ദേശീയ ജനറൽ സെക്രട്ടറി അഡ്വ. അനീസ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ഒ നേതാക്കൾ രാജസ്ഥാനിലെ സിക്കാറിൽ നിന്നുള്ള എം.പി അംറ റാമിന് നിവേദനം കൈമാറുന്നു
ന്യൂഡൽഹി: മൗലാന ആസാദ് നാഷനൽ ഫെല്ലോഷിപ്പ്, ഒ.ബി.സി, എസ്.സി, എസ്.ടി നോൺ-നെറ്റ് ഫെലോഷിപ്പ് തുടങ്ങിയവയുടെ വിതരണത്തിലെ കാലതാമസം, വിവിധ സ്‌കോളർഷിപ്പുകൾ, നിർത്തലാക്കിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർലമെന്റിന്റെ അടിയന്തര ഇടപെടൽ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ വിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാന കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ പാർലമെന്റ് അംഗങ്ങൾക്ക് നിവേദനം കൈമാറി.
കാലതാമസത്തിനുള്ള നഷ്ടപരിഹാരം ഉൾപ്പെടെ എല്ലാ ഫെല്ലോഷിപ്പുകളും ഉടൻ വിതരണം ചെയ്യണമെന്നും പ്രീ-മെട്രിക് ന്യൂനപക്ഷ പദ്ധതികൾ തുടങ്ങിയവ പുനഃസ്ഥാപിക്കണമെന്നും സ്കോളർഷിപ്പുകൾക്ക് ബജറ്റ് വെട്ടിക്കുറച്ചതടക്കം തിരുത്തണമെന്നും ഫെല്ലോഷിപ്പ് അവാർഡുകളിൽ സുതാര്യത പുനഃസ്ഥാപിച്ചുകൊണ്ട് മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള നാഷനൽ ഫെല്ലോഷിപ്പ് സെലക്ഷൻ ലിസ്റ്റ് സമയബന്ധിതമായി പ്രസിദ്ധീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
രാജസ്ഥാനിൽ നിന്നുള്ള പാർലമന്റ് അംഗം അമ്ര റാം, ആന്ധ്രാപ്രദേശിൽ നിന്നുള്ള കെശിനേനി ചിന്നി, തെലങ്കാന എം.പി വംശി കൃഷ്ണ ഗദ്ദാം, കേരള എം.പിമാരായ ഹൈബി ഈഡൻ, ഇടി മുഹമ്മദ് ബഷീർ, എം.കെ രാഘവൻ, രാജ്യസഭ അംഗം അഡ്വ. ഹാരിസ് ബീരാൻ, തമിഴ്നാട് എം.പി ദുരൈ വൈകോ, പശ്ചിമ ബംഗാളിൽ നിന്നുള്ള ഖലീലുർ റഹ്മാൻ, കർണാടക എം.പി ജി കുമാർ നായിക്, ബിഹാറിൽ നിന്നുള്ള മുഹമ്മദ് ജാവേദ് തുടങ്ങിയവർക്ക് നിവോദനം നൽകി.
ന്യൂനപക്ഷ, ഒ.ബി.സി, എസ്.സി, എസ്.ടി വിദ്യാർഥികൾക്കുള്ള ഫെല്ലോഷിപ്പുകളുടെ കൃത്യമായ വിതരണത്തിനു വേണ്ടിയും സ്കോളർഷിപ്പുകൾ അന്യായമായി റദ്ദ് ചെയ്യുന്നതിനെതിരെയും ശക്തമായ പ്രതിഷേധങ്ങളുമായി മുൻ നിരയിലുണ്ടാകുമെന്ന് എസ്.ഐ.ഒ ദേശീയ നേതൃത്വം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.