മറയൂർ: ആരെയും ആകർഷിക്കുന്ന രീതിയിൽ വിളവെടുപ്പിനൊരുങ്ങുകയാണ് മേഖലയിലെ വെളുത്തുള്ളിപ്പാടങ്ങൾ. ഓണത്തോടനുബന്ധിച്ച് വിളവെടുപ്പിന് പാകമായ 1000 ഏക്കറോളം വെളുത്തുള്ളി കൃഷിയാണിവിടെയുള്ളത്. ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂർ, വട്ടവട മേഖലയിൽ ഓണവിപണി ലക്ഷ്യമിട്ട് ഒട്ടേറെ കൃഷികൾ ചെയ്തിട്ടുണ്ടെങ്കിലും കൂടുതലുള്ളത് വെളുത്തുള്ളിയാണ്. കാന്തല്ലൂർ മേഖലയിൽ പെരുമല, പുത്തൂർ, ഗുഹനാഥപുരം, കുളച്ചിവയൽ, കീഴാന്തൂർ തുടങ്ങിയ ഗ്രാമങ്ങളിലെ കർഷകരാണ് 200ലധികം പാടത്ത് വെളുത്തുള്ളി കൃഷി ചെയ്തിരിക്കുന്നത്.
വട്ടവട പഞ്ചായത്തിലെ വട്ടവട, കോവിലൂർ, കൊട്ടക്കാമ്പൂർ, ചിലന്തിയാർ, ഊർകാട് പ്രദേശങ്ങളിലും രണ്ടുമാസം മുമ്പ് ചെയ്ത കൃഷി നിലവിൽ പരിപാലനത്തിലാണ്. ഇനി ഒരു മാസംകൊണ്ട് പൂർണമായും വിളവെടുക്കാം. മുൻകൂട്ടി കൃഷി ഇറക്കിയവർ ഒരാഴ്ചക്കുള്ളിൽ വിളവെടുപ്പ് തുടങ്ങും. ഓണവിപണിക്കായി ഇറക്കിയ കൃഷി പാകമായി പച്ചപ്പണിഞ്ഞ് നിൽക്കുകയാണ്. കഴിഞ്ഞ സീസണിൽ ഒരു കിലോ വെളുത്തുള്ളിക്ക് 150 മുതൽ 250 രൂപവരെ ലഭിച്ചിരുന്നു. എന്നാൽ, ഈ സീസണിൽ 200 മുതൽ 400 രൂപവരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കേരളത്തിൽ വെളുത്തുള്ളി കൃഷി ചെയ്യുന്ന അപൂർവ പഞ്ചായത്തുകളാണ് കാന്തല്ലൂരും വട്ടവടയും. മറയൂർ മലനടകളിൽ ഭാഗികമായി കൃഷി ചെയ്തുവരുന്നുമുണ്ട്. ഇവിടുത്തെ വെളുത്തുള്ളി സിംഗപ്പൂർ മേട്ടുപ്പാളയം എന്ന് പേരിലാണ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.