അഹ്മദ് കബീർ
ദുബൈ: നാൽപത് വർഷത്തിലേറെ നീണ്ട പ്രവാസ ജീവിതത്തോട് വിടപറഞ്ഞ് ഒറ്റപ്പാലം കോതകുറുശ്ശി സ്വദേശി അഹ്മദ് കബീർ നാടണയുന്നു. 1980 സെപ്റ്റംബറിലാണ് പഠനത്തിനും ജോലിക്കുമായി അഹ്മദ് കബീർ നാടുവിടുന്നത്. റായാല കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡിൽ ഉന്നത പഠനവും ജോലിയുമായാണ് ഡൽഹിയിലേക്ക് എത്തിയത്. 1985 മുതൽ 1987 വരെ സൗദി അറേബ്യയിലെ റിയാദിൽ ഹ്യുണ്ടായ് എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന്റെ റിയാദ് മെഡിക്കൽ സിറ്റി പ്രോജക്ടിൽ ലേബർ റിലേഷൻ ഓഫിസർ ആയി ജോലിചെയ്തു.
1987 മുതൽ 1993 ഒക്ടോബർ 15 വരെ ആറുവർഷക്കാലം വീണ്ടും ന്യൂഡൽഹിയിലെ പശുപതി അക്രിലോൺ ലിമിറ്റഡിൽ സെക്രട്ടേറിയൽ ഓഫിസർ (കമ്പനി അഫയേഴ്സ്) കോർപറേറ്റ് ഫിനാൻസ്, ഇനീഷ്യൽ ഷെയർ ഇഷ്യൂസ്, റൈറ്റ്സ് ഇഷ്യൂസ്, ബോണസ് ഇഷ്യൂസ്, ഡിബഞ്ചർ ഇഷ്യൂസ് എന്നിവ കൈകാര്യം ചെയ്തു. പിന്നീട് 1993ലാണ് യു.എ.ഇയിലെ യുനൈറ്റഡ് അറബ് ഷിപ്പിങ് കമ്പനി (യു.എ.എസ്.സി)ൽ ജോലിക്ക് കയറുന്നത്. 2000 വരെ അവിടെ തുടർന്നു. ശേഷം 2004 വരെ നാട്ടിലായിരുന്നു.
2004 ആഗസ്റ്റ് 03 മുതൽ 2006 മെയ് 30 വരെ ദുബൈ എയർപോർട്ട് ടെർമിനൽ 3 കൺസൾട്ടന്റ് പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്ന ദാർ അൽ ഹൻഡ്സ കമ്പനിയിൽ ചേർന്നു. ഇവിടെനിന്നാണ് എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനി ലിമിറ്റഡ് (ഇനോക്) ജബൽ അലി ടെർമിനലിലേക്ക് മാറുന്നത്. 2006 ജൂൺ ഒന്ന് മുതൽ 20 വർഷക്കാലം വിവിധ തസ്തികകളിൽ ജോലി ചെയ്തശേഷമാണ് വിരമിക്കുന്നത്. സാമൂഹിക സാംസ്കാരിക രംഗത്തുള്ള സംഭാവനകളിൽ മുദ്ര പതിപ്പിക്കാനും കഴിഞ്ഞു. നോയിഡയിലെ കേരള സ്കൂളിന്റെ സ്ഥാപകനും ട്രഷററും ആയിരുന്നു.
ഫരീദാബാദ്, ഡൽഹി, നോയിഡ എന്നിവിടങ്ങളിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടും സജീവമായി പ്രവർത്തിച്ചിരുന്നു. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നൂറില്പരം ആളുകളെ പലതലത്തിലുമുള്ള ജോലികൾക്കായി ഡൽഹിയിലും സൗദിയിലും ഇമാറാത്തിന്റെ മണ്ണിലും നിസ്വാർഥമായി എത്തിക്കുവാനും സാധിച്ചു.
അവരിൽ പലരും ഇന്ന് ഉന്നതസ്ഥാനത്തും ബിസിനസ് രംഗത്തും ഉൾപ്പെടെ വിജയം കൈവരിച്ചിരിക്കുന്നു. ഭാര്യ ലൈലാ കബീർ കെ.എം.സി.സി ദുബൈ സ്റ്റേറ്റ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗമാണ്. കോവിഡ് 19 കാലഘട്ടത്തിൽ പല സാമൂഹ്യ പ്രവർത്തനങ്ങൾക്കും പ്രത്യേകിച്ചു ആളുകളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്ന സന്നദ്ധ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. മകൻ അഹ്മദ് ഷമീർ യുനൈറ്റഡ് നേഷന്റെ എയ്ഡ്സ് ആൻഡ് റിലീഫിന് വേണ്ടി പ്രവർത്തിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.