പട്ടിയാർ ബംഗ്ലാവ്

കാട്ടിനുള്ളിലെ ബംഗ്ലാവ്

മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ ശിരുവാണി ഡാമിലെ വനത്തിനുള്ളിലാണ് വൈദ്യുതിയും മൊബൈൽ റെയ്ഞ്ചുമില്ലാത്ത പട്ടിയാർ ബംഗ്ലാവ്. ബ്രിട്ടീഷുകാർ പണിത ഈ ബംഗ്ലാവിന് 150 വർഷത്തോളം പഴക്കമുള്ളതായി പറയപ്പെടുന്നു. ശിരുവാണി ഡാം വരെ സാധാരണ എല്ലാവർക്കും പ്രവേശനം അനുവദിക്കുമെങ്കിലും പട്ടിയാറി​ലേക്കുള്ള ​സന്ദർശനത്തിനും താമസത്തിനും മണ്ണാർക്കാട് ഫോറസ്റ്റ് ഓഫിസറുടെ സ്​പെഷൽ പെർമിഷൻ വേണം; പ്രത്യേകിച്ച് അവി​ടെ സ്റ്റേ ചെയ്യാൻ.

നമ്മൾ മുൻകൂട്ടി തീരുമാനിക്കുന്ന ദിവസം പട്ടിയാർ ബംഗ്ലാവിലെ താമസം നടക്കില്ല. മണ്ണാർക്കാട് ​ഫോറസ്റ്റ് ഓഫിസിൽനിന്ന് അനുവാദം കിട്ടിയാൽ ഡിവിഷൻ ഓഫിസർ അനുവദിച്ച് തരുന്ന തീയതിയിൽ മാത്രമേ താമസസൗകര്യം ലഭിക്കുകയുള്ളൂ. വാഹന നമ്പർ ഉ​ൾപ്പെടെ കൊടുത്തുവേണം പെർമിഷനെടുക്കാൻ. പെർമിഷനെടുത്ത നമ്പർ ശരിയാണെങ്കിൽ മാത്രമേ ഫോറസ്റ്റ് ജീവനക്കാർ ചെക്ക്പോസ്റ്റിൽ നിന്ന് വാഹനം കടത്തിവിടുകയുള്ളൂ.

ജീവിതത്തിലൊരിക്കലെങ്കിലും പോകേണ്ടുന്നതും താമസിക്കേണ്ടതുമായ സ്ഥലമാണിത്. കൊടുംവനത്തിനുള്ളിൽ മൂന്ന് മുറിയും കിച്ചനും ഒരു ഫോറസ്റ്റ് വാച്ചറും നമ്മളും മാത്രം. ബംഗ്ലാവിന് മുന്നിലെ കാഴ്ചകൾ അതിമനോഹരമാണ്; വെള്ളച്ചാട്ടങ്ങളും ഡാമിൽ വെള്ളം കുടിക്കാൻ വരുന്ന മൃഗങ്ങളും... ബംഗ്ലാവിന് ചുറ്റും കിടങ്ങുണ്ട്; വന്യമൃഗങ്ങൾ കയറാതിരിക്കാൻ.

ശിരുവാണി ഡാമിലെ റിസർവോയറിന്റെ തീരത്ത് ​പ്രകൃതിയുടെ മടിത്തട്ടിലാണ്, കറക്ട് പറഞ്ഞാൽ ഡാമിൽനിന്ന് കോയമ്പത്തൂർ ടൗണിലേക്കുള്ള വെള്ളം കൊണ്ടുപോകുന്ന പമ്പ് ഹൗസിന് ​തൊട്ടരികെയാണ് ഈ ബംഗ്ലാവ്. ഈ പമ്പ്ഹൗസ് ഒരു ഭീകരകാഴ്ചയാണ് കേട്ടോ...വെറും ഭീകരമല്ല അതിഭീകരം😡. കോയമ്പത്തൂർ ടൗണിലെ വെള്ളക്ഷാമം പരിഹരിക്കാൻ കേരള തമിഴ്നാട് സംയുക്ത കരാർപ്രകാരമാണ് ശിരുവാണി ഡാം നിർമിച്ചത്. ഇതിനും നൂറ് വർഷത്തോളം മുന്നേ ഒരു ഗതാഗത സംവിദാനവുമില്ലാതിരുന്ന കാലത്ത് വനത്തിനുള്ളിൽ ഇങ്ങനെയൊരു മനോഹരസൗധം പണി​തെടുത്തെന്നുള്ളത് അദ്ഭുതം തന്നെയാണ്.

ഉപ്പുതൊട്ട് കർപ്പൂരം വരെ വാങ്ങിക്കൊണ്ട് വേണം ബംഗ്ലാവിലേക്കുള്ള യാത്ര ആരംഭിക്കാൻ. ഫോറസ്റ്റിലെ ഒരു വാർഡൻ അവിടെയുണ്ടാവും. പാചകമെല്ലാം കക്ഷി നോക്കിക്കോളും. കക്ഷിയുടെ സഹായത്തോ​ടെ കേരള ബോർഡർ വരെ ട്രക്കിങ് നടത്തുകയുമാവാം. വനത്തിനുള്ളിലെ ചെറു ജലസ്രോതസ്സുകളിൽനിന്ന് ഓസുവഴിയാണ് വെള്ള ശേഖരം. സോളാറിന്റെ സഹായത്താൽ രാത്രി കുറച്ച് നേരം പ്രകാശം കിട്ടിയാൽ ഭാഗ്യം...☺

Tags:    
News Summary - Pattiyar bungalow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.