരും അതിന് സമ്മതിച്ചില്ല. അച്ഛൻ തടിക്കച്ചവടം തുടങ്ങിയതോടെ തടി മുറിക്കാനും ലോഡിങ്ങിനും സഹായത്തിനായി പഴയൊരു ഷർട്ടിട്ട് തലയിൽ കെട്ടും കെട്ടി ശരണ്യ ഇറങ്ങി. പറമ്പിൽ നിൽക്കുന്ന മരം വെട്ടി താഴെയിട്ട് മുറിച്ച് കഷണങ്ങളാക്കി വാഹനത്തിൽ കയറ്റുന്നത് ശ്രമകരമായ ജോലിയാണ്. ജോലി കഴിയുമ്പോൾ വിയർത്ത് കുളിക്കും.
ഒരിക്കൽ ജോലികഴിഞ്ഞ് ശരണ്യയും ഭർത്താവും അച്ഛനും ഒരു ഹോട്ടലിൽ കയറി. അവിടെ ഭക്ഷണം കഴിക്കാനെത്തിയ ചിലർ ‘ഈ ഭാരിച്ച ജോലിയൊക്കെ പിള്ളേരെെക്കാണ്ട് പറ്റുമോ’ എന്ന കളിയാക്കിയുള്ള ചോദ്യം ശരണ്യയുടെ മനസ്സിൽനിന്ന് പോയില്ല. അങ്ങനെയാണ് താൻ ചെയ്യുന്ന ജോലി മോശപ്പെട്ടതല്ലെന്ന് നാട്ടുകാരെ അറിയിക്കാൻ തടി ചുമന്നുനിൽക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ ശരണ്യ പങ്കുവെക്കുന്നത്.
അപ്പോഴും നെഗറ്റിവ് കമന്റുകൾക്ക് കുറവില്ലായിരുന്നു. തനിക്ക് എന്തെല്ലാം ചെയ്യാൻ പറ്റുമെന്ന് കാണിക്കാൻ തടിവെട്ടി ചുമന്ന് പിക്കപ്പിൽ കയറ്റി അത് ഓടിച്ചു പോകുന്ന ഫോട്ടോയും വിഡിയോയും തുടരെ ഇട്ടു. ആ വിഡിയോകൾ ഹിറ്റായി. തടി കയറ്റിയ പിക്കപ്പുമായുള്ള പെരുമ്പാവൂർ യാത്രകൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇൗ സന്തോഷത്തിനപ്പുറം തടിവെട്ടി അത് കയറ്റി ഹൈറേഞ്ചിലെ ഊടുവഴികളിലൂടെ വണ്ടി ഓടിക്കുന്നത്ര സാഹസികതയും അതിൽനിന്ന് ലഭിക്കുന്ന ആവേശവും ഒന്നു വേറെതന്നെയാണെന്ന് ശരണ്യ പറയുന്നു. മക്കളായ നാലര വയസ്സുകാരി സൂര്യഗായത്രിയും രണ്ടര വയസ്സുകാരൻ സൂര്യകൃഷ്ണയും അമ്മക്കൊപ്പം റീലുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. തൂക്കുപാലം ജവഹർലാൽ നെഹ്‌റു കോളജിലെ മൂന്നാംവർഷ ബി.ബി.എ വിദ്യാർഥിയാണ് ശരണ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.