പ്രവാസഭൂമിയിലെ കണ്ണീർമഴ


മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും നാടിന്റെയും വീടിന്റെയും നന്മയും സ്വപ്നം കണ്ട് മനുഷ്യർ തിരഞ്ഞെടുക്കുന്ന സാഹസികതയാണ്, ഒരർഥത്തിൽ ത്യാഗം തന്നെയാണ് പ്രവാസം. ജനിച്ചുവളർന്ന മണ്ണിന്റെ നനവും സ്നേഹസൗഹൃദങ്ങളുമെല്ലാം വഴിയിലുപേക്ഷിച്ചാണ് ആയിരം കാതമകലെയുള്ള ദേശങ്ങളിലേക്ക് അവർ പലായനം ചെയ്യുന്നത്. പത്തേമാരി കയറിയും കടലിനോട് മല്ലിട്ടും എത്തിപ്പെട്ട നാടുകളിലെ ഞെരുക്കങ്ങൾ സഹിച്ചും പട്ടിണി പങ്കിട്ടു കഴിച്ചുമെല്ലാം മുൻതലമുറയിലെ പ്രവാസികൾ നേടിത്തന്നതാണ് വർത്തമാനകാല കേരളവും പുതുതലമുറ പ്രവാസികൾ ആസ്വദിക്കുന്ന സൗഭാഗ്യങ്ങളിലധികവും. ജോലിയും സന്തോഷജീവിതവുമായി ഒരു വാഗ്ദത്ത ഭൂമി-പെറ്റമ്മ നാടിന്റെ വാത്സല്യം ഓർമപ്പെടുന്ന പോറ്റമ്മ നാട് കാത്തിരിപ്പുണ്ട് എന്ന ആശ്വാസമാണ് തൊഴിലില്ലായ്മയും കടക്കെണികളുമെല്ലാം പെരുക്കുമ്പോഴും മധ്യവർഗ മലയാളിയെ മുന്നോട്ടുനയിക്കുന്നത്. എന്നാൽ, സകല സ​ന്തോഷങ്ങളെയും ആശ്വാസങ്ങളെയും കീഴ്മേൽ മറിക്കുന്ന, ഉള്ളുലച്ചുകളയുന്ന ചില വാർത്തകളാണ് ഈയിടെ പ്രവാസ മലയാളിലോകത്തുനിന്ന് കേൾക്കുന്നത്.

ഒന്നര വയസ്സുള്ള മകളെയും കൂട്ടി കൊല്ലം സ്വദേശിയായ യുവതി ഗൾഫിലെ താമസസ്ഥലത്ത് ജീവനൊടുക്കിയതിന്റെ സങ്കടവാർത്തകളും ചർച്ചകളും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തുടരുന്നതിനിടെ, ഒരു മലയാളി യുവതി കൂടി ജീവിതത്തിന് സ്വയം വിരാമമിട്ട വാർത്തകളെത്തി. ഗാർഹിക പീഡനമാണ് രണ്ട് സംഭവങ്ങൾക്കും കാരണമായി കേൾക്കുന്നത്. സമാനമായ വേറെയും സംഭവങ്ങൾ നടന്നിട്ട് അധികനാളുകളായില്ല. മരണത്തിലേക്ക് നടക്കുംവഴിയിൽ ആ യുവതികൾ ഇട്ടേച്ചുപോയ ചോരപൊടിയുന്ന വാക്കുകൾ ഓരോ മാതാപിതാക്കളെയും സഹോദരങ്ങളെയും പെൺകുട്ടികളെയും എന്നുവേണ്ട, മനഃസാക്ഷിയുള്ള സകല മനുഷ്യരെയും നൊമ്പരപ്പെടുത്തും. സ്ത്രീധനം കുറഞ്ഞുപോയെന്ന് കുറ്റപ്പെടുത്തി പീഡനവും വിവാഹമോചന ഭീഷണിയുമെല്ലാം സകലസീമകളും ലംഘിച്ചിട്ടും ജീവിതപങ്കാളിയോടുള്ള ഇഷ്ടവും വീട്ടുകാർ വിഷമിക്കരുതെന്ന കരുതലുമാണ് പ്രശ്നകലുഷിതമായ ദാമ്പത്യത്തിൽ തുടരാൻ ഇവരെയെല്ലാം പ്രേരിപ്പിച്ചത്. പിന്നെയൊരുനാൾ അപമാനം സഹിച്ച് പിടിച്ചുനിൽക്കാനാവില്ലെന്ന് വന്നപ്പോൾ വേദനഭരിതമായ മരണം തെരഞ്ഞെടുത്തു.

