കുട്ടമശ്ശേരിയിലെ ഫ്ലവേഴ്സ് കുടുംബശ്രീയുടെ പൂന്തോട്ടത്തിൽ ശ്രീജേഷും ഭാര്യ ശ്രുതിയും മക്കളായ അഷിഖയും അശ്വിനും
കീഴ്മാട്: അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന പൂക്കൾ മലയാളിയുടെ അത്തപ്പൂക്കളത്തിൽ സ്ഥാനം പിടിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ, കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരി, സമീപപ്രദേശക്കാർക്ക് ഇനി പൂക്കളത്തിന് പുറംനാടുകളെ ആശ്രയിക്കേണ്ടതില്ല. നമ്മുടെ ഓണത്തിന് നമ്മുടെ പൂക്കൾ എന്ന ലക്ഷ്യത്തോടെ നിറപ്പൊലിമ എന്ന പേരിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പൂകൃഷികൾ നടന്നുവരുന്നുണ്ട്.
ഇതിന്റെ ഭാഗമായി കീഴ്മാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഫ്ലവേഴ്സ് കുടുംബശ്രീയിലെ പൊൻകതിർ ജെ.എൽ.ജിയുടെ നേതൃത്വത്തിൽ കുട്ടമശ്ശേരി പതിയാട്ട് കലവക്ക് സമീപം 50 സെന്റിലാണ് പൂകൃഷി ചെയ്തിരിക്കുന്നത്. കുട്ടമശ്ശേരിയിലെ യുവകർഷക ദമ്പതികളായ കുട്ടമശ്ശേരി അമ്പലപറമ്പ് കണ്ണ്യാമ്പിള്ളി ശ്രീജേഷും ശ്രുതിയുമാണ് ബന്ദിപ്പൂക്കളും വാടാർമല്ലിയുമടക്കം കൃഷി ചെയ്തിരിക്കുന്നത്.
ആദ്യ വിളവെടുപ്പ് ചൊവ്വാഴ്ച രാവിലെ 10ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു നിർവഹിക്കും. ഇവർ തന്നെ കൃഷി ചെയ്ത് വിളയിച്ച നെല്ല് കുത്തരി, ഉണക്കലരി, അവിൽ എന്നിവയുടെ വിപണന ഉദ്ഘാടനവും നടക്കും. തോട്ടത്തിൽനിന്ന് പറിച്ചെടുക്കുന്ന പൂക്കൾ അവിടെ തന്നെ വിൽപന നടത്തുമെന്ന് യുവ ദമ്പതികൾ പറയുന്നു.
വർഷങ്ങളായി സജീവ കർഷകനായ പിതാവ് മോഹനന്റെ പാത പിൻപറ്റി പ്രവാസജീവിതം ഉപേക്ഷിച്ച് പൂർണമായും കൃഷിയിൽ സജീവമായ കർഷകനാണ് ശ്രീജേഷ്. സജീവ കുടുംബശ്രീ പ്രവർത്തകയായ ശ്രുതിയും കൂടെയുണ്ട്. അച്ഛൻ മോഹന്റെയും അമ്മ കനകയുടെയും കീഴ്മാട് കൃഷിഭവനിലെ ഓഫിസർമാരുടെയും പൂർണ സഹായവും സഹകരണവും ലഭിക്കുന്നു. മക്കളായ അഷിഖയും അശ്വിനും അച്ഛന്റെ സഹായികളായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.