ഒരു നേരത്തെ പശിയടക്കാൻ കരങ്ങളിൽ മുറുകെ പിടിച്ച പാത്രവുമായി ഭക്ഷണ ശാലകൾക്ക് മുന്നിൽ കാത്തിരിക്കുന്ന ഫലസ്തീനികൾ... പോഷകാഹാരക്കുറവ് മൂലം കുഴിഞ്ഞ കണ്ണുകളും തെളിഞ്ഞ വാരിയെല്ലുകളുമായി വിശന്നിട്ട് കരയാൻ പോലുമാകാതെ മരണത്തിലേക്ക് അടുക്കുന്ന മാസങ്ങളോ ദിവസങ്ങളോ മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങൾ....... വറ്റിയ തൊണ്ടക്കുഴി നനക്കാൻ ഒരിറ്റു ദാഹ ജലം മണത്തുകൊണ്ട് നെട്ടോട്ടമോടുന്ന, വട്ടമിട്ടു പറക്കുന്ന പക്ഷി മൃഗാദികൾ... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ കാണുന്ന കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. അതും ഹിറ്റ്ലറിൻ്റെ ജൂത വംശഹത്യയുടെ ഓർമകളെ അനുസ്മരിപ്പിക്കുന്നത്.
തുടർന്നുകൊണ്ടിരിക്കുന്ന ഫലസ്തീൻ നരനായാട്ടിൽ പട്ടിണി ആയുധമാക്കിയിരിക്കുകയാണ് ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കുട്ടികൾ അടക്കം ഏഴു പേർ പട്ടിണി മരണത്തിന് കീഴടങ്ങിയെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തുന്നു. ആകെ134 പേരാണ് വിശപ്പടക്കാനാകാതെ മരണപ്പെട്ടത്. 120 ട്രക്കുകൾ കൂടെ ഇസ്രായേൽ ഗസ്സയിലേക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും അവരുടെ രൂക്ഷമായ ഭക്ഷ്യക്ഷാമം മാറ്റാൻ അതൊന്നും മതിയാവില്ലെന്ന് യു.എൻ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അനുവദിക്കപ്പെട്ട ഭക്ഷ്യ സാധനങ്ങൾ തന്നെ എല്ലാവർക്കും കിട്ടുമെന്ന് പറയാനാവില്ലല്ലോ. അടിയന്തര സഹായങ്ങൾ എത്തിച്ചിട്ടില്ലെങ്കിൽ പട്ടിണിമരണങ്ങൾ ഇനിയും ഉയരുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.
ഗസ്സയിലെ പട്ടിണിയുടെ അതികഠിനമായ അവസ്ഥ അൽ ജസീറ റിപ്പോർട്ടർ "ഹിന്ദ് ഖൗധരി" വിവരിക്കുന്നത് ഇങ്ങനെയാണ്. "കരീം ശലോമിൽനിന്നും സക്കിമിൽ നിന്നും രണ്ട് ട്രക്കുകൾ വരുന്നത് ഞങ്ങൾ കണ്ടു. ഒരു പിടി അന്നത്തിനായി കാത്തിരിക്കുന്ന അവർ ട്രക്കുകൾക്ക് മേൽ ചാടിവീണ് ആവശ്യമുള്ള ഭക്ഷണങ്ങൾ എടുത്തു കൊണ്ടുപോയി. എന്തുകൊണ്ടാണ് തങ്ങളിങ്ങനെ ചെയ്തതെന്ന് അവരോട് ചോദിച്ചപ്പോൾ കിട്ടിയത് മനസ്സ് വേദനിപ്പിക്കുന്ന മറുപടിയാണ്. 'ഭക്ഷണത്തിനായി കാത്തിരിക്കാൻ ഞങ്ങൾക്ക് നേരമില്ല. കുഞ്ഞുങ്ങൾ ദിവസങ്ങളായി വിശന്ന് അവശരായിരിക്കുന്നു. അതുകൊണ്ടാണ് എന്തെന്നില്ലാത്ത ആഹ്ലാദത്തോടെ ചാടിവീണത്'.
ഇസ്രായേലിന്റെ ആക്രമണങ്ങൾക്ക് തീരെ അറുതിയായിട്ടുമില്ല. ദിവസവും 10 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഭക്ഷണം കാത്തിരിക്കുന്ന നിഷ്കളങ്കരായ മനുഷ്യർക്കു നേരെയും സന്നദ്ധ പ്രവർത്തകർക്കു നേരെയും വെടിയുതിർക്കുകയാണ് ഇസ്രായേൽ സൈനികർ. പട്ടിണിയാണെങ്കിൽ എല്ലാ മേഖലകളെയും ബാധിച്ചിരിക്കുമ്പോഴാണ് വീണ്ടും ഇങ്ങനെയൊരു ക്രൗര്യ മനോഭാവം. ലോകരാജ്യങ്ങളെല്ലാം ഇസ്രായേലിൻ്റെ ഈ ആയുധത്തെ വിമർശിക്കുകയും അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്നു. അതിനുള്ള പരിഹാരങ്ങൾ മാത്രം ആരും ചെയ്യുന്നില്ലെന്ന് ഗസ്സ നുസൈറത്തിലെ പ്രമുഖ സ്വതന്ത്ര മാധ്യമ പ്രവർത്തക നൂർ അൽ ഷാന പറയുന്നു.
'ഞങ്ങൾ കൂടെയുണ്ട് എന്ന് നിങ്ങൾ നിരന്തരം പറയുന്നു. വാക്കുകളല്ല ഞങ്ങൾക്ക് വേണ്ടത്. പ്രതിവിധികൾ മാത്രമാണ്. വിശപ്പകറ്റാനായി വരിനിന്ന എൻ്റെ നാലു ബന്ധുക്കളെ അവർ നിഷ്ഠൂരം കൊലപ്പെടുത്തി. ഒരു നേരത്തെ അന്നത്തിന് കൈ നീട്ടാൻ പോലും അവർ അനുവദിക്കുന്നില്ല. മതി! ഞങ്ങൾ ക്ഷീണിതരാണ്. ഞങ്ങൾ മരണത്തിലേക്ക് നടന്നുകൊണ്ടിരിക്കുന്നു.' നൂർ അൽ ഷാനയുടെ കണ്ണീരിൽ കുതിർന്ന വാക്കുകളാണിത്.
ആയിരങ്ങളിലെ ഒരാളുടെ മാത്രം ഭീതിപ്പെടുത്തുന്ന അനുഭവമാണിത്. വിശക്കുന്നുവെന്ന് ഉരിയാടാനാകാതെ മാതാവിൻ്റെ മുഖത്തോട്ട് മാത്രം നോക്കുന്ന പിഞ്ചോമനകളുടെ ശാപങ്ങൾ ഇസ്രായേൽ അനുഭവിക്കാതെ കാലം കടന്നു പോകില്ലെന്ന് തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.