റാഞ്ചി: മുതിർന്ന കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുൻമുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗേലിന്റെ മകൻ ചൈതന്യ ഭാഗേലിനെ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്(ഇ.ഡി). ചൈതന്യയുടെ ജൻമദിനത്തിലാണ് ഇ.ഡി അറസ്റ്റ് ചെയ്യാനെത്തിയത്. ഭൂപേഷ് ഭാഗേലിന്റെ റായ്പൂരിലെ ഭിലായിലെ വസതിയില്‍ നടന്ന പരിശോധനക്ക് പിന്നാലെയായിരുന്നു അറസ്റ്റ്.
മദ്യനയ കേസിൽ ലഭിച്ച പുതിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് ഇ.ഡി അറിയിച്ചത്. ഭൂപേഷ് ഭാഗേൽ മുഖ്യമന്ത്രിയായിരുന്ന 2019-2022 കാലത്ത് 2,160 കോടിയുടെ അഴിമതി നടന്നുവെന്നും അതിൽ ചൈതന്യ സാമ്പത്തിക നേട്ടമുണ്ടാക്കി എന്നുമാണ് ഇ.ഡിയുടെ ആരോപണം. തംനാറിൽ അദാനിക്ക് വേണ്ടി മരം മുറിക്കുന്ന വിഷയം ഉന്നയിക്കാനിരുന്നതാണെന്നും അതിനു മുമ്പാണ് അറസ്റ്റ് നടന്നതെന്നും ഭൂപേഷ് ഭാഗേൽ പ്രതികരിച്ചു.
''ഇ.ഡി എത്തി. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമാണ്. തംനാറില്‍ അദാനിക്ക് വേണ്ടി മരം മുറി നടക്കുന്ന വിഷയം ഉന്നയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ 'സാഹേബ്' വസതിയിലേക്ക് ഇ.ഡിയെ വിട്ടു'- എന്നാണ് ഭൂപേഷ് ഭാഗേല്‍ എക്‌സില്‍ കുറിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വേട്ടയാടാൻ ഉപയോഗിക്കുകയാണ് കേന്ദ്രം എന്നും ഭാഗേൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
''തങ്ങളുടെ യജനമാനൻമാരെ പ്രീതിപ്പെടുത്താനായി മോദിയും അമിത് ഷായും ഇ.ഡിയെ എന്റെ വീട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഈ നീക്കത്തിൽ ഞങ്ങൾ ഭയപ്പെടില്ല. ഭൂപേഷ് ഭാഗേലിനെ ഭയപ്പെടുതതാൻ സാധിക്കില്ല. സത്യത്തിനായുള്ള പോരാട്ടം തുടരും. ബിഹാറിൽ തെരഞ്ഞെടുപ്പ് കമീഷന്റെ സഹായത്തോടെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയാണ്. മറ്റിടങ്ങളിൽ ഇ.ഡി, സി.ബി.ഐ, ഐ.ടി വകുപ്പുകളെ പ്രതിപക്ഷ നേതാക്കളെ അടിച്ചമർത്താനുള്ള ആയുധമാക്കുകയാണ്. എന്നാൽ രാജ്യത്തെ ജനങ്ങൾക്ക് എല്ലാം മനസിലാക്കാനുള്ള കഴിവുണ്ട്'-ഭാഘേൽ പറഞ്ഞു. ലോകത്തെ ഒരു ജനാധിപത്യ രാജ്യത്തും ജൻമദിനത്തിൽ മോദിയും അമിത് ഷായും നൽകിയതുപോലുള്ള സമ്മാനം കൊടുക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇതേ കേസുമായി ബന്ധപ്പെട്ട് മുമ്പ് ഭൂപേഷ് ബാഗേലിന്റെയും അനുയായികളുടെയും വീടുകളിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇ.ഡി റെയ്ഡിന് പിന്നാലെയാണ് സി.ബി.ഐയും എത്തിയത്.
''നരേന്ദ്രമോദി സ്വന്തം വളർത്തുമൃഗങ്ങളെ പോലെയാണ് ഇ.ഡിയെയും സി.ബി.ഐയെയും ഐ.ടിയെയും കണക്കാക്കിയിരിക്കുന്നത്. അഴിമതിയെ കുറിച്ച് ഏത് നേതാവ് സംസാരിച്ചാലും അവരുടെ വീടുകളിൽ റെയ്ഡ് നടക്കും. അദാനിയുടെ മരംമുറി വിഷയം നിയമസഭയിൽ ഉന്നയിക്കാനിരുന്നതായിരുന്നു ഭൂപേഷ് ഭാഗേൽ. എന്നാൽ അതിനു മുമ്പ് തന്നെ ഇ.ഡിയെ അയച്ചു. എല്ലാകാലത്തും കോൺഗ്രസിനെയും അതിന്റെ നേതാക്കളെയും ഈ രീതിയിൽ ഭയപ്പെടുത്താമെന്ന് മോദി കരുതേണ്ട. നിങ്ങളുടെ അഴിമതികൾ ഞങ്ങൾ വെളിച്ചത്തു കൊണ്ടുവരിക തന്നെ ചെയ്യും'-കോൺഗ്രസ് എക്സിൽ കുറിച്ചു.
2024 ൽ ആദായനികുതി വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി ഭൂപേഷ് ഭാഗേലിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ഇ.ഡി പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എഫ്.ഐ.ആറിൽ മുൻ എക്സൈസ് മന്ത്രി കവാസി ലാഖ്മയടക്കം 70 പേരും കമ്പനികളും ഉൾപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.