ത്വാഇഫിലെ ‘സമ്മർ 2025 ഇവന്റ് കലണ്ടർ’ പ്രകാശന ചടങ്ങിൽ ടൂറിസംമന്ത്രി അഹ്മദ് അൽഖത്തീബ്, ഗവർണർ അമീർ സഊദ് ബിൻ നഹാർ ബിൻ സഊദ്, ടൂറിസം ഡെപ്യൂട്ടി മന്ത്രി അമീറ ഹൈഫ ബിൻത് മുഹമ്മദ് എന്നിവർ
ത്വാഇഫ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ത്വാഇഫിൽ ഇനി വേനൽക്കാല ഉത്സവങ്ങളുടെ നാളുകൾ. ‘ത്വാഇഫ് സമ്മർ 2025’ ഇവന്റ് കലണ്ടർ പുറത്തിറക്കി. ത്വാഇഫ് സന്ദർശനവേളയിൽ ഗവർണർ ഓഫിസിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ ടൂറിസംമന്ത്രി അഹ്മദ് അൽഖത്തീബും ഗവർണർ അമീർ സഊദ് ബിൻ നഹാർ ബിൻ സഊദും ചേർന്ന് ഇവന്റ് കലണ്ടർ പ്രകാശനം ചെയ്തു. ടൂറിസം ഡെപ്യൂട്ടി മന്ത്രി അമീറ ഹൈഫ ബിൻത് മുഹമ്മദും സന്നിഹിതയായിരുന്നു.
സൗദിയിലെ വേനൽക്കാല വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന വേനൽക്കാല പരിപാടിയുടെയും വിനോദസഞ്ചാര അനുഭവം സമ്പന്നമാക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമാണ് ഈ സന്ദർശനമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ത്വാഇഫ് മേഖലയുടെ വലിയ സാധ്യതകൾ മന്ത്രി സൂചിപ്പിച്ചു.
രാജ്യത്തെ ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള ടൂറിസം സംവിധാനത്തിന്റെ ശ്രമങ്ങളെ ത്വാഇഫ് ഗവർണർ പ്രശംസിച്ചു. നഗരത്തിന്റെ വിശാലമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് മന്ത്രാലയവുമായി സഹകരിക്കാനും ഏകോപിപ്പിക്കാനുമുള്ള ഗവർണറേറ്റിന്റെ സന്നദ്ധത അദ്ദേഹം സ്ഥിരീകരിച്ചു. ടൂറിസം മേഖലയിൽ നിക്ഷേപത്തിനുള്ള വാതിൽ തുറക്കുന്നതിനും ത്വാഇഫ് മേഖലയിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രയോജനപ്പെടുത്തുന്നതിനും ത്വാഇഫിലെ ടൂറിസം മേഖലയുടെ വികസനത്തിന് തടസ്സമാകുന്ന തടസ്സങ്ങൾ മറികടക്കുന്നതിനും സംയുക്ത ശ്രമങ്ങൾ വർധിപ്പിക്കാനുള്ള താൽപര്യവും ഗവർണർ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.