ലോവ (യു.എസ്): ഇന്ത്യൻ യുവ താരം ആയുഷ് ഷെട്ടിക്ക് യു.എസ് ഓപൺ സൂപ്പർ 300 ബാഡ്മിന്റൺ കിരീടം. പുരുഷ സിംഗ്ൾസ് ഫൈനലിൽ കാനഡയുടെ ബ്രയാൻ യാങ്ങിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് കരിയറിലെ ആദ്യ അന്താരാഷ്ട്ര സീനിയർ ട്രോഫി ഇരുപതുകാരനായ ആയുഷ് സ്വന്തമാക്കിയത്. സ്കോർ: 21-18, 21-13. അതേസമയം, വനിതകളിൽ ഇന്ത്യയുടെ കിരീടപ്രതീക്ഷ ഫൈനലിൽ അവസാനിച്ചു. 16 വയസ്സുകാരി തൻവി ശർമ ഒന്നിനെതിരെ രണ്ട് ഗെയിമിന് യു.എസിന്റെ ടോപ് സീഡ് ബെയ്വെൻ ഷാങ്ങിനോട് മുട്ടുമടക്കി.
യു.എസ് ഓപണിലെ സ്വപ്നസമാനമായ യാത്രക്കാണ് കിരീടത്തോടെ കർണാടകക്കാരൻ ആയുഷ് വിരാമമിട്ടത്. 2023ലെ ലോക ജൂനിയർ ചാമ്പ്യൻഷിപ് വെങ്കല ജേതാവാണ് ആയുഷ്. സെമി ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയെൻ ചെന്നിനോട് പിറകിൽനിന്ന ശേഷം തിരിച്ചുവന്ന് ജയം കൈവരിക്കുകയായിരുന്നു. 47 മിനിറ്റ് നീണ്ട ഫൈനൽ പോരാട്ടത്തിൽ സ്വന്തമായത് ആദ്യ ബി.ഡബ്ല്യൂ.എഫ് വേൾഡ് ടൂർ ടൈറ്റിലും. വേൾഡ് ടൂർ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായ തൻവിക്ക് ചരിത്ര കിരീടത്തിനരികിൽ കാലിടറി. 11-21, 21-16, 10-21 സ്കോറിനായിരുന്നു തോൽവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.