representational image
മനുഷ്യ- മൃഗ സംഘർഷം ഏറ്റവുമധികം അനുഭവിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ കർഷകരും ആനകളും സ്ഥലത്തിനും ഭക്ഷണത്തിനും വേണ്ടി പോരാടുകയാണ്.അസമിലാണ് മനുഷ്യ കാട്ടാന സംഘർഷം ഏറ്റവും കൂടുതലുളളത്. ഏതാണ്ട് 80ഓളം ആളുകളെ ആനകൾ വർഷാവർഷം കൊലപ്പെടുത്തുന്നു.
അസമിന്റെ കിഴക്കൻ മേഖലയായ ഗോലാഘട്ട് ജില്ലയിലെ നെൽപ്പാടങ്ങളിൽ, ഗർത്തങ്ങളും ആഴം കുറഞ്ഞ കുഴികളും കാണാം. കാട്ടാനകൾ തങ്ങളുടെ ഇഷ്ടപ്പെട്ട ഭക്ഷണമായ നെല്ലിനായി വയലുകളിൽ ചുറ്റിനടന്നത് ഇവിടെയാണ്. ആനക്കൂട്ടം കടന്നുപോയ സ്ഥലങ്ങൾ മുഴുവൻ വൻകുഴികളാണ്. ആനക്കൂട്ടങ്ങളെ ഒഴിച്ചുനിർത്തി കൃഷിചെയ്യാൻ സാധിക്കില്ലെന്നതിനാൽ ഭൂരിഭാഗം കർഷകരും കൃഷിതന്നെ ഉപേക്ഷിച്ച് കൃഷിഭൂമി തരിശിട്ടിരിക്കുകയായിരുന്നു.ഈ വയലുകളിൽ ചിലത് ആനത്താരകൾക്ക് കുറുകെയാണ്.
അസമിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയായ ഹാത്തി ബോന്ദുവിന്റെ പ്രവർത്തകർ, മനുഷ്യ-ആന സഹവർത്തിത്വം പിന്തുടരുന്നതിനായി അസമിലെ ഗോലാഘട്ട് ജില്ലയിലെ കർഷകരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. അതിന്റെ ഫലമായി വനത്തോട് ചേർന്നുള്ള വയലുകളിൽ ചെയ്യുന്ന നെൽകൃഷി ആനകൾക്കു ഭക്ഷണത്തിനുവേണ്ടി വളർത്തി നൽകി. ഇതുമൂലം ബാക്കി ഗ്രാമത്തിലെ നെൽവയലുകളിലേക്കുള്ള ആനക്കൂട്ടങ്ങളുടെ വരവ് ഇല്ലാതെയുമായി. ഈ പ്രവർത്തനങ്ങളുടെ വിജയത്തിൽ കുറഞ്ഞ സമയംകൊണ്ട് കൂടുതൽ വിളവ് ലഭിക്കുന്ന നെൽവിത്തുകളുപയോഗിച്ച് കൃഷിചെയ്യാനുള്ള തയാറെടുപ്പിലാണവർ.കൂടുതൽ ഗ്രാമങ്ങളെ ഈ പദ്ധതിയിലേക്ക് കൊണ്ടുവരാനും ശ്രമിക്കുകയാണ്.
ആനത്താരകൾക്കടുത്ത് ആനകൾക്കായി നെൽകൃഷിചെയ്താൽ കൂടുതൽ സ്ഥലങ്ങളിലേക്കുള്ള ആനസഞ്ചാരം ഇല്ലാതായേക്കുമെന്ന ഹാത്തിബോന്ദു എന്ന സംഘടനയുടെ തീരുമാനത്തെ ശരിവെക്കുന്നതായിരുന്നു പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യനെൽകൃഷി തെളിയിച്ചത്. ആനകൾ വരുന്നതിനാൽ മറ്റു മൃഗശല്യവും ഇവിടെ കുറഞ്ഞു എന്നതും നാട്ടുകാർക്ക് ആശ്വാസവുമായി. നാട്ടുകാരനായ ബോറയുടെ ഭാര്യയും പ്രവർത്തകയുമായ മേഘ്‌ന ഹസാരിക പറയുന്നത്, ആനകളും മനുഷ്യരുമായി സംഘർഷം ഒഴിവാക്കാനും അകലംപാലിക്കാനും സാധിക്കുന്നുണ്ടെന്നും പറഞ്ഞു.
