തലയോടിൽനിന്നുള്ള ചൂളംവിളികൾ

വൈകുന്നേരമായപ്പോൾ ആ ഗ്രാമത്തിലെ ചന്തസ്ഥലത്ത് എല്ലാം തികഞ്ഞ ഒരു മാന്യപുരുഷൻ പ്രത്യക്ഷപ്പെട്ടു. അതേവരെ ആരും അണിഞ്ഞുകാണാത്ത പകിട്ടേറിയ വസ്ത്രങ്ങൾ, മുഖത്ത് സദാ വിളയാടുന്ന ചെറുപുഞ്ചിരി, പുരുഷ സൗന്ദര്യത്തെ വിളിച്ചറിയിക്കുന്ന സുഭഗമായ ശരീരം... ആ മാന്യപുരുഷനെ കണ്ടതോടെ അവിടെയുണ്ടായിരുന്ന ആ മാന്യസ്ത്രീ അയാളുടെ ആകർഷണ വലയിലായി. ഇടപാടുകൾക്കുശേഷം ചന്തയിൽനിന്ന് മടങ്ങിയപ്പോൾ ആ മാന്യസ്‍ത്രീയും അയാളെ പിന്തുടർന്നു.

യാത്ര തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോൾ എല്ലാം തികഞ്ഞ ആ മാന്യപുരുഷൻ തന്റെ വിലയേറിയ വസ്ത്രങ്ങൾ ഊരി ഒരു കടയിൽ കൊടുത്ത് അതിന്റെ വാടക നൽകി. പിന്നെയും കുറെദൂരം കഴിഞ്ഞപ്പോൾ അയാൾ തന്റെ മൃദുവായ ചർമം ഊരിയെടുത്ത് മറ്റൊരു കടയിൽ കൊടുത്തു. അതിന്റെയും വാടക നൽകി. അന്ധാളിച്ചുപോയ മാന്യസ്ത്രീ ഏതായാലും പിന്നോട്ടില്ലെന്ന് തീരുമാനിച്ചുകൊണ്ട് ആ രൂപത്തിന്റെ പിറകെത്തന്നെ കൂടി. വീണ്ടും കുറെദൂരം ചെന്നപ്പോൾ അയാൾ തന്റെ കൈകാലുകൾ, ഹൃദയം, ആമാശയം, കുടലുകൾ, അസ്ഥികൂടം എന്നിവയും വാടകക്കാർക്ക് തിരിച്ചേൽപിച്ചു. ഇതോടെ വലിയൊരു തലയോട് മാത്രമായി അയാൾ മാറി. ഇതെല്ലാം കണ്ട് നിലവിളിച്ചുകൊണ്ട് പിന്നോട്ടോടാൻ ശ്രമിച്ച ആ മാന്യസ്‍ത്രീയുടെ കഴുത്തിൽ ഒരു മന്ത്രച്ചരട് കൊണ്ട് ആ തലയോട് സ്വയം ബന്ധിക്കുകയും അതിലുള്ള മാന്ത്രിക തകിടിൽനിന്ന് പുറപ്പെട്ട ഭീകരമായ ശബ്ദത്തിൽ അവളുടെ മുറവിളികൾ മുങ്ങിപ്പോവുകയും ചെയ്തു -മഹാനായ ആഫ്രിക്കൻ എഴുത്തുകാരൻ Amos Tutuolaയുടെ ഒരു ചെറുനോവലിന്റെ തുടക്കം ഏതാണ്ട് ഇപ്രകാരമാണ്.


നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ ഭരണവർഗക്കാർ, മുസ്‍ലിം സമുദായത്തിനും അവരുടെ സംഘടനകൾക്കും മാധ്യമങ്ങൾക്കും നേരെ നടത്തുന്ന വംശീയ പ്രചാരണങ്ങളും ഇസ്‍ലാമോഫോബിയ വെല്ലുവിളികളും ഓർമപ്പെടുത്തുന്നത്, മേൽ പ്രതിപാദിച്ച കഥയിലെ തലയോട്ടിൽനിന്നുള്ള ഭീകരമായ ചൂളംവിളികളെയാണ്. ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർഥി പരാജയപ്പെട്ടു എന്ന വസ്തുത അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ ഇത്രമാത്രം കുയുക്തികൾ പറഞ്ഞുപരത്തിയ മറ്റൊരു സന്ദർഭം കേരള ചരിത്രത്തിൽ കണ്ടെത്താനാവില്ല. മുൻകാലത്ത് അവർക്ക് വോട്ട് ചെയ്തിരുന്ന ഒരു സംഘടന മറ്റൊരു മുന്നണിക്ക് വോട്ട് ചെയ്തു എന്നതാണ് ഇവരെ ഇത്രമാത്രം പ്രകോപിതരാക്കിയിട്ടുള്ളത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധിക്ക് നാലുലക്ഷത്തിന് മേൽ ഭൂരിപക്ഷം ലഭിച്ചതിനെയും, ശേഷം അതേ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കൂടിയതിനെയും ഇക്കൂട്ടർ വിലയിരുത്തിയത് ‘മുസ്‍ലിം വർഗീയവാദികളുടെ’ വോട്ടുകൾകൊണ്ടുള്ള വിജയം എന്നാണ്. ഇവർ പറയുന്ന വർഗീയ വിരുദ്ധത എന്നത് എത്രമാത്രം തലതിരിഞ്ഞ അയുക്തികത ആണെന്നതിന് ഇതിനപ്പുറം മറ്റൊരു തെളിവ് ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

എന്നാൽ, നിലമ്പൂരിൽ മാർക്സിസ്റ്റുകാർ ചിരപുരാതനമായി പറഞ്ഞുകൊണ്ടിരിക്കുന്ന വർഗീയ വിരുദ്ധതയെ ഉപേക്ഷിച്ചുകൊണ്ട് അതിലും മുന്തിയ മറ്റൊന്നാണ് പ്രചാരണരംഗത്തേക്ക് കൊണ്ടുവന്നത്. കേരളത്തിൽ ഒരു ‘മതരാഷ്ട്രം’ രൂപപ്പെടുത്താൻ ഇസ്‍ലാമിസ്റ്റുകൾ ശ്രമിക്കുന്നു എന്ന കൃത്രിമ ഭയപ്പാടാണ് അവർ ഉന്നയിച്ചത്. ഈ തരത്തിലുള്ള ഭീതിപരത്തലിലൂടെ വിവിധ ജാതികളായി വിഭജിച്ചുകിടക്കുന്ന ഹിന്ദുക്കളെ മുസ്‍ലിം വിരുദ്ധമായി ഏകീകരിക്കാനും, മുസ്‍ലിംകൾക്കിടയിൽ ഭിന്നിപ്പുകൾ ഉളവാക്കി അതിൽനിന്ന് ഒരു പക്ഷത്തെ തങ്ങൾക്ക് അനുകൂലമായി മാറ്റാനുമാണ് ഇവർ ലക്ഷ്യംവെക്കുന്നത്.


ഇവർ ഭീതിപ്പെടുത്തുന്നതുപോലെ ‘മതരാഷ്ട്രം’ രൂപപ്പെടുത്തുന്നത് ലളിതമായ കാര്യമാണോ? ഇന്ത്യയിലെ സിവിൽ നിയമ സംവിധാനത്തെയും വ്യത്യസ്തമായ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാമൂഹികമായ സഹവർത്തിത്വത്തെയും ബലപ്രയോഗത്തിലൂടെ അട്ടിമറിച്ചുകൊണ്ടുള്ള സൈനിക കേന്ദ്രീകരണവും ആഭ്യന്തര യുദ്ധവും നടത്താതെ ആർക്കെങ്കിലും മതരാഷ്ട്രം രൂപവത്കരിക്കാൻ കഴിയുമോ?

മുസ്‍ലിംകളോടുള്ള വംശീയമായ വെറുപ്പിനെ സ്ഥാപനമായും പദ്ധതിയായും നടപ്പാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ നിയന്ത്രണമുള്ള കേന്ദ്രസർക്കാറാണ് കഴിഞ്ഞ 11 വർഷമായി ഇന്ത്യ ഭരിക്കുന്നത്. ഈ ഭരണകൂടത്തിന്റെ ആഭ്യന്തര വകുപ്പോ രഹസ്യ പൊലീസ് സംവിധാനങ്ങളോ ഏതെങ്കിലും മുസ്‍ലിം/ഇസ്‍ലാമിക സംഘടന ഇന്ത്യയിൽ ഏതെങ്കിലും പ്രദേശത്ത് സൈനികമായി കേന്ദ്രീകരിക്കുന്നതായും ആഭ്യന്തര യുദ്ധത്തിന് തയാറെടുക്കുന്നതായും പറഞ്ഞിട്ടില്ല. പ്രത്യക്ഷമായിത്തന്നെ ഹിന്ദു-മുസ്‍ലിം വിഭജനം ഉദ്ദേശിച്ചുകൊണ്ടുള്ള പഹൽഗാം ആക്രമണത്തിൽ പോലും പാകിസ്താനിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ എന്നല്ലാതെ, ഇന്ത്യയിലെ ഏതെങ്കിലും മുസ്‍ലിം സംഘടനയെ പഴിചാരിയിട്ടില്ല.

സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായിട്ടുള്ള വലുതും ചെറുതുമായ നൂറുകണക്കിന് വംശീയ കടന്നാക്രമണങ്ങൾമൂലം ഏറ്റവുമധികം ആളും അർഥവും നഷ്ടപ്പെട്ടിട്ടുള്ളവരാണ് മുസ്‍ലിം ജനത. കേരളത്തിൽ മാത്രമാണ് അവർക്ക് പ്രാതിനിധ്യ ജനാധിപത്യത്തിൽ എടുത്തുപറയാവുന്ന പങ്കാളിത്തമുള്ളത്. അതാവട്ടെ, മുസ്‍ലിംലീഗ് പോലുള്ള സംഘടനകളുടെ സാന്നിധ്യത്തിന്റെ ഫലമായാണ്. മീഡിയ-ഇന്റലിജൻസ് വൃത്തങ്ങൾ ഉദ്ധരിക്കുന്ന ചില സാങ്കൽപിക പ്രസ്ഥാനങ്ങളും നിറംപിടിപ്പിച്ച നുണകളുമല്ലാതെ, ഈ ജനതയിൽനിന്ന് ഒരു തീവ്രവാദ പ്രസ്ഥാനമോ സായുധവത്കരണമോ ഉണ്ടായിട്ടില്ല. ഏതെങ്കിലും അനിഷ്‍ടകരമായ പ്രവൃത്തികളോ ആശയങ്ങളോ ഏതെങ്കിലും വ്യക്തികളിൽനിന്നും ഗ്രൂപ്പുകളിൽനിന്നും അത്യപൂർവമായി ഉണ്ടായാൽത്തന്നെ അവയെ നിരാകരിക്കാൻ ആ സമുദായംതന്നെയാണ് ആദ്യം രംഗത്തുവരാറുള്ളത്- സിവിൽ നിയമങ്ങളോടും ഭരണഘടന മൂല്യങ്ങളോടും അങ്ങേയറ്റം കൂറുപുലർത്തുന്നവയാണ് മുസ്‍ലിം സംഘടനകളും സ്ഥാപനങ്ങളുമെന്നത് വിദ്വേഷം നിറഞ്ഞ മനസ്സില്ലാത്ത ആർക്കും ബോധ്യപ്പെടുന്ന കാര്യമാണ്.

ഇതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‍ലിംകൾക്ക് മതപരവും വിശ്വാസപരവുമായ സ്വതന്ത്രാസ്തിത്വം പുലർത്താനും, സ്വന്തം സ്ഥാപനങ്ങൾ നടത്താനും പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കാനും പ്രചാരണങ്ങൾ നടത്താനും, തങ്ങളുടെ വിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും അനുസൃതമായ വസ്ത്രങ്ങൾ ധരിക്കാനും, ആഹാര രീതികൾ പിന്തുടരാനും ഭരണഘടനപരമായി അവകാശമുണ്ട്. മതേതരമായ ഒരു ബഹുതല സമൂഹത്തിന്റെ ജനാധിപത്യപരമായ നിലനിൽപിന് അനിവാര്യമായതിനാലാണ് ഈ അവകാശങ്ങൾ ഭരണഘടനാ മൂല്യങ്ങളായി നിക്ഷിപ്തമായിട്ടുള്ളത്.