ഇടക്കിടെ, കേരള മനഃസാക്ഷിയെ കൊത്തിവലിച്ചുകൊണ്ട് മലയാള നാട്ടിലും നടക്കുന്നുണ്ട്. ഇത്തരം സ്ത്രീധന, ഗാർഹിക പീഡന ദുരന്തങ്ങൾ. പത്തുവർഷത്തിനിടെ, ഇത്തരത്തിൽ 99 സ്ത്രീകൾക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. പുറത്തറിയാതെ, തേഞ്ഞുമാഞ്ഞുപോയവ അതിലിരട്ടിയുമുണ്ടാവാം. പക്ഷേ, പ്രവാസ ലോകത്തെ ദുരന്തങ്ങൾക്ക് നടുക്കമേറാൻ പ്രത്യേകിച്ചൊരു കാരണമുണ്ട്. വിഡിയോ കാളിലും വാട്സ്ആപ്- ഇൻസ്റ്റാ സ്റ്റാറ്റസുകളിലും കാണുന്ന നിറചിരികളും കുടുംബചിത്രങ്ങളുടെ അടിക്കുറിപ്പുകളുമെല്ലാം യാഥാർഥ്യമാണെന്നും അവർക്കവിടെ സുഖമാണെന്നുമുള്ള വിശ്വാസത്തിലായിരിക്കും ഉറ്റവരും ഉടയവരും തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരും സഹപ്രവർത്തകരുമെല്ലാം.

താൻ ജോലി ചെയ്യുന്ന വിശിഷ്ട ദേശങ്ങളിൽ ഒരു മാസമെങ്കിലും കുടുംബവുമൊത്ത് ജീവിക്കണമെന്ന വലിയ സ്വപ്നം സഫലമാക്കാൻ കഴിയാതെ പോയ മുൻ പ്രവാസികൾക്ക് മക്കളും കൊച്ചുമക്കളും കുടുംബസമേതം അവിടെ താമസിക്കുന്നുവെന്നോർക്കുമ്പോൾ ഉടലെടുക്കുന്ന സംതൃപ്തിയും സാക്ഷാത്കാര ബോധവും പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്നതല്ല. നമ്മൾ കരുതിയതല്ല നേരെന്ന് പൊടുന്ന​നെ മനസ്സിലാകുമ്പോൾ, അതു തിരുത്തി അവരെ ജീവിതത്തിലേക്ക് തിരികെ നടത്താൻ ഇനി അവസരമില്ലെന്ന് തിരിച്ചറിയുമ്പോൾ നടുങ്ങിപ്പോവാതിരിക്കുന്നതെങ്ങനെ? സ്ത്രീകളെ അമാന്യമായി തുറിച്ചുനോക്കിയാൽപോലും നടപടിയെടുക്കാൻ നിയമങ്ങളുള്ള രാജ്യങ്ങളാണ് പ്രവാസലോകത്തുള്ളവയിൽ പലതും. സമീപകാല കുറ്റകൃത്യങ്ങളിൽ ആരോപിതർക്കെതിരെ അവിടെ കേസുകളുണ്ട്. നാട്ടിലായാലും മറുനാട്ടിലായാലും അവരെ നിയമത്തിന്റെ കണ്ണിൽ നിന്ന് രക്ഷപ്പെടാൻ അനുവദിച്ചുകൂടാ.