തുരാമുഖ് ഗ്രാമത്തിലെ സ്ത്രീകൾ പറയുന്നതനുസരിച്ച്, ചക്കയും വാഴയും തേടി ആനകൾ വീടുകളുടെ പിന്നാമ്പുറങ്ങളിലെത്തുന്നത് പതിവായിരുന്നു. ആനകൾക്ക് അരി നൽകാൻ ഗ്രാമവാസികളെ സമ്മതിപ്പിക്കുക എന്നത് ഒരു "അതിശയകരമായ ജോലി" ആയിരുന്നുവെന്ന് ഹാത്തി ബോന്ദുവിന്റെ പ്രസിഡന്റ് പ്രദീപ് ഭൂയാൻ പറയുന്നു.
എന്തായാലും ഗ്രാമവാസികളോട് പറഞ്ഞതുപ്രകാരം ഗോലാഘട്ടിൽ വിത്തിറക്കി കൃഷി ആരംഭിക്കുകയും തുടർന്ന് തുരാമുഖിലും കൃഷിയിറക്കി. രാത്രികളിൽ നാട്ടുകാർ കാവലിരുന്നും പടക്കം പൊട്ടിച്ചും ആനകളെ തുരത്തി. 25 ദിവസത്തെ കാത്തിരിപ്പിനിടയിൽ രാത്രികളിൽ നൂറോളം ആനകൾക്കാണ് വിരുന്നൊരുക്കിയത്. തുരാമുഖിലേക്ക് ആനകൾ കടക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ ആന സംരക്ഷണ വിഭാഗം മേധാവി അരിത്ര ക്ഷേത്രി പറയുന്നത്, ആനകൾ 200 വ്യത്യസ്ത ഇനം സസ്യങ്ങൾ വരെ ഭക്ഷിക്കുന്നു എന്നാണ്. എല്ലാ ആനകൾക്കും നെല്ല് പരിചിതമല്ലെങ്കിലും സംഘർഷങ്ങളില്ലാതെ ആകർഷകമായ ഒരു പുതിയ രുചി പരിചയപ്പെടുത്തുമെന്ന് അവർ സമ്മതിക്കുന്നു.ഇതൊരു താൽക്കാലിക സംരക്ഷണവലയം മാത്രമാണെന്നാണ് ഹാത്തി ബോന്ദുവിന്റെ പ്രവർത്തകനായ ബോറ പറയുന്നത്. കാടിനോട് ചേർന്നുളള പ്രദേശങ്ങളിൽ പെട്ടെന്ന് വളരുന്ന പുല്ലുകളും മുളകളും നട്ടുപിടിപ്പിച്ചാൽ ആനകളുടെ വരവിനെ തടയാനാകുമെന്ന് ഇപ്പോൾ ഗ്രാമവാസികളും വിശ്വസിക്കുന്നു.
ഇൗ പരീക്ഷണവിജയത്തിനായി ഹാത്തി ബോന്ദുവിന്റെ പ്രവർത്തകർ കടപ്പെട്ടിരിക്കുന്നത് ഗോലാഘട്ടിലെയും തുരാമുഖിലെയും 60 ഓളം ഗ്രാമവാസികളോടും അവർ വിട്ടുനൽകിയ 128 ഏക്കർ കൃഷിഭൂമിയിൽ വിളയിച്ച നെല്ലിനോടുമാണ്. ഇതൊരു പരീക്ഷണ വിജയം മാത്രമാണ് ആനകളുടെ വംശവർധന ഈ പ്രതിരോധത്തിനും ഭീഷണിയാണെന്നത് വസ്തുതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.