മിസ്റ്റർ ഇന്ത്യ ജിം മുഹമ്മദലി തന്‍റെ ജിം പാലസിലെ കൃഷിയിടത്തിൽ
പരപ്പനങ്ങാടി: പരപ്പനങ്ങാടിക്കാരനായി മാറിയ പൊന്നാനിക്കാരൻ മിസ്റ്റർ ഇന്ത്യ ജിം മുഹമ്മദലി, ഇനി പരിസ്ഥിതിയുടെ മസിലുയർത്താൻ മണ്ണിലിറങ്ങുകയാണ്. ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ തുടക്കമിട്ട 'ഓല' പദ്ധതി വഴി തീര ദേശീയരെ കാർഷിക സാമ്പത്തിക ശാക്തീകരണത്തിന് പദ്ധതി തയാറാക്കിയതായും ഇതിനായി രണ്ട് ഏക്കർ ഭൂമി ലീസിനെടുത്തതായും മുഹമ്മദലി പറയുന്നു.
മിസ്റ്റർ പൊന്നാനിയിൽ നിന്ന് മിസ്റ്റർ മലപ്പുറം, മിസ്റ്റർ കേരള, മിസ്റ്റർ ജൂനിയർ ഇന്ത്യ തുടർന്ന് മിസ്റ്റർ ഇന്ത്യയായി ഉയർന്ന മുഹമ്മദലി 1991ൽ സ്പെയിനിൽവച്ച് നടന്ന ലോക ബോഡി ബിൽഡിങ് മത്സരത്തിൽ ആറാമനായി തിരിച്ചു വന്നു. സ്പോർട്സ് കോട്ടയിൽ ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് പരിശോധകനായി എട്ടുവർഷം ജോലി ചെയ്തു.
പിന്നീട് സൗദി സർക്കാറിന്‍റെ അനുമതിയോടെ ജിദ്ദയിൽ ആദ്യ ബോഡി ബിൽഡിങ് വിദ്യാലയത്തിന് തുടക്കമിട്ടു. ബോഡി ബിൽഡിങ് വിദ്യാലയം മാറാരോഗങ്ങൾ സമ്പാദ്യമായി തിരിച്ചെത്തുന്ന മലയാളികളുടെ ജീവിതം മാറ്റിയെഴുതി. അറബികളിൽ പലരുടെയും ശരീരതൂക്കം നേർപകുതിയാക്കി കൈയ്യടി വാങ്ങി. നാട്ടിൽ തിരിച്ചെത്തിയ മുഹമ്മദലിയോടുള്ള ആദരസൂചകമായി പൊന്നാനിയിലെ പ്രാദേശിക ഭരണകൂടം 'ജിം അലി റോഡ്' പണിത് നൽകി.
സ്പെയിനിലേക്കുളള ആഗോള ജിം മത്സരത്തിന് സൗകര്യമൊരുക്കാൻ നാട്ടുകാർ പ്രകടിപ്പിച്ച സ്നേഹം ഇന്നും അലിയുടെ നെഞ്ച് പൊതിഞ്ഞ മസിലിനകത്ത് തിരതല്ലുകയാണ്. അക്കാലത്തെ പൊന്നാനി മജിസ്ട്രേറ്റിന്‍റെയും പൊന്നാനി എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ മൊയ്തീൻകുട്ടിയുടെയും നേതൃത്വത്തിൽ നടന്ന യാത്രക്കാവശ്യമായ സാമ്പത്തിക സമാഹരണത്തിൽ പൊന്നാനി തീരത്തെ മത്സ്യത്തൊഴിലാളികൾ നൽകിയ 50 പൈസ വരെ ഉണ്ടായിരുന്നതായി അലി നന്ദിയോടെ സ്മരിക്കുന്നു.
പൊന്നാനിക് പിറകെ 1993ൽ ഭാര്യയുടെ നാട്ടിൽ പരപ്പനങ്ങാടിയിൽ ബോഡി ബിൽഡിങ് വിദ്യാലയം തുറക്കുകയും ഇവിടെ ജിം പാലസ് തീർത്ത് താമസമാക്കുകയും ചെയ്തു. ആയിരങ്ങൾ ശിഷ്യഗണങ്ങളായി ഉണ്ടെങ്കിലും നിലപാടുതീർത്ത കാർക്കശ്യത്തിൽ ആവശ്യത്തിലേറെ ശത്രുക്കളുമുണ്ട്. മത്സരത്തിന് ഹോർമോൺ ഇഞ്ചക്ഷനെടുക്കുന്നവർ, പ്രോട്ടിൻ പൗഡർ എന്ന പേരിൽ വിഷം തീറ്റിക്കുന്നവർ, ക്വട്ടേഷൻ എടുക്കുന്നവർ, കൂലിത്തല്ലിന് മസിലുയർത്തുന്നവർ തുടങ്ങിയവരെ എല്ലാം ജിമ്മിന്‍റെ ഏഴയലത്ത് പോലും പ്രവേശിപ്പിക്കാതെ വന്നതോടെയാണ് ശത്രുക്കളുടെ എണ്ണം കൂടിവന്നത്.
സന്ദേശം, താളവട്ടം ഉൾപ്പെടെ ഒമ്പത് മലയാള സിനിമകളിൽ സംഘട്ടനവേഷമിട്ട് നായകരിൽ നിന്ന് പൊതിരെ അടിവാങ്ങിയ മുഹമ്മദലിക് മണ്ണിനും മനുഷ്യനും വേണ്ടി ഇനിയുമേറെ ചെയ്യാനുണ്ടെന്ന പദ്ധതിയിലാണ് മസിലുയരുന്നത്. തന്‍റെ വീടിനോട് ചേർന്ന് സ്വകാര്യമായി തുടക്കമിട്ട ആട്-കോഴി-മത്സ്യം വളർത്തൽ, കൃഷി എന്നിവ തീരദേശത്തെ പാവങ്ങളായ മനുഷ്യരിൽ നിന്ന് സാമ്പത്തിക വിഹിതവും വാങ്ങാതെ 'ഓല' എന്ന പേരിൽ ജനകീയവത്കരിക്കാൻ പഞ്ചവത്സര പദ്ധതി തയാറാക്കിയിട്ടുണ്ട്.
ബാങ്കിനോടും പലിശയോടും വായ്പയോടും കടത്തോടും അകന്നു നിൽക്കുന്ന മുഹമ്മദലിക്ക് സ്വന്തം സമ്പാദ്യമേ ഇതിന് ചെലവഴിക്കൂവെന്ന നിർബന്ധ ബുദ്ധിയുണ്ട്. മുഹമ്മദലിയുടെ നവപദ്ധതിക്ക് പൂർണ പിന്തുണയുമായി ജിദ്ദയിലെ എരിടേൺ എംബസി സ്കൂളിലെ അധ്യാപികയായ ഭാര്യ ഫൗസിയ നഹയും രണ്ടു മക്കളും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.