കോവിഡ് സമയത്ത് തബ് ലീഗ് ജമാഅത്ത് പ്രവർത്തകർ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന് കാരണക്കാരെന്ന് ആരോപിച്ച് കടുത്ത വിമർശനങ്ങൾക്കും പരിഹാസത്തിനും ഇരയായവരാണ് അന്താരാഷ്ട്ര മുസ്‍ലിം മിഷനറി വിഭാഗമായ തബ് ലീഗ് ജമാഅത്തും പ്രവർത്തകരും. വിദേശ പൗരന്മാരെ വിവിധ പള്ളികളിൽ പാർപ്പിച്ചുവെന്ന് ചാന്ദ്നി മഹൽ പൊലീസ് സ്റ്റേഷനിലെ 16 എഫ്.ഐ.ആറുകളിലായി 70 ഇന്ത്യൻ പൗരന്മാർക്കെതിരായ കുറ്റപത്രമാണ് വ്യാഴാഴ്ച ഡൽഹി ഹൈകോടതി റദ്ദാക്കിയത്.
2020 മാർച്ചിൽ ഡൽഹിയിലെ നിസാമുദ്ദീൻ മർകസിലാണ് തബ് ലീഗ് ജമാഅത്തിന്റെ സമ്മേളനം നടന്നത്. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശികൾ ഉൾപ്പെടെയുള്ളവരെ താമസിപ്പിച്ചത് മർകസിലായിരുന്നു. കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പൊടുന്നനെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശികളടക്കമുള്ളവർ മടങ്ങിപ്പോകാൻ സാധിക്കാതെ നിസാമുദ്ദീനിലെ മർകസിൽ കുടുങ്ങുകയായിരുന്നു.
ഇതിനിടെ, സമ്മേളത്തിൽ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുസ് ലിംകള്‍ക്കെതിരെ രാജ്യത്ത് വ്യാപക പ്രചാരണം തുടങ്ങി. സമൂഹ മാധ്യമങ്ങൾ വഴി 'തബ്ലീഗ് വൈറസ്' എന്ന ഹാഷ്ടാഗുകളിലൂടെ സംഘ്പരിവാർ അനുകൂല കേന്ദ്രങ്ങളിൽ നിന്നും വെറുപ്പും വിദ്വേഷവും നിറഞ്ഞ പ്രചരണങ്ങൾ നടന്നു. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാൻ കാരണം തബ് ലീഗ് ജമാഅത്താണെന്ന ആരോപണവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തു.
തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെയും മുസ്ലിംകളെയും അധിക്ഷേപിക്കുന്ന ഉത്തർപ്രദേശിലെ വനിത ഡോക്ടറുടെ വിഡിയോ 2020 ജൂണിൽ പുറത്തുവന്നിരുന്നു. തബ്ലീഗ് പ്രവർത്തകരെ തീവ്രവാദികളെന്ന് വിശേഷിപ്പിക്കുകയും ആശുപത്രികളിലേക്കല്ല പകരം അവരെ ജയിലിൽ അടക്കണമെന്നും കാൺപൂരിലെ ഗുണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ആരതി ലാൽചന്ദനി വിഡിയോയിൽ ആവശ്യപ്പെട്ടത്. കോവിഡ് ബാധിതനായ തബ്ലീഗ് പ്രവർത്തകൻ ഡോക്ടറുടെ മേൽതുപ്പിയെന്നും ബിരിയാണി ആവശ്യപ്പെട്ടുവെന്നും വരെ ഡോക്ടർ ആരോപിച്ചു.
ഡോ. ആരതി ലാൽചന്ദനി
ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന് കാരണം തബ്‌ലീഗ് ജമാഅത്തെന്ന തെറ്റായ വിവരങ്ങൾ എം.ബി.ബി.എസ് വിദ്യാർഥികൾക്ക് വേണ്ടി പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഉൾപ്പെടുത്തി. എം.ബി.ബി.എസ് വിദ്യാർഥികൾക്ക് വേണ്ടി ന്യൂഡൽഹി ആസ്ഥാനമായ ജെയ്പി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'Essentials of medical MicroBiology' എന്ന പുസ്തകത്തിലാണ് അപകീർത്തികരമായ പരാമർശങ്ങൾ ഉണ്ടായിരുന്നത്.
