ബംഗളൂരു: അന്തരിച്ച നടി ബി. സരോജ ദേവിക്ക് അനുശോചനം അറിയിച്ച പോസ്റ്റില്‍ സിദ്ധരാമയ്യയെ 'കൊന്ന്' മെറ്റ. പിന്നാലെ മെറ്റക്കെതിരെ രൂക്ഷ വിമർശനവുമായി സിദ്ധരാമയ്യ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച അനുശോചനക്കുറിപ്പിലാണ് ഈ തെറ്റ് സംഭവിച്ചത്.
സരോജ ദേവിക്ക് കന്നഡ ഭാഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അനുശോചന പോസ്റ്റിട്ടത്. എന്നാല്‍ മെറ്റയുടെ ഓട്ടോ ട്രാന്‍സ്ലേഷന്‍ ഫീച്ചറിലൂടെ തര്‍ജമ ചെയ്ത് വന്നപ്പോൾ മരിച്ചത് സിദ്ധരാമയ്യയും അനുശോചനമറിയിച്ചത് സരോജ ദേവിയും ആയി മാറി.
വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നതിനാല്‍ കന്നഡ ഭാഷാവിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കൃത്യത ഉറപ്പാക്കുന്നതുവരെ ഓട്ടോ ട്രാന്‍സലേഷന്‍ നിര്‍ത്തിവെക്കണമെന്നും ഔദ്യോഗികമായി ഉപയോഗിക്കുമ്പോള്‍ ഗുരുതരമായ തെറ്റുകളാണ് വരുത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
ആളുകള്‍ തെറ്റിദ്ധരിക്കപ്പെടുമെന്നും തങ്ങള്‍ കാണുന്നത് തര്‍ജമ ചെയ്യപ്പെട്ടതാണെന്ന് പലപ്പോഴും ജനങ്ങള്‍ക്ക് മനസ്സിലാകണമെന്നില്ലന്നും മെറ്റ ടീമിനയച്ച ഔദ്യോഗിക മെയിലിൽ പറയുന്നു.
സംഭവം വിവാദമായതിന് പിന്നാലെ മെറ്റ പോസ്റ്റ് തിരുത്തി. തെറ്റായ കന്നഡ വിവർത്തനത്തിന് പിന്നിലെ പ്രശ്നം പരിഹരിച്ചു. ഇങ്ങനെ സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നു എന്ന് മെറ്റ ടീം ഫേയ്സ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.