റബർ കുരു ഉൽപാദനം കുറഞ്ഞു; മലയോര മേഖലക്ക് തിരിച്ചടി

കാളികാവ്: ഇടതടവില്ലാതെ മഴ പെയ്തതോടെ ഇക്കുറി റബർ കുരു ഉൽപാദനം കുറഞ്ഞത് മലയോര മേഖലക്ക് തിരിച്ചടിയായി. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇക്കുറി അതിവർഷം ഉണ്ടായതോടെ റബർ കായ പൊട്ടി കുരു ഉണ്ടായില്ല. റബർ മരത്തിലെ മൂപ്പെത്തിയ കായകൾ വെയിലേറ്റാൽ ഉണങ്ങുകയും ഉണങ്ങി ഒരാഴ്ചക്കുള്ളിൽ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യും.

സീസണിൽ റബർ കുരു പെറുക്കി വിറ്റ് പണം സമ്പാദിക്കുന്നവർ അനവധിയാണ്. റബർ മരങ്ങളുടെ കായയിലെ കുരു പൊട്ടൽ കാലമായ ആഗസ്റ്റ് അവസാനം തുടങ്ങി ഒക്ടോബർ മധ്യം വരെയാണ് സീസൺ. സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ മാത്രമേ ഈ വരുമാനം ലഭിക്കുകയുള്ളു. മഴ കൂടിയത് കാരണം കർക്കടക മാസത്തിൽ ഇക്കുറി റബർ കുരു പൊട്ടിയിരുന്നില്ല. മികച്ച കുരു ലഭിക്കുന്ന പുല്ലങ്കോട് ഇക്കുറി കുരു ഉൽപാദനം പേരിന് പോലും ഉണ്ടായില്ല.

സീസൺ കാലമാകുമ്പോഴേക്ക് കുരു മൂക്കുകയും ഉണങ്ങുകയും ചെയ്യും. ഈ മാസം മുഴുവൻ ദിവസവും തുറന്ന വെയിൽ ലഭിക്കാത്തതാണ് കായ ഉണക്കത്തെ ബാധിച്ചത്. ഇക്കാലത്താണ് മരങ്ങളിൽ നിന്ന് കുരു പൊട്ടിവീഴുക. ഇങ്ങനെ തെറിക്കുന്ന കുരു ശേഖരിക്കാൻ സ്ത്രീകളും കുട്ടികളുമടക്കം തോട്ടങ്ങളിൽ കയറും.

ഒരു കിലോക്ക് അമ്പത് മുതൽ നൂറ് രൂപ വരെ ലഭിക്കും. കഴിഞ്ഞവർഷം 140 രൂപ വരെ വിലയെത്തി. 500 മുതൽ 1000 രൂപ വരെ ഓരോരുത്തർക്കും വരുമാനം ലഭിക്കും. ഇങ്ങനെ ശേഖരിക്കുന്ന കുരു വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് കയറ്റിയയക്കുന്നത്. റബർ കൃഷി വ്യാപിപ്പിക്കുന്നതിന് നഴ്സറിയുണ്ടാക്കുന്നതിനാണ് ഈ കുരു ഉപയോഗിക്കുക.

നിലമ്പൂരിൽ നിന്നുള്ള കുരു മുമ്പ് എടുത്തിരുന്നുവെങ്കിലും പിന്നീട് ലഭ്യത കുറഞ്ഞു. അഞ്ചലിൽനിന്നുള്ള കുരു ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോൾ കാര്യമായി കിട്ടുന്നില്ല. കേരളത്തിലെ മറ്റിടങ്ങളിൽനിന്ന് ഗുണനിലവാരമുള്ള കുരു കിട്ടുന്നുമില്ല. ഇതോടെ നിലമ്പൂരിൽ കുരു ശേഖരിച്ചുവെക്കുന്നവരെ തേടി കൂടുതൽ ഏജൻസികൾ എത്തുന്നുണ്ട്. എന്നാൽ ഇക്കുറി സീസൺ തുടങ്ങിയിട്ടും മേഖലയിൽ എവിടെയും വിളവെടുപ്പ് തുടങ്ങിയിട്ടില്ല. വരും ദിവസങ്ങളിൽ മഴ മാറി നിന്നാൽ മാത്രമേ ഇനി ഉൽപാദന സാധ്യതയുള്ളു.

Tags:    
News Summary - Rubber kuru production down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.