ഡോ. ടെനിസൺ ചാക്കോ തന്റെ
തോട്ടത്തിലെ ‘സിന്ദൂർ’ പ്ലാവിനൊപ്പം
തൃശൂർ: കേരളത്തിന്റെ ഔദ്യോഗിക ഫലം ചക്കക്ക് ലോകം ഒരു ദിനം നീക്കിവെക്കുമ്പോൾ, തൃശൂർ കൊടകരയിലെ ആനന്ദപുരം സ്വദേശിയായ ദന്ത ഡോക്ടർ ടെനിസൺ ചാക്കോയ്ക്ക് ഇത് മധുരമുള്ള വിജയത്തിന്റെ ദിനമാണ്. പാരമ്പര്യമായി ലഭിച്ച നാലേക്കർ ഭൂമിയിൽ, ശാസ്ത്രീയമായി പ്ലാവ് കൃഷി ചെയ്ത് ലക്ഷങ്ങൾ വരുമാനം നേടുകയാണ് ഈ കർഷകൻ. മാളയിൽ ദന്തൽ ക്ലിനിക്ക് നടത്തുന്ന ഡോ. ടെനിസൺ, കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ് 2016-ൽ പ്ലാവ് കൃഷിയിലേക്ക് തിരിഞ്ഞത്.
കുറഞ്ഞ പരിചരണം മതിയെന്ന പൊതുധാരണയിൽ തുടങ്ങിയെങ്കിലും, പ്ലാവ് കൃഷിക്ക് അതിന്റേതായ ശ്രദ്ധയും പരിചരണവും വേണമെന്ന് അദ്ദേഹം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. 500 ഓളം പ്ലാവുകളാണ് ഇന്ന് ടെന്നിസന്റെ തോട്ടത്തിലുള്ളത്. ഇതിൽ പലയിനങ്ങളുണ്ടെങ്കിലും തോട്ടത്തിലെ താരം കൊട്ടാരക്കര സദാനന്ദപുരം കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ച ‘സിന്ദൂർ’ എന്ന ഇനമാണ്.
കായ്ക്കാൻ അഞ്ചോ ആറോ വർഷമെടുക്കുമെങ്കിലും, കരുത്തോടെ വളർന്ന് ദീർഘകാലം മികച്ച വിളവ് നൽകാൻ സിന്ദൂരിന് കഴിയുന്നു. കഴിഞ്ഞ വർഷം മൂന്ന് ലക്ഷം രൂപയുടെ ചക്ക വിറ്റ സ്ഥാനത്ത്, ഈ വർഷം സീസൺ പകുതിയായപ്പോൾ തന്നെ ഏഴ് ലക്ഷം രൂപയുടെ കച്ചവടം കഴിഞ്ഞു.
ആഗസ്റ്റിൽ ആരംഭിക്കുന്ന അടുത്ത വിളവെടുപ്പിൽ നിന്ന് ഇത്രയും തന്നെ വരുമാനം അദ്ദേഹം പ്രതീക്ഷിക്കുന്നു. ആകർഷകമായ ചുവന്ന ചുളകളും, മധുരമേറിയ രുചിയും, കുറഞ്ഞ രോഗസാധ്യതയുമാണ് സിന്ദൂറിനെ വിപണിയുടെ പ്രിയങ്കരനാക്കുന്നത്. കയറ്റുമതിക്കാരും പ്രമുഖ സംരംഭകരും ഇന്ന് ടെന്നിസന്റെ തോട്ടത്തിലെ സിന്ദൂർ ചക്ക തേടിയെത്തുന്നു.
ഈ വിജയത്തിന് പിന്നിൽ ചിട്ടയായ പരിചരണരീതികളുണ്ട്. മണ്ണിന്റെ ഘടനയറിഞ്ഞ് അടിവളം നൽകുന്നതിനൊപ്പം, വർഷത്തിൽ മൂന്നുതവണ കുമ്മായം ചേർത്ത് കാത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്നു. ചക്കയുടെ മധുരം കൂട്ടാൻ പൊട്ടാസ്യം അടങ്ങിയ വളങ്ങൾ നൽകുന്നു. പ്ലാവിന് നന വേണ്ടെന്ന പൊതുധാരണയെ തിരുത്തിക്കൊണ്ട്, തുള്ളിനനയിലൂടെ ആവശ്യമായ വെള്ളവും ഹ്യൂമിക് ആസിഡ് പോലുള്ള പോഷകങ്ങളും കൃത്യമായി നൽകുന്നു.
ചക്കയുടെ വില നിശ്ചയിക്കുന്നതിൽ കർഷകന് ഇന്നും വലിയ പങ്കില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോഴും, സിന്ദൂർ പോലുള്ള മികച്ച ഇനങ്ങൾ കൃഷി ചെയ്യുന്നതിലൂടെ മികച്ച വില നേടാനാകുമെന്ന് ഡോ. ടെനിസൺ തെളിയിക്കുന്നു. കൃഷിയെ അഭിനിവേശമായി കാണുന്ന ഈ ഡോക്ടറുടെ വിജയം, കേരളത്തിലെ കാർഷിക മേഖലയ്ക്ക് ഒരു പുതിയ ദിശാബോധം നൽകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.