ചെന്നൈ: വന്ദേഭാരത് ട്രെയിനുകൾക്ക് എല്ലാ സ്റ്റേഷനുകളിലും കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ദക്ഷിണ റെയില്‍വേയുടെ എട്ട് ട്രെയിനുകളിലാണ് ഈ പുതിയ ക്രമീകരണം.
കറന്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാൻ സാധിക്കും. നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയ്യാറാക്കി കഴിഞ്ഞാൽ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.
ചെന്നൈ സെൻട്രൽ - വിജയവാഡ വി.ബി എക്സ്പ്രസ്, ചെന്നൈ എഗ്മോർ - നാഗർകോവിൽ വി.ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), കോയമ്പത്തൂർ - ബെംഗളൂരു കന്റോൺമെന്റ് വി.ബി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ - തിരുവനന്തപുരം വി.ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), മംഗളൂരു സെൻട്രൽ - മഡ്ഗാവ് വി.ബി എക്സ്പ്രസ്, മധുര - ബെംഗളൂരു കന്റോൺമെന്റ് വി.ബി എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.
ഓണത്തിനോട് അനുബന്ധിച്ച്, രാജ്യറാണിക്കും കോട്ടയം എക്സ്പ്രസിനും എ.സി കോച്ചുകൾ ഉൾപ്പെടെ രണ്ടു വീതം അധിക കോച്ചുകൾ അനുവദിക്കുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദി അറിയിച്ചു. രാജ്യറാണി എക്സ്പ്രസിന് ഒരു എ.സി ത്രീ ടയര്‍, ഒരു ജനറല്‍ കോച്ചുകളാണ് വര്‍ധിപ്പിക്കുക.
കോട്ടയം എക്സ്പ്രസിന് ഒരു എ.സി കോച്ചും ഒരു നോണ്‍ എ.സി കോച്ചും അധികം അനുവദിക്കും. ഓണത്തിനുമുമ്പായി കോച്ചുകളുടെ വർധനയുണ്ടാവും. കോട്ടയം എക്സ്പ്രസ് കൊല്ലം വരെ നീട്ടും. എറണാകുളത്തുനിന്ന് നിലമ്പൂരിലേക്ക് ട്രയൽ റൺ നടത്തിയ മെമുവും കോയമ്പത്തൂരിൽനിന്നുള്ള മെമുവും നിലമ്പൂരിലേക്ക് നീട്ടുന്നതിന് ചെന്നൈയിൽനിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.
നിലമ്പൂര്‍ റെയില്‍വേ അടിപ്പാത ഓണത്തിനുമുമ്പ് തുറക്കും. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അമൃത് സ്റ്റേഷന് പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കും. മേലാറ്റൂര്‍, കുലുക്കല്ലൂര്‍ ക്രോസിങ് സ്റ്റേഷനുകളുടെ പ്രവൃത്തി ഈ വര്‍ഷം പൂര്‍ത്തീകരിക്കും. അടിപ്പാത പ്രവൃത്തിയുടെ പുരോഗതിയും അദ്ദേഹം നേരിൽകണ്ട് വിലയിരുത്തി.
അടിപ്പാത കഴിഞ്ഞ ദിവസം ഭാഗികമായി തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തുടർപ്രവൃത്തികൾക്ക് തടസ്സമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം മാറ്റിവെക്കേണ്ടിവന്നതെന്ന് അരുൺകുമാർ ചതുർവേദിയുടെ കൂടെയുണ്ടായിരുന്ന കെ-റെയില്‍ ഡെപ്യൂട്ടി മാനേജര്‍ ഹരിദാസന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.