അൽപസ്വൽപം വിരുതുകളെല്ലാമുണ്ടെങ്കിലും തൻകാര്യം നോക്കി കുടുംബത്തെയും കൂട്ടുകാരെയും ചേർത്തുപിടിച്ച് ജീവിക്കുന്ന അധ്വാനശീലർ എന്നൊരു സൽപേര് പ്രവാസ രാജ്യങ്ങളിലെ ഭരണകൂടങ്ങൾക്കും അവിടങ്ങളിലെ പൗരർക്കിടയിലും മലയാളി പ്രവാസികൾക്കുണ്ടായിരുന്നു. ലേബർ ക്യാമ്പുകളിലും സ്വദേശി വീടുകളിലുമുള്ള അട്ടിക്കട്ടിലുകളിൽ ഞെരുങ്ങിക്കഴിയുമ്പോഴും ഇല്ലായ്മകളും സങ്കടങ്ങളൊന്നുമറിയിക്കാതെ സമ്പാദ്യം മുഴുവൻ നാടിനും വീടിനുമായി ചെലവിട്ട പഴയ പ്രവാസികൾ തങ്ങളുടെ ജീവിതം വിലയായി നൽകി സ്ഥാപിച്ചെടുത്ത ഗുഡ്‍വില്ലാണത്.

വിമാന യാത്രാനിരക്കിലെ കൊള്ളയടിയും സമ്മതിദാനാവകാശ നിഷേധവും ഉൾപ്പെടെ പ്രവാസികൾ നേരിടുന്ന നൂറായിരം പ്രശ്നങ്ങളുടെ പേരിൽ നമുക്ക്​ കേന്ദ്ര-സംസ്ഥാന സർക്കാറുകളെയും എംബസികളെയും കുറ്റപ്പെടുത്താം. എന്നാൽ, വീടകങ്ങളിൽ നടത്തുന്ന ഇത്തരം അതിക്രമങ്ങൾക്ക് നമ്മെത്തന്നെയല്ലാതെ ആരെ പഴിക്കാനാണ്? മനുഷ്യപ്പറ്റുള്ള യഥാർഥ മനുഷ്യരായി ഓരോരുത്തരും മാറുക എന്നതു തന്നെയാണ് പോംവഴി. താങ്ങും തണലുമായ, കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തെ അതിന്റെ പവിത്രതയോടെ കാണാനും പരിരക്ഷിക്കാനും തയാറല്ലാത്ത, ഇണകളെയും കുഞ്ഞുങ്ങളെയും വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും ഉപദ്രവിക്കുന്ന ലൈംഗികാതിക്രമങ്ങളും വൈകൃതങ്ങളും അഴിച്ചുവിടുന്ന ഓരോ വ്യക്തിയും ഇത്തരം ദുരന്തങ്ങളുടെ കാരണക്കാരാണ്.

പുറമെ കാണുന്ന വർണശബളിമക്കപ്പുറം പ്രവാസികൾ, കുട്ടികൾ പോലും കടുത്ത മാനസികസമ്മർദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ്​ ആത്മഹത്യകളും കുടുംബഛിദ്രങ്ങളും പെരുകുന്നത്. ഒട്ടും നേരം കളയാതെ, ആ വിഷയങ്ങൾ സംബോധന ചെയ്യപ്പെടണം. പ്രവാസി കൂട്ടായ്മകളും സർക്കാർ നേതൃത്വം നൽകുന്ന ലോക കേരളസഭ പോലുള്ള സംവിധാനങ്ങളും വിഷയത്തിൽ അടിയന്തരമായി ഇടപെടണം. ഒപ്പം സ്ത്രീധനമെന്ന കൊടിയ വിപത്തിനും ആർഭാട വിവാഹങ്ങൾക്കും അന്ത്യംകുറിക്കാൻ ആത്മാഭിമാനമുള്ള ഓരോ മലയാളിയും ഒറ്റക്കെട്ടായിറങ്ങുകയും വേണം. പ്രവാസമണ്ണിൽ നിന്ന്​ ഇനിയും നമ്മുടെ മക്കളുടെ, സഹോദരിമാരുടെ തേങ്ങലുകൾ കേൾക്കാൻ ഇടവരാതിരിക്കട്ടെ.

Tags:    
News Summary - Murders and Suicides in Gulf Expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.