സംഭവം വിവാദമാവുകയും സ്റ്റുഡൻസ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്.ഐ.ഒ) മഹാരാഷ്ട്ര സംസ്ഥാന ഘടകം നടത്തിയ ഇടപെടലിനെയും തുടർന്നാണ് പുസ്തകത്തിൽ നിന്ന് തെറ്റായ ഭാഗങ്ങൾ നീക്കിയത്. തുടർന്ന് 2021 മാർച്ചിൽ പ്രമുഖ വൈദ്യശാസ്ത്ര രചയിതാക്കളായ ഡോ. അപുർബ എസ്. ശാസ്ത്രി, ഡോ. സന്ധ്യ ഭട്ട് എന്നിവർ ചേർന്ന് രചിച്ച പുസ്തകത്തിന്റെ പുതിയ പതിപ്പിൽ നിന്ന് പ്രസ്തുത ഭാഗങ്ങൾ നീക്കുകയും പ്രസാധകർ മാപ്പുപറയുകയും ചെയ്തു.
കോവിഡ് വ്യാപനത്തിന് കാരണക്കാരെന്ന വ്യാപക ആരോപണത്തിന് പിന്നാലെ തബ്‍ലീഗ് ജമാഅത്ത് സമ്മേളനത്തിന്‍റെ സംഘാടകർക്കും സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾക്കും എതിരെ ഡൽഹി പൊലീസ് കേസെടുത്തു. സമ്മേളനത്തിൽ പങ്കെടുത്ത് അടിയന്തര നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് 950ലധികം വിദേശ പൗരന്മാരെയും സർക്കാർ കരിമ്പട്ടികയിൽ പെടുത്തി.
2020 മാർച്ച് 24 നും 2020 മാർച്ച് 30നും ഇടയിൽ വിദേശ പൗരന്മാരെ വിവിധ പള്ളികളിൽ പാർപ്പിച്ചുവെന്ന് ആരോപിച്ച് 16 എഫ്.ഐ.ആറുകളിലായി പേരുള്ള 70 പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയിരുന്നു. എഫ്.ഐ.ആറുകളിൽ വിദേശ പൗരന്മാരുടെയും പേരുകൾ ഉണ്ടായിരുന്നുവെങ്കിലും മിക്ക കുറ്റപത്രങ്ങളിലും അവരെ പ്രതികളായി ഉൾപ്പെടുത്തിയിരുന്നില്ല.
വിവാദ പരാമർശം ഉൾപ്പെട്ട എം.ബി.ബി.എസ് വിദ്യാർഥികൾക്കായി വേണ്ടി തയാറാക്കിയ പുസ്തകം
1897ലെ പകർച്ചവ്യാധി രോഗ നിയമത്തിലെ സെക്ഷൻ 3, ഐ.പി.സി സെക്ഷൻ 188, 269, 270, 271,120-ബി എന്നിവയും 2005ലെ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകളും ചേർത്ത് ഏഴ് ഇന്ത്യക്കാർക്കെതിരെ ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് ക്രൈംബ്രാഞ്ച് 1946ലെ വിദേശി നിയമത്തിലെ സെക്ഷൻ 14 (ബി) പ്രകാരം 955 വിദേശ പൗരന്മാർക്കെതിരെ 48 കുറ്റപത്രങ്ങളും 11 അനുബന്ധ കുറ്റപത്രങ്ങളും ഫയൽ ചെയ്തു.
അതിൽ 911പേർ മജിസ്ട്രേറ്റ് കോടതി നടപടികളിൽ പങ്കെടുത്തു. പിന്നീട്, സമാനമായ കുറ്റങ്ങൾക്ക് ഡൽഹിയിലുടനീളം ചാന്ദ്നി മഹൽ പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ 28 മറ്റ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ചാന്ദ്നി മഹൽ പൊലീസ് സ്റ്റേഷനിലെ എഫ്.ഐ.ആറിലെ ഇന്ത്യൻ പൗരന്മാർക്കെതിരായ കുറ്റപത്രമാണ് തുറന്ന കോടതിയിൽ ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.