മനുവും കുടുംബവും കൃഷി തോട്ടത്തിൽ

പരിമിതിയോട് പോരാടാൻ പലവഴികൾ തേടിയ മനുവിന് സർക്കാറിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ്

റാന്നി: പരിമിതിയോട് പോരാടാൻ പലവഴികൾ തേടിയ മനുവിന് സംസ്ഥാന സർക്കാറിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് തേടിയെത്തിയതിൽ ആഹ്ലാദം. റാന്നി വെച്ചൂച്ചിറ അരീപ്പറമ്പിൽ വർഗീസ് തോമസ് എന്ന മനുവിന്‍റെ കുടുംബത്തിൽ ആനന്ദത്തിന്‍റെ നിമിഷങ്ങൾ. സംസ്ഥാന സർക്കാറിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡിനൊപ്പം 50,000 രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്.

ജീവിതത്തിലെ വിതത്തിലെ പരിമിതികളോടു പലവിധ കൃഷികളിലൂടെ പൊരുതാനാണ് മനു തീരുമാനിച്ചത്. അതു വിജയിച്ചതിന്റെ സന്തോഷം മനുവിന്റെ ചിരിയിലുണ്ട്. ആറാം വയസ്സിൽ അരയ്ക്കുതാഴേക്കു ചലനശേഷി നഷ്ടപ്പെട്ടു. മുതിർന്നപ്പോൾ ആദ്യം കച്ചവടത്തിലേക്കു തിരിഞ്ഞു. എന്നാൽ, 10 വർഷത്തിലേറെയായി കൃഷിയിടമാണു മനുവിന്റെ ലോകം, സംയോജിത കൃഷിരീതി വിജയമന്ത്രവും.

ആറേക്കറിലേറെയുള്ള തോട്ടത്തിൽ കുരുമുളക്, കാപ്പി, ജാതി എന്നിവയാണു മുഖ്യവിളകൾ. കൊക്കോ, വാഴ, തെങ്ങ്, വിവിധതരം മാവുകൾ, മാങ്കോസ്‌റ്റിൻ, വിവിധതരം പ്ലാവുകൾ, റംബുട്ടാൻ, ഏലം, റബർ, പച്ചക്കറികൾ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. എന്നാൽ, വലിയ വരുമാനമാർഗം കോഴിവളർത്തലാണ്. ഹൈബ്രിഡ് രീതിയിലുള്ള കോഴികളാണ്. പ്രതിമാസം ആയിരത്തി അഞ്ഞൂറോളം ബ്രോയ്‌ലറടക്കം കോഴികളെയാണു മനുവിന്റെ ഫാമിൽ നിന്ന് വിൽക്കുന്നത്. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന നഴ്സറിയും ഫാമിലുണ്ട്.

പശു, ആട്, തേനീച്ച എന്നിവയെ വളർത്തിയും മനു വിജയം കൈവരിച്ചിട്ടുണ്ട്. മാതാപിതാക്കളുടെയും ഭാര്യ മിനിയുടെയും കുട്ടികളായ അനു, മിയാ, എബൽ പൂർണ പിന്തുണയുള്ളതിനാൽ കൃഷിയിടത്തിലേക്കിറങ്ങാൻ ശാരീരിക പരിമിതികൾ തടസ്സമല്ല. 76 വയസ്സുള്ള പിതാവ് എ.വി. തോമസിന്‍റെ (രാജു) സഹായവും ലഭിക്കുന്നുണ്ട്. മുചക്രവാഹനത്തിലാണ് അഞ്ചരക്കേറിലുള്ള കൃഷിയിടങ്ങളിലെത്തുന്നത്. ഇതിനായി പ്രത്യേക വഴിയും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെയടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ മനുവിനു ലഭിച്ചിട്ടുണ്ട്. മൂത്തമകൾ അനു നഴ്സിങ്ങിന് പഠിക്കുന്നു. മിയ പ്ലസ്ടുവിനും മകൻ ഏബൽ ആറിലും.

Tags:    
News Summary - Manu wins kerala government's award for best differently-abled farmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.