ബാബരി മസ്ജിദ് തകർക്കുകയും മണ്ഡൽ കമീഷന് എതിരായ സവർണ പ്രതിവിപ്ലവം നടക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഹിന്ദുത്വ ശക്തികൾക്ക് കേന്ദ്ര ഭരണാധികാരത്തിലേക്ക് കുതിച്ചുയരാൻ കഴിഞ്ഞു. അവരുടെ ഉയർച്ചയും വളർച്ചയും വിവിധ കീഴാള സമുദായങ്ങൾക്ക് എന്നപോലെ മുസ്‍ലിംകൾ അടക്കമുള്ള മതന്യൂനപക്ഷങ്ങൾക്കും കടുത്ത അരക്ഷിതാവസ്ഥയാണ് ഉളവാക്കിയിട്ടുള്ളത്. ദലിത്-മുസ്‍ലിം കൂട്ടക്കൊലകൾക്കും ലിഞ്ചിങ്ങുകൾക്കും ഭരണകൂട മേധാവികളുടെ വെറുപ്പ് പ്രചാരണത്തിനുമൊപ്പം സവർണ സംവരണം നടപ്പാക്കിയും, മുസ്‍ലിം പേരുകളുള്ള ചരിത്രസ്മാരകങ്ങൾ തുടച്ചുമാറ്റിയും, അന്യായ അറസ്റ്റുകൾ നടത്തിയും, മാധ്യമങ്ങളുടെ മേൽ നിയന്ത്രണം ചുമത്തിയും, വിമത രാഷ്ട്രീയത്തോടുള്ള പ്രതികാര മനോഭാവവും നിരന്തരമായി ആവർത്തിക്കപ്പെടുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബുൾഡോസർ രാജും, സ്വത്ത് കൈയടക്കലും മുസ്‍ലിം ജനതയെ ലക്ഷ്യമാക്കി നടപ്പാക്കുകയാണ്. ഇതിന്റെയെല്ലാം ഫലമായി ദേശീയതലത്തിലും പ്രാദേശിക തലങ്ങളിലും ഈ ജനതയുടെ ഒറ്റപ്പെടലും പുറന്തള്ളലും വ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുന്നു.

ഈ പശ്ചാത്തലത്തിൽ, മുസ്‍ലിം ജനവിഭാഗങ്ങളിൽനിന്ന് വലിയൊരു ശതമാനംപേർ പ്രതിപക്ഷ കക്ഷികൾ നയിക്കുന്ന ഇന്ത്യാ മുന്നണിയോട് ആഭിമുഖ്യം പുലർത്തുകയെന്നത് സ്വാഭാവികമാണ്. കേരളത്തിലെയും മിക്കവാറും എല്ലാ മുസ്‍ലിം സംഘടനകളും ഇതേ നിലപാടുതന്നെയാണ് സ്വീകരിച്ചിട്ടുള്ളത്.

ഇപ്രകാരം അഖിലേന്ത്യാതലത്തിലുള്ള മാറ്റങ്ങളോട് പ്രതികരിക്കുന്നതിനെയാണ് കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്കാർ മതരാഷ്ട്രം രൂപവത്കരിക്കുന്നതിനു വേണ്ടിയുള്ള സന്നാഹമായി ദുർവ്യാഖ്യാനിക്കുന്നത്. ‘ഗൂഢ സംഘങ്ങൾ’, ‘അന്തർദേശീയ വേരുള്ള ഇസ്‍ലാമിസ്റ്റുകൾ’, ‘നുഴഞ്ഞുകയറ്റക്കാർ’, ‘ഒളിച്ചുകളി നടത്തുന്നവർ’, ‘കാപട്യക്കാർ’ എന്നിങ്ങനെ ഇക്കൂട്ടർ പ്രയോഗിക്കുന്ന വാക്കുകളെല്ലാംതന്നെ സാമ്രാജ്യത്വ അധിനിവേശ ശക്തികളിൽനിന്ന് കടംകൊണ്ടതാണെന്ന വസ്തുത കാണാതിരുന്നുകൂടാ.

ചുരുക്കിപ്പറഞ്ഞാൽ, ‘രാഷ്ട്രീയ ഇസ്‍ലാം’ എന്നൊരു പ്രോപ്പഗണ്ട വാക്ക് ഉപയോഗിച്ചുകൊണ്ട് സമകാലിക മുസ്‍ലിം കർതൃത്വത്തെ റദ്ദുചെയ്യുകയും, അവരുടെ പ്രതിരോധ സമരങ്ങളെ ഹിന്ദുത്വ ഭരണകൂടത്തിന്റെ മർദന വ്യവസ്ഥക്ക് ഇട്ടുകൊടുക്കുകയുമാണ് കേരളത്തിലെ ഇടതുപക്ഷ വേഷധാരികൾ ചെയ്യുന്നത്. യഥാർഥത്തിൽ, ഇന്ത്യയിലെയും കേരളത്തിലെയും മുസ്‍ലിം ജനത രാഷ്ട്രീയ സമുദായമായി മാറുന്നതിനെയാണ് ഇക്കൂട്ടർ ‘രാഷ്ട്രീയ ഇസ്‍ലാം’ എന്ന നിർവചിക്കപ്പെടാത്ത അപരത്വത്തെ മറയാക്കി കുറ്റപ്പെടുത്തുന്നതെന്നു സാരം.

Tags:    
News Summary - Whistling from skull

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.